കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിലേക്കും മനുഷ്യമനസ്സിന്റെ കാണാക്കാഴ്ച്ചകളിലേക്കും ക്യാമറ തിരിച്ചു വച്ച എംടി; ദേവി വിഗ്രഹത്തിലേക്ക് വെളിച്ചപ്പാട് കാര്‍ക്കിച്ചു തുപ്പിയ നിര്‍മാല്യം; ചതിയന്‍ ചന്തുവിന് നന്മ ഭാഷ്യം നല്‍കിയ അക്ഷര കരുത്ത്; നസീറും മധുവും തിലകനും മമ്മൂട്ടിയും ലാലും എഴുത്തിന്റെ പെരുന്തച്ചന്‍ രാകിയെടുത്ത പ്രതിഭകള്‍; എംടിയുടെ കൈപിടിച്ച് വളര്‍ന്ന് മലയാള സിനിമ
എംടിയുടെ കൈപിടിച്ച് വളര്‍ന്ന് മലയാള സിനിമ
കോഴിക്കോട്: അകക്കണ്ണിലൂടെ എല്ലാം കാണുന്നതായിരുന്നു രീതി. മഹാഭാരതത്തെ അവലംബിച്ച് എഴുതിയ 'രണ്ടാമൂഴം' അതിന്റെ വലിയ ഉദാഹരണമായിരുന്നു. അത്രയും ബലവാനായായ ഭീമസേനന്‍ എന്തുകൊണ്ട് രണ്ടാമനായിപ്പോയി എന്നതിന്റെ കണ്ടെത്തലും അതിലെ നൊമ്പരങ്ങളുമാണ് എംടി പങ്കുവച്ചത്. അത് സിനിമയായി കാണണമെന്നതായിരുന്നു എംടിയെന്ന ചലച്ചിത്രകാരന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ അത് നടന്നില്ല. സാങ്കേതികത്വങ്ങളില്‍ പെട്ട് ഭീമസേനന്‍ നടക്കാതെ പോയി. അതിന്റെ വേദന നിയമയുദ്ധങ്ങളിലേക്ക് പോലും പോയപ്പോള്‍ മലയാളിയും ആ ആഗ്രഹത്തിന്റെ ശക്തി തിരിച്ചറിഞ്ഞു.
അപ്പോഴും മലയാള സിനിമയുടെ ചരിത്രം തിരുത്തിയ വ്യക്തികളില്‍ പ്രധാനിയായി എംടി നിലകൊള്ളും. അനന്തമായ വായനയുടെ പിന്‍ബലമാണ് എംടിയുടെ എഴുത്തിന്റെ കരുത്ത്. വടക്കന്‍ പാട്ടില്‍ കേട്ട ചന്തുവിനെ ചലച്ചിത്രത്തില്‍ കണ്ടപ്പോള്‍ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ സ്നേഹിച്ചു. അത് എംടിയുടെ കാഴ്ചപ്പാടില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും പിറവിയെടുത്തതാണ്. തോറ്റുപോയവരെയാണ് അദ്ദേഹം കണ്ടെത്തിയതും അവതരിപ്പിച്ചതും. തന്റെ സിനിമകളിലും അതു തന്നെയാണ് എംടി നിറച്ചത്. സംവിധായകനായും തിരിക്കഥാകൃത്തായും പ്രതിഭ കാട്ടിയ എംടി. എംടിയുടെ തിരക്കഥയ്ക്കായി പ്രമുഖ സംവിധായകര്‍ ക്യൂ നില്‍ക്കുന്ന കാലമുണ്ടായിരുന്നു മലയാള സിനിമയില്‍.
