വിതറുന്ന ധാന്യമണികള്‍ക്കിടെ പറന്നുയരുന്ന പ്രാവിന്‍കൂട്ടങ്ങള്‍; മുംബൈയുടെ മുഖമുദ്രയായ കാഴ്ച്ചകള്‍ മങ്ങാന്‍ ഇനിയെത്ര നാള്‍! പരിസ്ഥിതി മലനീകരണത്തെത്തുടര്‍ന്ന് കബൂത്തര്‍ ഖാനകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍; പ്രതീക്ഷകള്‍ക്കപ്പുറം പ്രതിഷേധം കനത്തതോടെ വിഷയം വിദഗ്ധസമിതിക്ക് വിടാന്‍ കോടതിയും; മഹാരാഷ്ട്ര രാഷ്ട്രീയത്തെപ്പോലും പ്രാവിന്‍കൂട്ടങ്ങള്‍ പിടിച്ചുകുലുക്കുമ്പോള്‍
മഹാരാഷ്ട്ര രാഷ്ട്രീയത്തെപ്പോലും പ്രാവിന്‍കൂട്ടങ്ങള്‍ പിടിച്ചുകുലുക്കുമ്പോള്‍
മുംബൈ:ഓരോ പ്രദേശങ്ങളെയും അടയാളപ്പെടുത്തുന്ന ചില കാഴ്ച്ചകള്‍ ഉണ്ട്.ആ പ്രദേശത്തിന് മാത്രം സ്വന്തമായത് അല്ലെങ്കില്‍ ആ ഒരൊറ്റ ദൃശ്യത്തിലൂടെ ആ പ്രദേശത്തെ മനസിലാക്കാന്‍ സാധിക്കുന്ന തരം കാഴ്ച്ചകള്‍.അത്തരത്തില്‍ മുംബൈയ്ക്ക് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒന്നാണ് കബൂത്തര്‍ഖാനകള്‍ അഥവ പ്രാവിന് ഭക്ഷണം നല്‍കുന്ന ഇടം.മുംബൈ നഗരത്തെ അടയാളപ്പെടുത്തുന്ന പ്രശസ്ത ഫോട്ടോകളില്‍ തൊട്ട് സിനിമകളില്‍ നഗരത്തെ അടയാളപ്പെടുത്തുന്ന ഒരൊറ്റ ഷോട്ടായി വരെ കബൂത്തര്‍ഖാനകള്‍ മാറുന്നുവെന്നതാണ് സത്യം.ധാന്യമണികള്‍ വിതറുമ്പോള്‍ പറന്നുയരുന്ന പ്രാവിന്‍ കൂട്ടങ്ങളും അതിനിടയിലൂടെ വരുന്ന നായകനും നായികയുമൊക്കെ ഇന്ത്യന്‍ സിനിമകളിലെ തന്നെ ഐക്കോണിക്ക് കാഴ്ച്ചകളാണ്.
എന്നാല്‍ മുംബൈയുടെ മുഖമുദ്രയായ ആ കാഴ്ച്ചകള്‍ക്ക് എത്രനാള്‍ കൂടി ആയുസ്സുണ്ടാകുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.പലവിധ ആരോഗ്യപ്രശ്നങ്ങളെ മുന്‍നിര്‍ത്തി കബൂത്തര്‍ഖാനകള്‍ അടച്ചുപൂട്ടാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരിക്കുകയാണ്.മുന്‍പിന്‍ ചിന്തിക്കാതെയുള്ള കോര്‍പ്പറേഷന്റെ ഉത്തരവ് എന്നാലിപ്പോള്‍ മുംബൈ രാഷ്ട്രീയത്തെ വരെ പിടിച്ചുകുലുക്കാന്‍ പാകത്തിലെത്തി നില്‍ക്കുന്നുമുണ്ട്.വിശ്വാസവും ആചാരവും കൂടി ഇത്തരം സ്ഥലങ്ങളോട് ചേരുമ്പോള്‍ അവ അടച്ചുപൂട്ടുക എന്നൊക്കെയുള്ള തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ടിനെ വരെ കൃത്യമായി സ്വാധീനിക്കുമെന്നതിനാലാണ് മഹാരാഷ്്ട്ര മുഖ്യമന്ത്രി പോലും കോര്‍പ്പറേഷന്റെ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
കോര്‍പ്പറേഷന്റെ നടപടിയില്‍ പ്രതിഷേധം ശക്തമായതോടെ പോരാട്ടം നിയമവഴിയിലേക്ക് വരെ എത്തിത്തുടങ്ങി.മനുഷ്യന്റെ ആരോഗ്യമാണ് പ്രധാനമെങ്കിലും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നുമാണ് ഹൈക്കോടതി നിരീക്ഷണം.അതിനായ വിദഗ്ധ സമിതിയെ നിയമിക്കാനുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
ഐക്കോണിക്ക് കാഴ്ച്ച മാത്രമല്ല.. പിന്നില്‍ വിശ്വാസവും ആചാരവും..കബൂത്തര്‍ഖാനകളുടെ ചരിത്രം
സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അടയാളമാണ് പ്രാവുകളെ വിശേഷിപ്പിക്കുന്നത്.ആയതിനാല്‍ തന്നെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള കബൂത്തര്‍ഖാനയുടെ ചരിത്രവും ഇങ്ങനെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും വേരുകളില്‍ അധിഷ്ഠിതമായതാണ്.മുഗള്‍രാജവംശം കാലംതൊട്ട പ്രാവ് വളര്‍ത്തലും സംരക്ഷണവും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.സന്ദേശവാഹകരായും ആശയവിനിമയത്തിനുമുള്‍പ്പടെ പ്രാവിനെ പരിപാലിച്ചവരായിരുന്നു മുഗള്‍രാജവംശം.അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് പ്രാവുകളുടെ വലിയ ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.ഇങ്ങനെ പ്രാവകളുടെ രാജകീയ സംരക്ഷണം കബൂത്തര്‍ഖാനകളുടെ ഉല്‍പ്പത്തിക്ക് വഴിതെളിച്ചുവെന്ന് നിസംശയം പറയാം.
ഇന്ത്യന്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പിന്നില്‍ സാംസ്‌ക്കാരികവും മതപരവുമായ പ്രാധാന്യവും ദാനധര്‍മ്മം ആത്മീയഗുണം എന്നീ ആശയങ്ങളും നിലകൊള്ളുന്നു.ജൈന-ഹിന്ദു വിഭാഗത്തില്‍പ്പെട്ട ചില വിശ്വാസങ്ങളില്‍ തുടങ്ങി ഗുജാറത്തി സമൂഹത്തില്‍പെട്ടവര്‍ പ്രാവുള്‍പ്പടെയുള്ള പക്ഷികള്‍ക്ക് ഭക്ഷണം നല്‍കിവരുന്നത് ദാനധര്‍മ്മമായും ആത്മീയഗുണമായും കണക്കാക്കുന്നു.ഇത് അനുഗ്രഹവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് അവരുടെ വിശ്വാസം.പൂര്‍വ്വീകവിശ്വാസമനുസരിച്ച് പ്രാവുകളെ മരിച്ചുപോയവരുടെ ആത്മാക്കളുമായും ഒരുവിഭാഗം കണക്കാക്കുന്നു.
കാലക്രമേണ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ഇടങ്ങള്‍ കമ്മ്യൂണിറ്റി ഹബ്ബുകളായി പരണമിച്ചു.കബൂത്തര്‍ഖാന പൊതുവില്‍ പട്ടണങ്ങളിലൊ ക്ഷേത്രപരിസരങ്ങളിലോ നഗരത്തിലെ പ്രധാന സ്‌ക്വയറുകളിലോ ആണ് സ്ഥിതി ചെയ്യുന്നത്.മുംബൈയിലെ പ്രാവുകളുടെ സംരക്ഷണത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.മുന്‍കാലങ്ങളില്‍ മുംബൈയില്‍ ഗുജറാത്തി, ജൈന വ്യാപാരികളുടെ എണ്ണം വളരെ കൂടുതലായിരുന്നു.ഇവരുടെ വിശ്വാസ പ്രകാരം പ്രാവിന് ഭക്ഷണം നല്‍കുന്ന പുണ്യപ്രവര്‍ത്തിയായതിനാല്‍ ഒട്ടുമിക്കയിടങ്ങളിലും ഇത്തരം ചെറിയ കബുതര്‍ഖാനകള്‍ നിരവധിയായിരുന്നു.എഡ്വേര്‍ഡ് ഹാമില്‍ട്ടണ്‍ ഐറ്റ്കെന്‍ 1909-ല്‍ എഴുതിയ ദി കോമണ്‍ ബേര്‍ഡ്സ് ഓഫ് ബോംബെ എന്ന പുസ്തകത്തില്‍ കബൂത്തര്‍ഖാനകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ പ്രധാനമായും 'രണ്ട് കാര്യങ്ങളാണ് പ്രാവുകളെ മുംബൈയിലേക്ക് ആകര്‍ഷിക്കുന്നത്: ഒന്ന് സമൃദ്ധമായ വീടുകളുടെ എണ്ണവും മറ്റൊന്ന് ഭക്തരായ ഹിന്ദു ധാന്യ വ്യാപാരികളുടെ ദാനകര്‍മ്മവും.
