തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ ആവേശത്തോടെ ജനവിധി; പോളിങ് 70 ശതമാനം കടന്നു; ഏറ്റവും കൂടുതല്‍ എറണാകുളത്ത്; കിഴക്കമ്പലത്ത് സാബു എം ജേക്കബിനെ ഒന്നിച്ച് തടഞ്ഞ് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍; മാധ്യമങ്ങള്‍ക്ക് നേരേ കയ്യേറ്റം; വഞ്ചിയൂരില്‍ കള്ളവോട്ട് വിവാദം; തിരുവല്ലയില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ ചവിട്ടി വീഴ്ത്തി; രണ്ടാം ഘട്ടം പ്രചാരണത്തിന് കൊട്ടിക്കലാശം

തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ ആവേശത്തോടെ ജനവിധി

Update: 2025-12-09 14:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും പോളിംഗ് 70 ശതമാനം കടന്നു. 6.30നുള്ള കണക്ക് പ്രകാരം 70.28 ശതമാനമാണ് പോളിങ്. 92.30 ലക്ഷം പേരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍, കള്ളവോട്ട് ആരോപണങ്ങളും, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങളും, തെരുവുയുദ്ധങ്ങളും ചേര്‍ന്ന് സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഏഴ് ജില്ലകളിലും പോളിംഗ് 70% കടന്നു എന്നുള്ളത് ശ്രദ്ധേയമാണ്. എന്നാല്‍ നഗരപ്രദേശങ്ങളില്‍ പോളിംഗ് കുറവാണ് രേഖപ്പെടുത്തിയത്.

ജില്ല/മേഖല പോളിങ് ശതമാനം

എറണാകുളം 73.96% (ഏറ്റവും കൂടുതല്‍)

ആലപ്പുഴ 73.32%

തിരുവനന്തപുരം 66.53%

കൊല്ലം- 69.08 %

കോട്ടയം-70.33%

ഇടുക്കി- 70.98%

പത്തനംതിട്ട-66.35%

കോര്‍പറേഷനുകളില്‍ പോളിങ് ശതമാനം താരതമ്യേന കുറവാണ്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ 55.73% (ഏറ്റവും പിറകില്‍)

കൊല്ലം കോര്‍പ്പറേഷന്‍ 61.22%

കൊച്ചി കോര്‍പ്പറേഷന്‍ 60.61%

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴ് ജില്ലകളിലായി 73.79 ശതമാനമായിരുന്നു പോളിംഗ്. ഡിസംബര്‍ 11ന് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ ഇന്ന് പരസ്യപ്രചാരണം സമാപിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടന്ന് സമാപനം കുറിച്ചു.

ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. നാളെ വീടുകള്‍ കയറിയിറങ്ങി അവസാനവട്ടം വോട്ടുകള്‍ ഉറപ്പാക്കുന്നതിന്റെ തിരക്കിലായിരിക്കും സ്ഥാനാര്‍ഥികള്‍. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ മറ്റന്നാളാണ് വിധിയെഴുത്ത്.

കള്ളവോട്ടിനെ ചൊല്ലി സംഘര്‍ഷം

വഞ്ചിയൂര്‍ സംഘര്‍ഷം

തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ കള്ളവോട്ടിനെ ചൊല്ലിയുള്ള തര്‍ക്കം സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ കലാശിച്ചു. ട്രാന്‍സ്‌ജെന്‍ഡറുകളെ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യിപ്പിച്ചെന്ന് ബിജെപി ആരോപിച്ചപ്പോള്‍, ബിജെപി പ്രവര്‍ത്തകര്‍ ജെന്‍ഡര്‍ അധിക്ഷേപം നടത്തിയതിനെ തുടര്‍ന്നാണ് മര്‍ദ്ദനം ഉണ്ടായതെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ പ്രതികരിച്ചു. സംഘര്‍ഷം ശാന്തമായതിന് പിന്നാലെ മന്ത്രി വി. ശിവന്‍കുട്ടി വഞ്ചിയൂരിലെത്തി.

