മണ്ണ് പരിശോധനയിലും അടിസ്ഥാനം തയ്യാറാക്കുന്നതിലും വീഴ്ചയെന്ന് നിഗമനം; കരാര്‍ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം; കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്നതില്‍ അതിവേഗ നടപടിയുമായി കേന്ദ്രം; ആലപ്പുഴയിലെ നിര്‍മാണത്തിലും അപാകത? ചെളിമണ്ണ് ഉപയോഗിക്കുന്നത് അപകടഭീഷണിയെന്ന് വിലയിരുത്തല്‍

Update: 2025-12-06 12:09 GMT

ന്യൂഡല്‍ഹി: കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ അതിവേഗ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കരാര്‍ കമ്പനിക്ക് ഒരു മാസത്തേക്ക് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രം, കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങി. മുപ്പത് മീറ്ററോളം ഉയരത്തിലുള്ള പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാനം തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കാണ്‍പൂര്‍ ഐഐടിയിലെ ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ സുധീഷ് ടികെ എന്നിവര്‍ ഇന്ന് ദേശീയപാത തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ചെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

കരാറുകാരായ ശിവാലയ കണ്‍സ്ട്രക്ഷന്‍സ്, എഞ്ചിനീയറിംഗ് ചുമതലയുള്ള ഫീഡ് ബാക്ക് ഇന്‍ഫ്ര, സത്ര സര്‍വ്വീസസ് എന്നിവരെ ഒരു മാസത്തേക്ക് ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി. കരിമ്പട്ടികയില്‍ പെടുത്താതിരിക്കാനും നഷ്ടപരിഹാരം ഈടാക്കാതിരിക്കാനും കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്കി. കരാര്‍ കമ്പനിയുടെ പ്രോജക്ട് മാനേജര്‍, എഞ്ചിനീയറിംഗ് കമ്പനിയുടെ റസിഡന്റ് എഞ്ചിനീയര്‍ എന്നിവരെ പ്രദേശത്തെ ചുമതലയില്‍ നിന്ന് മാറ്റിയെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

കൊട്ടിയം മൈലക്കാടിന് സമീപത്തെ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇന്നലെയാണ് തകര്‍ന്നത്. സംഭവത്തില്‍ ദേശീയ പാത നിര്‍മ്മാണ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസടക്കം കേന്ദ്രം ഇതിനകം നല്‍കിക്കഴിഞ്ഞു. വിദഗ്ധസമിതി സ്ഥലം സന്ദര്‍ശിക്കുന്നു എന്നും സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാന നിര്‍മ്മാണത്തിലും വീഴ്ചയുണ്ടായെന്നും കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.

ഡിസംബര്‍ എട്ടിനുള്ളില്‍ ഗാതാഗത യോഗ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പ് നല്‍കിയിട്ടുണ്ട്. മൈലക്കാട് വാഹന ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക്ക് വാര്‍ഡന്‍മാരെ നിയമിക്കും. അപകട സാധ്യത ഉള്ള മറ്റ് സ്ഥലങ്ങളില്‍ സംയുക്ത സംഘം പരിശോധന നടത്തും. ഇതിന് ശേഷം എന്‍എച്ച്എഐയുടെ വിദഗ്ധ സംഘം പരിശോധന നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. നാളെ വൈകിട്ടോടെ സര്‍വീസ് റോഡിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കും. മറ്റന്നാള്‍ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാക്കും.

കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നേരത്തെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കത്തയച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാത 66-ന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത ഇടിഞ്ഞുതാഴ്ന്നതില്‍ അടിയന്തര അന്വേഷണത്തിനും പൊതുമരാമത്ത് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി സെക്രട്ടറിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. മണ്ണിടിഞ്ഞ് താഴാനുണ്ടായ സാഹചര്യം വിദഗ്ധരെ നിയോഗിച്ച് വിശദ പരിശോധന നടത്തുമെന്നാണ് ദേശീയ പാത അതോറിറ്റി അറിയിക്കുന്നത്.