ആദ്യകാലങ്ങളില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കിയിരുന്നത് വലിയ, അലങ്കരിച്ച പക്ഷിക്കൂടുകള്‍ പോലെയുള്ള പരബാദികള്‍ എന്നറിയപ്പെടുന്ന നിര്‍മ്മിതകളിലായിരുന്നു.ഇവയ്ക്ക് പലപ്പോഴും ഏഴ് മീറ്റര്‍ ഉയരം ഉണ്ടാകുമായിരുന്നു.സാധാരണയായി കൊത്തുപണികളും പെയിന്റിങ്ങുകളുമൊക്കെയായി മരം കൊണ്ടണ് ഇവ നിര്‍മ്മിച്ചിരുന്നത്.പൂച്ചകള്‍ക്കും നായ്ക്കള്‍ക്കും എത്തിപ്പെടാതിരിക്കാന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉയര്‍ത്തിയ മേല്‍ക്കൂരയുള്ള വീടുപോലുള്ള ഘടനകളായിരുന്നു ഇവ.ഇവിടങ്ങളില്‍ പതിവായി ധാന്യം നിറച്ചുവെച്ചാണ് പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്.
വീടുകളോട് ചേര്‍ന്നുള്ള ഇത്തരം ചെറിയ സംവിധാനങ്ങള്‍ പില്‍ക്കാലത്ത് സ്‌ക്വയറുകള്‍ കേന്ദ്രീകരിച്ച് വിപുലമായി.ഇവയാണ് പില്‍ക്കാലത്ത് കബൂതര്‍ഖാനകള്‍ എന്ന് അറിയപ്പെടുന്നത്.പ്രാദേശിക സമൂഹം സംഭാവന ചെയ്ത ഫണ്ടുകള്‍ ഉപയോഗിച്ചാണ് ഇവയുടെ നിര്‍മ്മാണലും പരിപാലനവും.ഭക്തരായ വ്യക്തികള്‍ പതിവായി ഇവിടങ്ങളില്‍ പക്ഷികള്‍ക്കായി ധാന്യവും വെള്ളവും നല്‍കുകയും ചെയ്യുന്നു.
മുംബൈയില്‍ ഇന്ന് 50-ലധികം കബൂതര്‍ഖാനകളുണ്ട്.ഒട്ടുമിക്കവയും പ്രധാനമായും നഗരത്തില്‍ തന്നെ സ്ഥിതിചെയ്യുന്നു.ചിലത് പ്രാന്തപ്രദേശങ്ങളിലാണ്.നഗരത്തിലെ കബൂത്തര്‍ഖാനകളില്‍ പലതിനും നൂറു വര്‍ഷത്തോളം പഴക്കമുണ്ട്.ദാദര്‍, മറൈന്‍ ഡ്രൈവ്, അന്ധേരി, വര്‍ളി, ഗിര്‍ഗാവ് ചൗപ്പാട്ടി, ഗേറ്റ് വേ ഓഫ് ഇന്ത്യ, സിഎസ്എംടി റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രാവുകള്‍ക്കു ഭക്ഷണം കൊടുക്കുന്നവരുടെ തിരക്ക് പതിവുകാഴ്ചകളിലൊന്നാണ്.
