10 വര്‍ഷമായി മതം നോക്കാതെ പ്രണയം; കുടുംബങ്ങള്‍ എതിര്‍ത്തതോടെ ജാര്‍ഖണ്ഡില്‍ ലൗജിഹാദ് ആരോപണവും വേട്ടയാടലുകളും സംഘര്‍ഷവും; ഒടുവില്‍ അഭയം തേടി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തിയ മുഹമ്മദിനും ആശയ്ക്കും പ്രണയസാഫല്യമായി വിവാഹം; ഇതാണ് റിയല്‍ കേരള സ്റ്റോറി എന്ന് സോഷ്യല്‍ മീഡിയ
ഇതാണ് റിയല്‍ കേരള സ്റ്റോറി
ആലപ്പുഴ: ഒരു വശത്ത് ജീവിതത്തില്‍ പ്രകാശം പരത്തി പ്രണയം. മറുവശത്ത് പിന്തിരിപ്പിക്കാന്‍ മതത്തിന്റെ ചരടുകള്‍. വ്യത്യസ്ത മതത്തില്‍ പെട്ടവരായതിന്റെ പേരില്‍, സംഘടിതമായ വേട്ടയാടലുകള്‍, ലൗജിഹാദ് ആരോപണം. ജാര്‍ഖണ്ഡ് സ്വദേശികളായ മുപ്പതുകാരനായ മുഹമ്മദ് ഗാലിബിനും 27 കാരിയായ ആശ ശര്‍മ്മയ്്ക്കും മുന്നില്‍ പതിയെ വഴികള്‍ അടയുകയായിരുന്നു. തങ്ങളുടെ 10 വര്‍ഷത്തെ പ്രണയം പളുങ്കുപാത്രം പോലെ വീണുടയുമെന്ന് അവര്‍ ഭയപ്പെട്ടു. അന്യമതസ്ഥരായ യുവാവും, യുവതിയും തമ്മില്‍ പ്രണയിക്കുന്നതിന്റെ പേരില്‍, നാട്ടില്‍ വലിയ ബഹളം, സംഘര്‍ഷം. ആശയ്ക്ക് ഇഷ്ടമില്ലാത്ത വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെ, ഗത്യന്തരമില്ലാതെ ഇരുവരും നാടുവിട്ടു. ഒടുവില്‍ ജാര്‍ഖണ്ഡിലെ ചിത്തര്‍പൂര്‍ ഗ്രാമവാസികള്‍ എത്തിച്ചേര്‍ന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലും. മുഹമ്മദ് ഗാലിബും ആശ ശര്‍മ്മയും കഴിഞ്ഞ 11 ന് കായംകുളത്ത് വച്ച് വിവാഹിതരായി.
കേരളത്തിലും ബന്ധുക്കള്‍ എത്തി ഭീഷണിയും പ്രലോഭനവും തുടര്‍ന്നു. എങ്കിലും ഇരുവരെയും വേര്‍പ്പെടുത്താനായില്ല. ഫെബ്രുവരി ഒമ്പതിനാണ് ആശയും ഗാലിബും കേരളത്തില്‍ എത്തിയത്. ഫെബ്രുവരി 11ന് വിവാഹിതരായി. ഗള്‍ഫില്‍ ആയിരുന്ന മുഹമ്മദ് ഗാലിബ് കായംകുളം സ്വദേശിയായ സുഹൃത്തിനോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ എത്തി. ഇരുവരുടെയും സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. കായംകുളം പൊലീസ് ഇരുവര്‍ക്കും സംരക്ഷണം നല്‍കുകയും ചെയ്തു.
മുഹമ്മദ് ഗാലിബ് യു.എ.ഇയില്‍ എന്‍ജിനിയറാണ്. 45 കാരനുമായി വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെ താന്‍ ഇറങ്ങിപ്പോരുകയായിരുന്നു എന്നാണ് പൊലീസിന് ആശ നല്‍കിയ മൊഴി. വിവാഹം നടത്തിയതിന് തൊട്ടുപിന്നാലെ തന്നെ ആശയുടെ കുടുംബം ജാര്‍ഖണ്ഡ് പൊലീസിനെയും കൂട്ടി യുവതിയെ തേടിയെത്തിയിരുന്നു.
ആശയെ ജാര്‍ഖണ്ഡിലേക്ക് തിരികെ കൊണ്ടുപോകണമെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം. എന്നാല്‍ ഇരുവര്‍ക്കും പ്രായപൂര്‍ത്തി ആയതിനാല്‍ അഭിഭാഷക മുഖേന സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പി, എസ്.പി എന്നിവര്‍ക്ക് മെയില്‍ അയച്ചിരുന്നു. അവധി കഴിയുമ്പോള്‍ മുഹമ്മദ് ഗാലീബിന് വിദേശത്തേക്ക് പോകണം. അതിനുള്ളില്‍ ബി കോം ബിരുദധാരിയായ ആശയ്ക്ക് കേരളത്തില്‍ ജോലി തരപ്പെടുത്താനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. സുഹൃത്തുക്കളുടെ വീടുകളില്‍ മാറിമാറിയാണ് ഇപ്പോള്‍ ഇരുവരും താമസിക്കുന്നത്.
