എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തുടരുന്നു; മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും; കേരള അനാട്ടമി ആക്ട് അനുസരിച്ച് കോളേജിന് മൃതദേഹം ഏറ്റെടുക്കാം
കേരള അനാട്ടമി ആക്ട് അനുസരിച്ച് കോളേജിന് മൃതദേഹം ഏറ്റെടുക്കാം
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് മുന്‍പില്‍ നിലവില്‍ തടസങ്ങളില്ല. കേരള അനാട്ടമി ആക്ട് അനുസരിച്ചുള്ള ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മെഡിക്കല്‍ കോളേജ് സുപ്രണ്ടിന് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാം.
അനുസരിച്ച് മൃതദേഹം ഏറ്റെടുക്കാന്‍ മെഡിക്കല്‍ കോളജിന് കഴിയും. മൃതദേഹം കൈമാറുന്നതില്‍ അനാട്ടമി ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണവും വ്യക്തമാക്കുന്നത്. പഠനാവശ്യങ്ങള്‍ക്ക് മൃതദേഹം വിട്ടുനില്‍ക്കുമ്പോള്‍ രേഖാമൂലമുള്ള സമ്മതം ആവശ്യമുണ്ടോ എന്നതാണ് കോടതി പ്രധാനമായി പരിഗണിച്ചത്. എന്നാല്‍ കേരള അനാട്ടമി ആക്ട് പ്രകാരം രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
അതായത് ജീവിച്ചിരിക്കുന്ന സമയത്ത്, ഒരാള്‍ രണ്ടോ അതിലധികമോ ആളുകളോട് തന്റെ ശരീരം വിട്ടുനല്‍കാന്‍ താല്പര്യം ഉണ്ടെന്ന് വാക്കാല്‍ പറഞ്ഞാല്‍ മതിയാകുമെന്നും രേഖാമൂലമുള്ള സമ്മതപത്രം ആവശ്യമില്ലെന്നും കേരള അനാട്ടമി ആക്ടിലെ സെക്ഷന്‍ 4A പ്രകാരമുള്ള നിയമസാധുത കോടതിയും ചൂണ്ടിക്കാട്ടി. എന്നാല്‍, മക്കളില്‍ ഒരാള്‍ വിയോജിപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യം കൂടി പരിശോധിച്ചു തീരുമാനമെടുക്കാനാണ് കോടതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
അതായത് അനാട്ടമി ആക്ട് പ്രകാരം മെഡിക്കല്‍ കോളജിന് മൃതദേഹം ഏറ്റെടുക്കാന്‍ കഴിയും. നിയമവശങ്ങള്‍ പരിശോധിച്ചത് പ്രകാരം ഇതിന്റെ നിയമ സാധുത ആശ ലോറന്‍സിനെ ബോധ്യപ്പെടുത്തേണ്ടത് മാത്രമാണ് ഇനി ബാക്കിയുള്ളത്. വീണ്ടും നിയമ വ്യവഹാരത്തിലേക്ക് കടന്നില്ലെങ്കില്‍, എത്രയും വേഗം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് പഠനാവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താനാകും.
ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ ലോറന്‍സാണ് പിതാവിന്റെ മൃതദേഹം പഠനാവശ്യത്തിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, രേഖാമൂലം സമ്മതപത്രമില്ലെങ്കിലും മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കാണിച്ച് മറ്റ് രണ്ട് മക്കള്‍ സത്യവാങ്മൂലവും നല്‍കി. ഇതോടെയാണ് മൃതദേഹം ഏറ്റെടുക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കോടതി നിര്‍ദേശം നല്‍കിയത്.
അതേസമയം, ആശ പ്രിന്‍സിപ്പലിന് വിയോജനക്കുറിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഇവരെയടക്കം കേട്ട് ഉചിത തീരുമാനമെടുക്കാനും അതുവരെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുനല്‍കാതെ സൂക്ഷിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 21നാണ് എം.എം. ലോറന്‍സ് മരിച്ചത്. അദ്ദേഹം സെന്റ് സേവ്യേഴ്‌സ് ചര്‍ച്ച് കതൃക്കടവ് പള്ളിയിലെ അംഗമാണെന്നും അദ്ദേഹത്തിന്റെയും നാല് മക്കളുടേയും വിവാഹം നടന്നത് ക്രൈസ്തവ ആചാരപ്രകാരമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തന്റെ മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കരുതെന്നോ മെഡിക്കല്‍ കോളജിന് വിട്ടുനല്‍കണമെന്നോ പിതാവ് ആഗ്രഹം പറഞ്ഞിട്ടില്ല. ഇതിനുള്ള സമ്മതപത്രവുമില്ല. ഈ സാഹചര്യത്തില്‍ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. എന്നാല്‍, പിതാവ് തന്റെ ആഗ്രഹം മക്കളോടും സഹപ്രവര്‍ത്തകരോടും പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരോടും പറഞ്ഞിട്ടുണ്ടെന്ന് മക്കളായ എം.എല്‍. സജീവന്‍, സുജാത ബോബന്‍ എന്നിവര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. 1957ലെ അനാട്ടമി ആക്ട് 4 എ പ്രകാരം മരിച്ചയാളുടെ രേഖാമൂലമുള്ള സമ്മതപത്രം അനിവാര്യമല്ലെന്ന് സര്‍ക്കാറിന് വേണ്ടി സ്‌റ്റേറ്റ് അറ്റോണിയും അറിയിച്ചിരുന്നു.s