ദാദര്‍ കബൂതര്‍ഖാന ട്രസ്റ്റ് നടത്തുന്ന ദാദര്‍ കബൂതര്‍ഖാനയാണ് ഏറ്റവും പഴക്കമേറിയതും ഏറ്റവും പ്രശസ്തവുമായ ഒന്ന്.1933ലാണ് ഇത് സ്ഥപിതമായത്.പ്രതിദിനം 30004000 പ്രാവുകള്‍ ഭക്ഷണം തേടി ഇവിടെ വരുന്നുണ്ടെന്നാണ് കണക്ക്.വിവിധ മതസ്ഥലങ്ങള്‍ക്ക് സമീപമാണ് ദാദര്‍ കബൂതര്‍ഖാന സ്ഥിതി ചെയ്യുന്നത്.വിശുദ്ധസ്ഥലമെന്ന പദവിയും ഈ സ്ഥലത്തിനുണ്ട്.കൂടാതെ 1944 ല്‍ ദാദറിലെ ജൈനക്ഷേത്രത്തോട് ചേര്‍ന്ന് ട്രാഫിക് ഐലന്റ് രൂപപ്പെട്ടതിന് പിന്നിലും ഇവിടുത്തെ കബൂത്തര്‍ഖാനയാണ്.ക്ഷേത്രത്തിന് സമീപം കൂട്ടംകൂടുന്നതും കാറുകള്‍ ഇടിച്ചുകയറി അപകടത്തില്‍പ്പെടുന്നതുമായ പ്രാവുകളെ സംരക്ഷിക്കുന്നതിനായി ഒരു വലയം സ്ഥാപിക്കാന്‍ അനുമതി തേടി ജൈന ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാറില്‍ നിവേദനം നല്‍കി.ഇതിന് മറുപടിയായാണ് 1944ല്‍ ബോംബെ മുനിസിപ്പാലിറ്റി ദാദറിലെ ജൈന ക്ഷേത്രത്തിന് പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഒരു ട്രാഫിക് ഐലന്‍ഡ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്.
കബൂത്തര്‍ഖാനകളുടെ പാരമ്പര്യം ചരിത്രപരവും വിലമതിക്കപ്പെട്ടതുമാണെങ്കിലും ആധുനികനഗര പരിസ്ഥിതികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറതല്ല.പൊതുജനാരോഗ്യവും മലനീകരണ പ്രശ്നങ്ങളും വിവിധ ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ ഇടപെടലുകള്‍ക്കും വഴിവെക്കുന്നതാണ്.ഇതിന് പിന്നാലെയാണ് മുംബൈയിലുടനീളമുള്ള കബൂത്തര്‍ഖാനകള്‍ അടച്ചുപൂട്ടാന്‍ കോര്‍പ്പറേഷന്റെ തീരുമാനം ഉണ്ടായത്.വിവാദങ്ങള്‍ക്കിടയിലും കബൂത്തര്‍ഖാനകളുടെ ചരിത്രം പറയുന്നത് മനഷ്യന്റെയും പക്ഷികളുടെയും ഇടപെടലിന്റെ സമ്പന്നമായ ചരിത്രം കൂടിയാണ്.
പ്രാവുകള്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.. വിവാദങ്ങളുടെ തുടക്കം
പ്രാവുകള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ കബൂത്തര്‍ഖാനകള്‍ അടച്ചുപൂട്ടണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാനുള്ള മുംബൈ കോര്‍പറേഷന്റെ നടപടിയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.പ്രാവുകളുടെ കാഷ്ഠം, തൂവലുകള്‍, കൂടുണ്ടാക്കുന്ന വസ്തുക്കള്‍ എന്നിവ രോഗകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും വഹിക്കുന്നവയാണ്. പ്രധാനമായും ശ്വസനസംബന്ധമായ ഗുരുതര രോഗങ്ങള്‍ക്കാണ് ഇത് കാരണമാകുന്നത്. പ്രാവുകളും മനുഷ്യരും ഇടകലര്‍ന്ന് തിങ്ങിത്താമസിക്കുന്ന മുംബൈ പോലുള്ള സ്ഥലങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ കൂടും. പലരുടെയും മരണങ്ങള്‍ക്കു വരെ ഇവ കാരണമായിട്ടുണ്ട്. അന്ധേരിയിലെ ബന്ധുവിന്റെ മരണത്തിനു കാരണം പ്രാവിന്‍ കാഷ്ഠമാണെന്നു കഴിഞ്ഞദിവസം നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ബിജെപി എംഎല്‍സി ചിത്ര വാഘ് വ്യക്തമാക്കിയിരുന്നു.