അതേസമയം, കള്ളക്കേസെടുത്ത് ആശയെ മാത്രമായി നാട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ കേരളത്തില്‍ തുടരുകയാണ് ജാര്‍ഖണ്ഡ് പൊലീസ്. കള്ളക്കേസിന് ഇട്ട എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്തുവന്നു. കേരളാ പൊലീസ് നിയമതടസം അറിയിച്ചിട്ടും രാജ്‌റപ്പ പൊലീസ് കായംകുളത്ത് തുടരുകയാണ്. ഗാലിബിനും ആശയ്ക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ആശയുടെയും ഗാലിബിന്റെയും റിട്ട് ഹര്‍ജി ഹൈക്കോടതിയിലാണ്.സംസ്ഥാന പൊലീസ് മേധവി , ആലപ്പുഴ എസ് പി, കായംകുളം സ്റ്റേഷന്‍ എസ്എച്ച്ഒ എന്നിവരാണ് എതിര്‍ കക്ഷികള്‍. ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഭരണഘടനപരമായ സംരക്ഷണം സ്ഥാപിച്ചുകിട്ടണമെന്ന് ആവശ്യം
എതിര്‍പ്പുകള്‍ മറികടന്ന് വിവാഹം
മതം പ്രണയത്തിന് തടസ്സമായപ്പോള്‍ ബന്ധുക്കള്‍ ഒന്നടങ്കം എതിര്‍പ്പുമായി രംഗത്തെത്തി. 45 വയസോളം പ്രായമുള്ളയാളെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ പിതാവ് തീരുമാനിച്ചപ്പോഴാണ് വിദേശത്തുള്ള മുഹമ്മദിനെ വിവരം അറിയിച്ചത്. നാട്ടില്‍ എത്തിയെന്ന് അറിഞ്ഞപ്പോള്‍ മുഹമ്മദിനെ കാണാന്‍ രാംഖഡ് എന്ന സ്ഥലത്തേക്ക് ആശ പോയി. അപ്പോഴേക്കും ലവ് ജിഹാദ് എന്നപേരില്‍ നാട്ടില്‍ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.
വിവാഹം കഴിഞ്ഞെങ്കിലും, നാട്ടില്‍ സംഘര്‍ഷം രൂക്ഷമായതോടെ ഗാലിബിന്റെ രക്ഷകര്‍ത്താക്കളെ ജാര്‍ഖണ്ഡ് രാജ്‌റപ്പ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ കേരളത്തിലുള്ള ലൊക്കേഷന്‍ ഗാലിബിന് അയച്ചുകൊടുക്കേണ്ടതായി വന്നു. നല്‍കിയത് കായംകുളം പൊലീസ് സ്റ്റേഷന്റെ ലൊക്കേഷനായിരുന്നു. ജാര്‍ഖണ്ഡ് പൊലീസും ആശയുടെ സഹോദരി അല്‍ക, ശേഖര്‍ പടവ എന്നിവര്‍ 14 ന് ഇവിടെ എത്തി. ഇവര്‍ ആശയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടു. കായംകുളം പൊലീസും അഭിഭാഷകയും സുഹൃത്തുമായ ഗയ എസ് ലതയും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു ജീവിക്കാന്‍ എത്തിയ ഇവരെ വിട്ടുനല്‍കാനാകില്ലെന്ന് നിലപാട് എടുത്തതോടെ ബന്ധുക്കളും പൊലീസും 15 ന് മടങ്ങി. പിന്നീട് മുഹമ്മദ് ഗാലിബിനെതിരെ കിഡ്‌നാപ്പിംഗ് കേസ് രജിസ്റ്റര്‍ ചെയ്താണവര്‍ ഇന്നലെ വിണ്ടും എത്തിയത്.
പെണ്‍കുട്ടി വിവാഹ ബന്ധത്തില്‍ ഉറച്ചുനിന്നതോടെ വിണ്ടും രാജ്റപ്പ പൊലീസ് പ്രതിസന്ധിയിലായി. പ്രായപൂര്‍ത്തി ആയവരും വിവാഹിതരും ആയവരെ വിട്ടുനല്‍കാന്‍ ആവില്ലെന്ന് ജില്ലാപൊലീസ് മേധാവി മോഹനചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം കായംകുളം പൊലീസ് വിണ്ടും നിലപാടെടുത്തു. കേരള പൊലീസ് നിലപാട് വ്യക്തമാക്കിയതോടെ ചിത്തര്‍പൂറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടി കായംകുളത്തുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായെന്നും പ്രതിഷേധക്കാരെ അറിയിച്ചു. ഈ സാഹചര്യത്തില്‍ നാട്ടില്‍ എത്തിയാല്‍ ജീവന്‍ പോലും നഷ്ടപ്പെടുമെന്നാണ് മുഹമ്മദ് ഗാലിബിന്റെയും ആശയുടെയും ഭയം. ഗാലിബ് വിദേശത്തേക്ക് പോകുമ്പോള്‍ ആശയ്ക്ക് കേരളത്തില്‍ ജോലി തരപ്പെടുത്തുകയും, പിന്നീട് വിദേശത്തേക്ക് കൂട്ടുകയും ചെയ്യാനാണ് ആലോചന.