മലപ്പുറം കൂരിയാട് അടക്കം നിര്‍മാണത്തിലിരിക്കെ ദേശീയ പാത തകര്‍ന്നതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങും മുമ്പെയാണ് കൊല്ലം മൈലക്കാടും ദേശീയ പാത തകര്‍ന്നത്. 31.25 കി.മീ ദൂരം വരുന്ന കടമ്പാട്ടുക്കോണം - കൊല്ലം സ്‌ട്രെച്ചിലാണ് ഇന്നലെ അപകടമുണ്ടായത്. ശിവാലയ കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണ ചുമതല. ദേശീയ ജല പാതയ്ക്കായി കായലില്‍ നിന്ന് കുഴിച്ചെടുത്ത മണ്ണ് ദേശീയ പാത നിര്‍മാണത്തിന് ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കൊല്ലം റീച്ചില്‍ കുഴി നികത്താനും അപ്രോച്ച് റോഡിന്റെ ഫില്ലിങ്ങിനും അഷ്ടമുടിക്കായലില്‍ നിന്നുള്ള മണ്ണ് ഉപയോഗിച്ചിരുന്നതായി എന്‍ എച്ച് ഐ വൃത്തങ്ങള്‍ നേരത്തെ സമ്മതിച്ചിരുന്നു. പാത തകര്‍ന്ന സ്ഥലത്ത് ഈ മണ്ണ് ഉപയോഗിച്ചോയെന്ന് വ്യക്തമല്ല. ഉപയോഗിച്ച മണ്ണിനെക്കുറിച്ചും പരിശോധന വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.

ആലപ്പുഴയിലെ നിര്‍മാണത്തിലും അപാകത

ആലപ്പുഴയുടെ പല ഭാഗങ്ങളിലും ദേശീയ പാത നിര്‍മാണത്തിന് ചെളിമണ്ണ് ഉപയോഗിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചെളിമണ്ണ് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് ഭാവിയില്‍ റോഡ് തകര്‍ന്ന് അപകടം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നതാണ് വിദഗ്ധര്‍ പറയുന്നു. റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണ് അടക്കമുള്ള നിര്‍മാണ സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരും എത്താറില്ലെന്നാണ് ആരോപണം.

ആലപ്പുഴ തുമ്പോളി,കലവൂര്‍, വളവനാട് , ചേര്‍ത്തല, എസ് എല്‍ പുരം ഭാഗങ്ങളിലാണ് റോഡ് നിര്‍മാണത്തിന് ചെളിമണ്ണ് ഉപയോഗിക്കുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡ് താഴുന്നതിന് ചെളിമണ്ണ് ഉപയോഗിച്ചുള്ള നിര്‍മാണരീതി കാരണമാകും. സര്‍വീസ് റോഡിനെ വേര്‍തിരിക്കുന്ന പാര്‍ശ്വ ഭിത്തികള്‍ സമ്മര്‍ദ്ദം കൊണ്ട് തകര്‍ന്ന് വീഴാനും സാധ്യതയുണ്ട്. ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഭാഗങ്ങളില്‍ ചെളി മണ്ണിന് മുകളില്‍ ഗ്രാവല്‍ ഇട്ടു കഴിഞ്ഞു. മഴ ശക്തമാകുന്നതോടെ അപകട സാധ്യതയും കൂടും.

ദേശീയപാതനിര്‍മാണത്തിന് മണ്ണ് ലഭിക്കാതായതോടെ വേമ്പനാട് കായലില്‍ നിന്ന് ഡ്രഡ്ജിങ് നടത്താന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മണ്ണിനു പകരം ചെളിയും റോഡ് നിര്‍മാണത്തിന് എത്തിക്കുകയാണ്. കായലില്‍ നിന്ന് എടുക്കുന്ന നല്ല മണ്ണ് മറ്റ് ആവശ്യങ്ങള്‍ക്ക് കടത്തിക്കൊണ്ട് പോയ ശേഷമാണ് റോഡ് നിര്‍മാണത്തിന് ചെളി കൊണ്ടു വരുന്നത്. രാത്രി കാലങ്ങളിലാണ് ചെളിമണ്ണ് ദേശീയപാത നിര്‍മാണത്തിനായി എത്തിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ ഗുണമേന്‍മ ഉറപ്പാക്കാന്‍ എന്‍ജിനീയര്‍മാരോ ഉദ്യോഗസ്ഥരോ എത്താറില്ല. നിര്‍മാണ കമ്പനിയുടെ ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ മാത്രമാണ് മേല്‍നോട്ടം വഹിക്കാനുള്ളത്.

Tags:    

Similar News