പ്രാവുകളുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ അവസ്ഥകളിലൊന്ന് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി ന്യൂമോണൈറ്റിസ് (എച്ച്പി) എന്നതാണ്. പ്രാവിന്റെ കാഷ്ഠത്തില്‍ കാണുന്ന ഫംഗസ് ഉണ്ടാക്കുന്ന ശ്വാസകോശ രോഗമാണിത്.വരണ്ട ചുമയും ശ്വസമെടുക്കുന്നതിലെ അസ്വസ്ഥതയുമാണ് തുടക്കം.തുടര്‍ന്നാല്‍ ശ്വാസകോശത്തിനു സ്ഥിരമായി കേടുപാടുകള്‍ വരും.മുംബൈയില്‍ എച്ച്പി രോഗികളുടെ എണ്ണം കൂടുകയാണെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. അസിഡിറ്റി കലര്‍ന്ന ഇവയുടെ കാഷ്ഠം നഗരത്തിലെ പൈതൃക കെട്ടിടങ്ങളെയും ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.കൂടാതെ ഇവയുടെ കാഷ്ടത്തിലെ ആസിന്റെ സാന്നിദ്ധ്യം വാഹനങ്ങളുടെ പെയ്ന്റിനെ വരെ ദോഷകരമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍.ഇങ്ങനെ മലീനീകരണ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കബൂത്തര്‍ഖാനകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശമുണ്ടായത്.
നടപടിയുടെ ആദ്യപടിയായി ദാദറിലെ കബൂത്തര്‍ഖാനയ്ക്കു ചുറ്റുമുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി.പ്രാവുകള്‍ക്കുള്ള ഭക്ഷണത്തിനായി എത്തിച്ച ധാന്യങ്ങള്‍ അടങ്ങിയ ചാക്കുകള്‍ പല കബൂത്തര്‍ഖാനകളിലും നീക്കം ചെയ്തു.പ്രദേശവാസികളും കബൂര്‍ത്തര്‍ഖാനകളുടെ സമീപത്തുകൂടെ കടന്നുപോകുന്നവരും ഭക്ഷണമിട്ടുകൊടുക്കുന്നത് നിര്‍ത്തിയാല്‍ മാത്രമേ അവ പൂര്‍ണമായും അടച്ചുപൂട്ടാന്‍ കഴിയുകയുള്ളൂവെന്നുമാണ് ബിഎംസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.കോര്‍പറേഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം ആരംഭിച്ചിട്ടുമുണ്ട്.പ്രധാനപ്പെട്ട 51 കബൂത്തര്‍ഖാനകളാണു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. പ്രാവുകള്‍ക്കു ഭക്ഷണം നല്‍കാനായി സജ്ജമാക്കിയിരിക്കുന്ന ഇവ നഗരത്തിന്റെ വളര്‍ച്ചയോടൊപ്പം രൂപപ്പെട്ടവയാണ്.
ഷീറ്റുകൊണ്ട് മറച്ച് അധികൃതര്‍ .. എടത്തുമാറ്റി ജനങ്ങളും.. പ്രതിഷേധം കനക്കുമ്പോള്‍
കബൂത്തര്‍ഖാനകള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മുംബൈ സാക്ഷ്യം വഹിക്കുന്നത്.കേവലം ഭക്ഷണം നല്‍കുക എന്നതിനപ്പുറം വിശ്വാസത്തിന്റെ ഭാഗമായി പ്രാവുകള്‍ക്കും മറ്റും ഭക്ഷണം നല്‍കുന്നവരും മുംബൈയില്‍ ഏറെയുണ്ട്. കബൂത്തര്‍ഖാനകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അവരും പക്ഷിസ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്.പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കാന്‍ ഹൗസിങ് സൊസൈറ്റികളോടു ചേര്‍ന്ന് പ്രത്യേകം ഇടങ്ങള്‍ നിര്‍മിക്കണമെന്ന കോടതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്നു സാമൂഹിക പ്രവര്‍ത്തകനായ നരേന്ദ്ര മേത്ത പറഞ്ഞു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് ഇവ കൂടുതല്‍ അപകടകാരികളാകുന്നതെങ്കില്‍ നഗരത്തിലെ ഒഴിഞ്ഞ പ്രദേശങ്ങളില്‍ കബൂത്തര്‍ഖാനകള്‍ മാറ്റിസ്ഥാപിക്കാമെന്ന നിര്‍ദേശവും പലരും പങ്കുവച്ചു.തിരക്കുള്ള പ്രദേശത്തുനിന്ന് ഇത് മാറ്റിസ്ഥാപിക്കാന്‍ ബിഎംസി നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.ദാദറിലെ പ്രസിദ്ധമായ കബൂത്തര്‍ഖാന ബിഎംസി ഉദ്യോഗസ്ഥര്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു പൂര്‍ണമായും മറച്ചതും വിവാദമാകുന്നുണ്ട്.മൃഗസ്നേഹികളുടെ പ്രതിഷേധത്തിനു പുറമേ മന്ത്രി മംഗള്‍ പ്രഭാത് ലോധ ബിഎംസി കമ്മിഷണര്‍ക്ക് കത്തയച്ചു. പട്ടിണി മൂലം പ്രാവുകള്‍ക്കു ജീവന്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടാകരുതെന്നും മൃഗസ്നേഹികളുടെ ആശങ്കകള്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബികെസിയും സഞ്ജയ്ഗാന്ധി നാഷനല്‍ പാര്‍ക്കും ആരെ കോളനിയും അടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒഴിഞ്ഞ പ്രദേശങ്ങള്‍ ഉണ്ടെന്നും അവിടങ്ങളിലേക്കു കബൂത്തര്‍ഖാനകള്‍ മാറ്റിസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. കബൂത്തര്‍ഖാനകളില്‍ അനിയന്ത്രിതമായ രീതിയില്‍ ഭക്ഷണവിതരണം നടക്കുന്നുണ്ടെന്നും അനധികൃതമായി ഇത് ചെയ്യുന്നവര്‍ക്ക് എതിരെ കേസെടുക്കണമെന്നും കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രികാലങ്ങളിലാണ് ബിഎംസി ഉദ്യോഗസ്ഥര്‍ ദാദറിലെ കബൂത്തര്‍ഖാന പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചത്.പിന്നാലെ സ്ത്രീകള്‍ ഉള്‍പ്പടെ പ്രതിഷേധക്കാരുടെ നേതൃത്വത്തില്‍ ഷീറ്റ് മറ മാറ്റി പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു.
പിന്നാലെ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ പിഴയും ഈടാക്കിത്തുടങ്ങി.പ്രാവുകള്‍ക്ക് അനധികൃതമായി ഭക്ഷണം നല്‍കിയതിന്റെ പേരില്‍ ജൂലൈ 13 ഓഗസ്റ്റ് 3 കാലയളവില്‍ 142 പേരില്‍ നിന്ന് 68,700 രൂപ ബിഎംസി പിഴയീടാക്കി.ദാദറിലെ പ്രസിദ്ധമായ കബൂത്തര്‍ഖാനയില്‍നിന്ന് മാത്രം 61 പേരില്‍ നിന്നായി 27,200 രൂപയാണ് പിഴയീടാക്കിയത്.പ്രാവുകള്‍ക്കു ഭക്ഷണം നല്‍കിയ 18 പേര്‍ക്കെതിരെ കേസെടുത്തു.51 കബൂത്തര്‍ഖാനകളാണു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. പി.നോര്‍ത്ത്, പി. ഈസ്റ്റ് വാര്‍ഡുകളില്‍ 5 വീതവും കെ.വെസ്റ്റ്, ഡി വാര്‍ഡുകളില്‍ 4 വീതവുമുണ്ട്.പിഴ ഈടാക്കുമ്പോഴും ഭക്ഷണം നല്‍കുന്നതില്‍ നിന്ന് പിന്മാറെ
പ്രവൃത്തി തുടരുകയാണ് ഒരു വിഭാഗം.ഒരു വശത്ത് പ്രതിഷേധം കനക്കുമ്പോഴും കബൂത്തര്‍ഖാനകള്‍ അടച്ചുപൂട്ടിയ നടപടിയില്‍ പരിസരത്തെ കച്ചവടക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു.
