പുറത്താക്കി കോണ്‍ഗ്രസ്...എന്നെയല്ല രാഹുല്‍ മാങ്കൂ ട്ടത്തിനെ; വാട്‌സപ്പ് ഗ്രൂപ്പില്‍ റിമൂവ് ചെയ്ത വ്യക്തി തന്നെ തിരിച്ചു എടുത്തിട്ടുണ്ട്; സ്ത്രീകള്‍ക്ക് ഒപ്പം കോണ്‍ഗ്രസ് നില്‍ക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു: സൈബര്‍ വെട്ടുകിളികള്‍ക്ക് മറുപടിയുമായി എം എ ഷഹനാസ്
സൈബര്‍ വെട്ടുകിളികള്‍ക്ക് മറുപടിയുമായി എം എ ഷഹനാസ്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെ, കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയും പ്രസാധകയുമായ എം എ ഷഹനാസ് പുതിയ കുറിപ്പുമായി രംഗത്തെത്തി.
'പുറത്താക്കി കോണ്‍ഗ്രസ്... എന്നെയല്ല രാഹുല്‍ മാങ്കൂട്ടത്തിനെ' എന്ന് അവര്‍ കുറിച്ചത്, തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കും ആദ്യഘട്ടത്തില്‍ നടപടിയെടുക്കാന്‍ മടിച്ചവര്‍ക്കുമുള്ള മറുപടിയായി മാറി.
'എന്നെ റിമൂവ് ചെയ്ത് വാട്‌സപ്പ് ഗ്രൂപ്പില്‍ റിമൂവ് ചെയ്ത വ്യക്തി തന്നെ തിരിച്ചു എടുത്തിട്ടുണ്ട്.... ഈ നിമിഷവും ഞാന്‍ കോണ്‍ഗ്രസിന് അകത്ത് തന്നെയാണ്,' ഷഹനാസ് ഫേസ്ബുക്കില്‍ കുറിച്ചു.
കര്‍ഷക സമരത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയപ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്ക് മോശം സന്ദേശങ്ങള്‍ അയച്ചതെന്നും, ഷാഫി പറമ്പില്‍ എംഎല്‍എയെ ഇക്കാര്യം അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ഷഹനാസ് വെളിപ്പെടുത്തിയിരുന്നു. യുവതിക്ക് നീതി ലഭിക്കുന്നതിന് എതിരെ പാര്‍ട്ടി നേതൃത്വം നിലകൊണ്ടപ്പോള്‍, കടുത്ത സൈബര്‍ ആക്രമണവും ഒറ്റപ്പെടുത്തലുമായിരുന്നു ഷഹനാസിന് നേരിടേണ്ടി വന്നത്.
എന്നാല്‍, മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്തതോടെയാണ് രാഹുലിന് പ്രാഥമിക അംഗത്വം നഷ്ടപ്പെട്ടത്. 'സ്ത്രീകള്‍ക്ക് ഒപ്പം കോണ്‍ഗ്രസ് നില്‍ക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു,' എന്നും ഷഹനാസ് കുറിച്ചതോടെ, പാര്‍ട്ടിക്കുള്ളിലെ ഈ പോരാട്ടത്തില്‍ താന്‍ വിജയിച്ചു എന്ന് വ്യക്തമാക്കുകയാണ് അവര്‍.
രാഹുലിനെതിരെയും ഷാഫിക്കെതിരെയും പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് തന്നെ സംസ്‌കാര സാഹിതിയുടെ കോഴിക്കോട് ജില്ലാ ഗ്രൂപ്പില്‍നിന്ന് രാത്രി പുറത്താക്കിയിരുന്നു. എന്നാല്‍, മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെ ജില്ലാ ചെയര്‍മാന്‍ തന്നെ രാവിലെ തിരികെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയെന്നും ഷഹനാസ് അറിയിച്ചു.
ഷഹനാസിന്റെ പ്രധാന വെളിപ്പെടുത്തലുകള്‍:
ഡല്‍ഹി കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയപ്പോള്‍ തനിക്കുണ്ടായ അനുഭവം ഷഹനാസ് വിവരിച്ചു. 'നമുക്ക് ഒന്നിച്ചു പോകാമായിരുന്നു' എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ അയച്ചു. 'അതല്ല, നമ്മള്‍ രണ്ടുപേരും മാത്രമുള്ള യാത്രയാണ് താന്‍ ഉദ്ദേശിച്ചത്' എന്ന രീതിയിലായിരുന്നു രാഹുലിന്റെ പ്രതികരണമെന്നും ഷഹനാസ് വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആക്കരുതെന്ന് താന്‍ ഷാഫി പറമ്പിലിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ അധ്യക്ഷനായാല്‍ വനിതാ നേതാക്കള്‍ക്ക് സംഘടനയില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന ഗുരുതരമായ മുന്നറിയിപ്പാണ് ഷാഫിയോട് നല്‍കിയത്.
താന്‍ മാത്രമല്ല, മറ്റ് വനിതാ നേതാക്കളും രാഹുലിനെക്കുറിച്ച് ഷാഫിയോട് സംസാരിച്ചിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും, അപ്പോഴെല്ലാം ഷാഫി പറമ്പില്‍ കനത്ത മൗനം സ്വീകരിച്ചത് വലിയ തെറ്റാണ് എന്നും ഷഹനാസ് ആരോപിച്ചു. രാഹുലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്ക് സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നു. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞിരുന്നു,.