എം ടിയുടെ തിരക്കഥകളില്‍ വരിഞ്ഞ എവര്‍ഗ്രീന്‍ സിനിമകളുടെ പട്ടിക വിരലിലെണ്ണാവുന്നതിലും അപ്പുറമാണ്. മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത്, നിഴലാട്ടം, ഓളവും തീരവും, നീലത്താമര, തൃഷ്ണ, ഓപ്പോള്‍, വാരിക്കുഴി, മഞ്ഞ്, ആരൂഢം, അനുബന്ധം, നഖക്ഷതങ്ങള്‍, പഞ്ചാഗ്നി, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, സദയം, സുകൃതം, പരിണയം, അമൃതംഗമയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിങ്ങനെ എത്രയെത്ര സിനിമകള്‍. വിഗ്രഹത്തെ തുപ്പുന്ന വെളിച്ചപ്പാട്- നിര്‍മാല്യം എന്ന സിനിമയില്‍ സംവിധായകന്റെ റോളിലെത്തി എംടി മലയാളിയുടെ സിനിമാ ചിന്താനുഭവത്തെ പുതിയ തലത്തിലേക്ക് ആ ഷോട്ടിലൂടെ കൊണ്ടു പോയി. വടക്കന്‍ വീരഗാഥയിലെ ചതിയന്‍ ചന്തുവും നിത്യ ഹരിത നായകനായി മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനില്‍ക്കും. കാലാമൂല്യവും ജനപ്രിയതയും നിറഞ്ഞ സിനിമകളായിരുന്നു എംടിയുടേത്.
1964 ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ടാണ് എം.ടി സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് മലയാള സിനിമയെ വിശ്വത്തോളം ഉയര്‍ത്തിയ 50 ഓളം സിനിമകള്‍ക്ക് പിന്നില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. എം.ടിയുടെ തിരക്കഥ ലഭിക്കുക എന്നത് വലിയൊരു ഭാഗ്യമായിട്ടാണ് എല്ലാ സംവിധായകരും കണക്കാക്കിയിരുന്നത്. പിന്നീട് 1973 ല്‍ എം.ടി ആദ്യമായി സംവിധായകനായി മാറി. അദ്ദേഹത്തിന്റെ തന്നെ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന രഖയാണ് നിര്‍മ്മാല്യം എന്ന പേരില്‍ അദ്ദേഹം സിനിമയാക്കിയത്. ഒരുപക്ഷെ ഇന്നത്തെ കാലഘട്ടത്തില്‍ ആരും ചെയ്യാന്‍ മടിക്കൊന്നൊരു പ്രമേയമാണ് എം.ടി ആദ്യ സംവിധാന സംരംഭത്തിന് വിഷയമാക്കിയത്.
ഈ ചിത്രത്തിലെ അഭിനയത്തിന് നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച പി.ജെ.ആന്റണിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. സുകുമാരന്‍ എന്ന നടന്റെ താരോദയവും ഈ സിനിമയിലൂടെ ഉണ്ടായി എന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യം. മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌ക്കാരവും ഈ ചിത്രം നേടി. വലിയൊരു തലമുറയെ സ്വാധീനിച്ച മഞ്ഞ് എന്ന ചിത്രം എം.ടി എന്ന ചലച്ചിത്രകാരന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലായി മാറുകയായിരുന്നു. മഞ്ഞിലെ കഥാപാത്രങ്ങള്‍ ഒരു കാലഘട്ടത്തിലെ മലയാളി യുവത്വത്തിന്റെ കാത്തിരിപ്പിന്റെയും വിഹ്വലതകളുടേയും കഥയാണ് പറഞ്ഞത്. എം.ടി സംവിധാനം ബന്ധനം എന്ന ചിത്രം സുകുമാരന്‍ എന്ന നടന്റെ പുതിയൊരു മുഖമാണ് മലയാളി പ്രേക്ഷകര്‍ക്ക് കാട്ടിത്തന്നത്.
ഈ ചിത്രത്തിലെ രാഗം ശ്രീരാഗം എന് ഗാനം ആലപിച്ച ജയച്ചന്ദ്രന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചു. വാരിക്കുഴി എന്ന ചിത്രവും സുകുമാരന് അദ്ദേഹത്തിന്റെ കരിയറില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറിയിരുന്നു. പിന്നീട് എം.ടി സംവിധാനം ചെയ്ത കടവും ഒരു ചെറു പുഞ്ചിരിയുമെല്ലാം തന്നെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. കൂടാതെ ഹരിഹരന്‍ സംവിധാനം ചെയ്ത വളര്‍ത്തുമൃഗങ്ങള്‍ എന്ന ചിത്രത്തില്‍ എം.ടി ഒരു ഗാനരചയിതാവായി മാറുകയും ചെയ്തു. എം.ടിയിലെ കവിയെ അന്നാണ് മലയാളികള്‍ തിരിച്ചറിഞ്ഞത്.