രാഷ്ട്രീയത്തെപ്പോലും പിടിച്ചുകുലുക്കുന്ന പ്രാവിന്‍കൂട്ടങ്ങള്‍
മുംബൈയുടെ ആകാശത്തിന് മേലെ പറന്നുയരുന്ന പ്രാവിന്‍കൂട്ടങ്ങള്‍ സംസ്ഥാനത്തെ രാഷ്ട്രീയത്തെപ്പോലും വെല്ലുവിളിക്കുകയാണ്. ചെറിയ രീതിയില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ ഇന്ന് രാഷ്ട്രീയ വിവാദമായി മാറുകയാണ്. മുംബൈ കോര്‍പ്പറേഷന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പരസ്യമായി രംഗത്തെത്തി. കബൂത്തര്‍ഖാനകള്‍ പരിപാലിക്കുന്നവരില്‍ പ്രധാനികള്‍ ജൈനമതസ്ഥരും ഗുജറാത്തികളുമാണ്.മതവിശ്വാസത്തിന്റെ ഭാഗമായി പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ജൈനമത വിശ്വാസികളും, ഗുജറാത്തികളും ഇതിനെതിരെ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്.ബിജെപിയുടെ പ്രധാന വോട്ടുബാങ്കുകളായ ജൈന മത വിശ്വാസികളെയും ഗുജറാത്തികളെയും പിണക്കാതെ ചേര്‍ത്തുനിര്‍ത്തുന്ന തന്ത്രമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇപ്പോള്‍ പയറ്റുന്നത്.
പ്രാവുകള്‍ക്കു ഭക്ഷണം വിതരണം ചെയ്യാനായി തയാറാക്കിയ കബൂത്തര്‍ഖാനകള്‍ പെട്ടെന്ന് അടച്ചുപൂട്ടിയ നടപടി ഉചിതമായില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, നിയന്ത്രിതമായ രീതിയില്‍ ഭക്ഷണവിതരണം അനുവദിക്കണമെന്ന് ബിഎംസിയോട് ആവശ്യപ്പെട്ടു.ഭക്ഷണം ലഭിക്കാതെ പക്ഷികള്‍ ചത്തൊടുങ്ങുന്ന അവസ്ഥ പരിഗണിക്കണമെന്നും അതിനുള്ള പരിഹാരം കണ്ടെത്തിയതിനു ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു.കബൂത്തര്‍ഖാനകള്‍ നിര്‍ത്താനുള്ള നടപടിയുമായി അധികൃതര്‍ മുന്നോട്ടുപോകുന്നതിനിടയിലാണു മുഖ്യമന്ത്രിയുടെ ഇടപെടല്‍.ബിഎംസി തീരുമാനത്തിനെതിരെ ജൈനവിഭാഗം, മൃഗസ്നേഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധസംഗമങ്ങളാണു വിവിധ ഭാഗങ്ങളില്‍ നടന്നത്.
തുടര്‍ന്ന് പൗരപ്രമുഖരും മൃഗസ്നേഹികളുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. പ്രാവുകള്‍ക്ക് എപ്പോള്‍, എവിടെ വച്ച് ഭക്ഷണം നല്‍കണമെന്നതിനെക്കുറിച്ച് വ്യക്തമായ നയം രൂപീകരിക്കണം.ഇവയുടെ കാഷ്ഠവും തൂവലും ശരീരത്തിലെ പൊടിയും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും അവശിഷ്ടങ്ങള്‍ വൃത്തിയാക്കാനും സംസ്‌കരിക്കാനുമുള്ള മികച്ച സാങ്കേതിക സംവിധാനങ്ങള്‍ കണ്ടെത്തുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വിശ്വാസത്തിന്റെ ഭാഗമായി കബൂത്തര്‍ഖാനകള്‍ പരിപാലിക്കുന്നവരില്‍ പ്രധാനികള്‍ ജൈനമതസ്ഥരും ഗുജറാത്തികളുമാണ്. ബിജെപിയുടെ പ്രധാന വോട്ടുബാങ്കുകളിലൊന്നായ ഇവരെ പിണക്കാതെ ചേര്‍ത്തുനിര്‍ത്താനാണു ഫഡ്നാവിസിന്റെ ശ്രമം. സര്‍ക്കാരിന്റെയും ബിഎംസിയുടെയും നിലപാട് കൃത്യമായി കോടതിക്കു മുന്‍പില്‍ അവതരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി, വേണമെങ്കില്‍ സുപ്രീം കോടതി വരെ പോകാന്‍ സര്‍ക്കാര്‍ തയാറാണെന്നും അറിയിച്ചു.