കിഴക്കമ്പലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ കയ്യേറ്റം

കിഴക്കമ്പലത്ത് ട്വന്റി 20 നേതാവ് സാബു എം. ജേക്കബിനെ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. സാബു എം. ജേക്കബിനെ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് തടഞ്ഞ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും ക്യാമറ തകര്‍ക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ സാബു എം. ജേക്കബ് തയ്യാറായ സമയത്താണ് ഇരുമുന്നണിയിലെയും പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധവുമായി രംഗത്തെത്തിയത്. ബൂത്തിന് അടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതും കയ്യേറ്റം ചെയ്തതും.

മാധ്യമപ്രവര്‍ത്തകരോട് വളരെ മോശം ഭാഷയില്‍ പ്രതികരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഘര്‍ഷത്തിനിടെ ടെലിവിഷന്‍ സംഘത്തിന്റെ ക്യാമറയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ട്വന്റി 20ക്കെതിരെ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യമാണെന്നും, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന് പോലും മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും സാബു എം. ജേക്കബ് ആരോപിച്ചു.

കൊട്ടാരക്കരയില്‍, പോളിങ് ബൂത്തിന് മുന്നില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തൃക്കരിപ്പൂരില്‍ കലാശക്കൊട്ടിനിടെ സിപിഎം -ലീഗ് സംഘര്‍ഷം ഉണ്ടായി. മലപ്പുറം അരീക്കോട് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്തു.

നെയ്യാറ്റിന്‍കര ഗ്രാമം വാര്‍ഡില്‍ കള്ളവോട്ടിന് ശ്രമിച്ച സ്ത്രീ ഇറങ്ങിയോടി. കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലും കള്ളവോട്ട് ആരോപണങ്ങള്‍ ഉയര്‍ന്നു. മരട് നഗരസഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ അമ്മയുടെ വോട്ട് മറ്റാരോ ചെയ്തുവെന്ന് പരാതിയുയര്‍ന്നു.

തിരുവല്ല, കുറ്റൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കള്ളവോട്ട് തടയാന്‍ ശ്രമിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്കും ബൂത്ത് ഏജന്റിനും നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ബിജെപി സ്ഥാനാര്‍ഥി പ്രസന്ന സതീഷിന് മര്‍ദനമേറ്റു. വൈകിട്ട് മൂന്നു മണിയോടെ ആയിരുന്നു സംഭവം.

ആധാര്‍ അടക്കമുള്ള രേഖകള്‍ ഇല്ലാതെ വോട്ട് ചെയ്യാന്‍ എത്തിയ സിപിഎം പ്രവര്‍ത്തകനായ ജോബിയെ ബിജെപി ബൂത്ത് ഏജന്റായ ജിത്തു വോട്ട് ചെയ്യുന്നതില്‍ നിന്നും തടഞ്ഞു. ഇതേ തുടര്‍ന്ന് ജോബിയും സിപിഎം പ്രാദേശിക നേതാവായ വിശാഖനും ചേര്‍ന്ന് ജിത്തുവിനെ മര്‍ദ്ദിച്ചു.

ഇത് തടയാന്‍ എത്തിയ സ്ഥാനാര്‍ഥി പ്രസന്ന സതീഷിനെ വിശാഖ് പിന്നാലെ എത്തി കൈയില്‍ പിടിച്ച് വലിച്ച് എറിഞ്ഞ ശേഷം ചവിട്ടി വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ പ്രസന്ന സതീഷ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.


പോളിംഗ് ശതമാനം ഉയര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. 'ജനം ആഗ്രഹിക്കുന്നത് അതിവേഗ ഭരണമാറ്റമാണ്,' എന്നും യുഡിഎഫ് മികച്ച വിജയം നേടുമെന്നും നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഡിസംബര്‍ 11ലെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം 13നാണ് ഫലപ്രഖ്യാപനം.


Tags:    

Similar News