മമ്മൂട്ടിടയും മോഹന്‍ലാലും പ്രേംനസീറും മധുവും തിലകനും എല്ലാം തന്നെ എം.ടിയുടെ തൂലികയിലൂടെ പിറന്ന അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ്. മമ്മൂട്ടിക്ക് സിനിമയിലേക്കുള്ള വഴി ഒരുക്കിയത് പോലും എം.ടിയാണെന്നതാണ് സത്യം. പ്രേംനസീറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞത്് എം.ടിയുടെ തിരക്കഥകളിലൂടെ ആയിരുന്നു. മുറപ്പെണ്ണും ഇരുട്ടിന്റെ ആത്മാവും എല്ലാ ഇതിന് മികച്ച ഉദാഹരണങ്ങളാണ്. ഓളവും തീരത്തിലെ മധുവിന്റെ ബാപ്പുട്ടി എന്ന കഥാപാത്രം അഭിനയത്തിന്റെ അനന്ത സാധ്യതകളാണ് അദ്ദേഹത്തിന് മുന്നില്‍ തുറന്നു കൊടുത്തത്.
1955ല്‍ റിലീസ് ചെയ്ത പഥേര്‍ പാഞ്ജലി എന്ന സത്യജിത് റേയുടെ സിനിമ കണ്ടപ്പോഴാണ് അതുപോലെയൊരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമ ചെയ്യാന്‍ എംടി ചിന്തിക്കുന്നത്. പഥേര്‍ പാഞ്ജലി കണ്ടതിനെ തുടര്‍ന്നാണ് എംടി നിര്‍മ്മാല്യത്തിലേക്കെത്തിയത്. ബംഗാളിലെ ഒരു ഗ്രാമത്തില്‍ നിന്ന് സത്യജിത്ത് റേ ഒപ്പിയെടുന്ന ജീവിതങ്ങള്‍ അത്രയ്ക്ക് എം.ടിയെ സ്വാധീനിച്ചിരുന്നു. ലോക ക്ലാസിക് ചിത്രങ്ങള്‍ ധാരാളം കണ്ടിരുന്നെങ്കിലും അതൊന്നും നല്‍കാത്തൊരു അനുഭൂതിയായിരുന്നു പഥേര്‍ പാഞ്ജലി എംടിയില്‍ ഉണ്ടാക്കിയത്.
അതിന് മുമ്പ് മുന്‍പ് എം.ടി. ഒന്‍പതു ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയിരുന്നു. 1965ല്‍ എ.വിന്‍സന്റ് സംവിധാനം ചെയ്ത മുറപ്പെണ്ണ് എന്ന ചിത്രത്തിനു കഥയെഴുതിക്കൊണ്ടാണ് എംടി ചലച്ചിത്രലോകത്തേക്കു കടന്നുവന്നത്. പ്രേംനസീറും മധുവും ശാരദയുമൊക്കെ അഭിനയിച്ച ചിത്രം എംടിയുടെ സ്നേഹത്തിന്റെ മുഖങ്ങള്‍ എന്ന ചെറുകഥയെ അവലംബമാക്കി ഒരുക്കിയതായിരുന്നു. പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, അസുരവിത്ത്,ഓളവും തീരവും, വിത്തുകള്‍, മാപ്പുസാക്ഷി, കുട്ട്യേടത്തി, നിഴലാട്ടം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് എംടി സ്വന്തം സിനിമയിലേക്കു കടന്നത്. ഒരുമനുഷ്യജീവിതത്തിലെ എല്ലാ ആകുലതകളും ദൈന്യതയുമെല്ലാം വെളിച്ചപ്പാടിനും ശാന്തിക്കാരനും അനുഭവിക്കുന്നുണ്ടെന്ന കാഴ്ചപ്പാടില്‍ നിന്നാണ് നിര്‍മാല്യം എനന സിനിമ വളരുന്നത്. പ്രധാന കഥാപാത്രമായ വെളിച്ചപ്പാടിനെ അവതരിപ്പിക്കാന്‍ എം.ടി. ആദ്യം നിശ്ചയിച്ചിരുന്നത് ശങ്കരാടിയെയായിരുന്നു.