മനുഷ്യന്റെ ആരോഗ്യം തന്നെ വലുത്.. പക്ഷെ നടപടികള്‍ പഠനത്തിന് ശേഷമെന്ന് ഹൈക്കോടതി
നഗരത്തിലെ കബൂത്തര്‍ഖാനകള്‍ പൂട്ടാന്‍ നിര്‍ദേശിച്ചുകൊണ്ട് ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും അതേസമയം, നഗരസഭയുടെ തീരുമാനം സ്റ്റേ ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് വിഷയത്തില്‍ ബോംബെ ഹൈക്കോടതിയുടെ വിശദീകരണം.നഗരത്തിലെ കബൂത്തര്‍ഖാനകള്‍ തുടരണമോ എന്ന് വിദഗ്ധസമിതിക്ക് പരിശോധിക്കാന്‍ കഴിയും. എന്നാല്‍, മനുഷ്യജീവന്‍ പരമപ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാരുടെയും കുട്ടികളുടെയും ആരോഗ്യത്തെ എന്തെങ്കിലും തരത്തില്‍ പ്രാവുകളുടെ ബാഹുല്യം ബാധിക്കുന്നുണ്ടെങ്കില്‍, അത് പരിശോധിക്കണം.ഒരു സന്തുലിതാവസ്ഥ ആവശ്യമാണെന്നും കോടതി പറഞ്ഞു.
കബൂത്തര്‍ഖാനകള്‍ അടച്ചത് നഗരത്തില്‍ പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു.എന്നാല്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കബൂത്തര്‍ഖാനകള്‍ പൂട്ടിയതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.പിന്നാലെ ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് ജസ്റ്റിസുമാരായ ജി.എസ്. കുല്‍ക്കര്‍ണി, ആരിഫ് ഡോക്ടര്‍ എന്നിവരടങ്ങിയ ബെഞ്ച് ഇത്തരത്തിലുള്ള ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നു വ്യക്തമാക്കിയത്.കബൂത്തര്‍ഖാനകള്‍ പൂട്ടാനുള്ള ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനമാണ് തങ്ങളുടെ മുന്നില്‍ തീര്‍പ്പുകല്പിക്കാന്‍ വന്നത്.തങ്ങള്‍ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല.മനുഷ്യന്റെ ആരോഗ്യം പരമപ്രധാനവും ആശങ്കാജനകവുമാണെന്നും, ഈ വിഷയം പഠിച്ച് സര്‍ക്കരിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാമെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
പൊതുജനാരോഗ്യത്തെക്കുറിച്ചുമാത്രമാണ് ആശങ്ക.ആയിരക്കണക്കിന് ആളുകള്‍ താമസിക്കുന്ന പൊതുസ്ഥലങ്ങളാണിവ.ഒരു സന്തുലിതാവസ്ഥയുണ്ടായിരിക്കണം.ഇനി സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും ബെഞ്ച് പറഞ്ഞു.ഈ വിഷയം തീരുമാനിക്കാന്‍ കോടതി ഒരു വിദഗ്ധസമിതിയല്ല.അതിനാല്‍, എന്തെങ്കിലും തീരുമാനമെടുക്കുന്നതിനുമുന്‍പ് ഒരു ശാസ്ത്രീയപഠനം നടത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.ഓഗസ്റ്റ് 13ലേക്ക് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റിവെച്ച ഹൈക്കോടതി,വിദഗ്ധസമിതി രൂപവത്കരിക്കുന്നതിനുള്ള ഉത്തരവ് പാസാക്കുന്നതിന് മഹാരാഷ്ട്ര അഡ്വക്കേറ്റ് ജനറലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു.പ്രാവുകള്‍ക്ക് തീറ്റനല്‍കുന്നത് നിരോധിക്കാനും കബൂത്തര്‍ഖാനകള്‍ പൂട്ടാനുമുള്ള നഗരസഭയുടെതീരുമാനത്തെ ചോദ്യംചെയ്ത് പ്രാവുകള്‍ക്ക് തീറ്റനല്‍കുന്ന ആളുകള്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് കോടതിയുടെ നിലപാട്.അതിനിടെ, കോടതി തീരുമാനം അനുകൂലമാകാനായി ദാദറിലെ ജൈനക്ഷേത്രത്തില്‍ ഇന്നലെ മഹാപൂജ നടത്തി. നാനൂറിലേറെ പേര്‍ പങ്കെടുത്തു.