അമ്പലവാസിയായിരുന്ന അദ്ദേഹത്തിന് വെളിച്ചപ്പാടിന്റെ പ്രകൃതം നന്നായി ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ശങ്കരാടി വേറെയൊരു നിര്‍ദേശമാണു മുന്നോട്ടുവച്ചത്. അത്രയും ദൈന്യത നിറഞ്ഞ വെളിച്ചപ്പാടിനെ അവതരിപ്പിക്കാന്‍ തന്റെ ഈ ശരീരം കൊണ്ടു കഴിയില്ലെന്നും ആ വേഷം ചെയ്യാന്‍ ഏറ്റവും നല്ലത് പി.ജെ.ആന്റണിയായിരിക്കുമെന്നായിരുന്നു ശങ്കരാടിയുടെ നിര്‍ദേശം. ഈ ചിത്രത്തിലെ അഭിനയത്തിനാണ് പി.ജെ.ആന്റണിക്ക് 1974ല്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചത്.
കഥകളിലൂടെയും നോവലിലൂടെയും മലയാള സാഹിത്യത്തില്‍ സിംഹാസനം നേടിയ എംടിയെ മലയാള സിനിമയിലേക്കു കൈപിടിച്ചു കയറ്റിയതു സുഹൃത്തായ ശോഭനാ പരമേശ്വരന്‍ നായരാണ്. ആ രംഗപ്രവേശം പിന്നീടു മലയാള സിനിമയുടെ പുണ്യവും ഐശ്വര്യവുമായി മാറുകയായിരുന്നു. വിന്‍സന്റിന്റെ സംവിധാന മികവില്‍ നസീറും മധുവും ഉമ്മറും തകര്‍ത്തഭിനയിച്ച മുറപ്പെണ്ണോടെ നിര്‍മാതാക്കള്‍ എംടിയെ തേടിയെത്തുന്നതു പതിവായി. എസ്.എസ്.രാജന്‍ സംവിധാനം ചെയ്ത പകല്‍ക്കിനാവാണ് എംടി യുടെ രണ്ടാമത്തെ തിരക്കഥ. തമിഴ് സിനിമയുടെയും നാടകത്തിന്റെയും സ്വാധീനത്തിലായിരുന്ന മലയാള സിനിമയില്‍ ദൃശ്യപരതയുടെ സിനിമാറ്റിക് ഭാഷ കൊണ്ടുവരുന്നത് എംടിയും അദ്ദേഹത്തിന്റെ തിരക്കഥകളുമാണ്.
കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിലേക്കും മനുഷ്യമനസ്സിന്റെ കാണാക്കാഴ്ച്ചകളിലേക്കും ക്യാമറ തിരിച്ചു വച്ച എംടി മലയാള സിനിമയ്ക്കു നല്‍കിയത് പുതിയൊരു ദൃശ്യാനുഭവമായിരുന്നു. മലയാളത്തില്‍ തിരക്കഥാ സാഹിത്യം എന്ന ശാഖയ്ക്കു തുടക്കമാകുന്നതും എംടിയുടെ തിരക്കഥകളിലൂടെയാണ്. 11 തവണ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നാലു തവണ ദേശീയ അവാര്‍ഡും നേടിയിട്ടുള്ള എംടിയുടെ ഈ അപൂര്‍വ്വ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല. ഐ.വി. ശശിക്കും ഹരിഹരനും വേണ്ടിയാണ് എംടി ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയിട്ടുള്ളത്. ഇരുവര്‍ക്കും വേണ്ടി 11 വീതം തിരക്കഥകള്‍ എഴുതി.
മലയാളത്തില്‍ എല്ലാ കാലത്തും തിരക്കഥാകൃത്തുക്കള്‍ നിര്‍മാതാക്കളെയും സംവിധായകരെയും തേടി പോകുമ്പോള്‍ എംടി യുടെ തിരക്കഥ ലഭിക്കാന്‍ കൊട്ടാരം റോഡിലെ 'സിത്താര'യിലേക്ക് എന്നും സംവിധായകരുടെ ഒഴുക്കായിരുന്നു. എംടി യുടെ തിരക്കഥയുണ്ടെങ്കില്‍ നിര്‍മാതാവും താരങ്ങളുമെല്ലാം പിന്നാലെ വരുമെന്ന കാലം മലയാള സിനിമയിലുണ്ടായിരുന്നു. പഴയകാലത്തെ സംവിധായകര്‍ മുതല്‍ പുതിയ തലമുറയിലെ സംവിധായകര്‍ വരെ എംടി യുടെ തിരക്കഥയ്ക്കായി ഇപ്പോഴും കാത്തിരുന്നിരുന്നു എന്നതാണ് സിനിമാ യാഥാര്‍ത്ഥ്യം.s