'എനിക്ക് ഒരു തന്തയാണ്; അല്‍പജ്ഞാനം കൊണ്ട് ഇതുപോലെ ആരെയും കുറ്റപ്പെടുത്തരുത്; പട്ടാളക്കാരന്റെ രാജ്യസ്‌നേഹം അളക്കാന്‍ മല്ലിക ചേച്ചി ആയിട്ടില്ല; എന്നെക്കൊണ്ട് പറയിപ്പിക്കരുത്; എമ്പുരാന്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന സിനിമ, മോഹന്‍ലാല്‍ എമ്പുരാന്‍ കണ്ടിട്ടില്ല'; മല്ലിക സുകുമാരനെതിരെ മേജര്‍ രവി

'എനിക്ക് ഒരു തന്തയാണ്; അല്‍പജ്ഞാനം കൊണ്ട് ഇതുപോലെ ആരെയും കുറ്റപ്പെടുത്തരുത്

Update: 2025-08-25 02:42 GMT

തിരുവനന്തപുരം: കേരളത്തില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സിനിമയാണ് എമ്പുരാന്‍. വിമര്‍ശനങ്ങളുമായി ഒരു വിഭാഗം രംഗത്തുവന്നപ്പോള്‍ സിനിമയെ അനുകൂലിച്ചും ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നിരുന്നു. ഗുജറാത്ത് കലാപത്തിന്റെ ഭാഗങ്ങള്‍ സിനിമയില്‍ കാണിച്ചതായിരുന്നു തീവ്ര ഹിന്ദുത്വ ശക്തികളെയും ബിജെപി സര്‍ക്കാരിനെയും പ്രധാനമായും ചൊടിപ്പിച്ചത്. പിന്നാലെ മാപ്പുമായി മോഹന്‍ലാല്‍ രംഗത്തുവന്നിരുന്നു.

ആദ്യം സിനിമയെ പ്രശംസിച്ചും പിന്നീട് സിനിമയെ വിമര്‍ശിച്ചുമായിരുന്നു സംവിധായകനും ബിജെപി നേതാവുമായ മേജര്‍ രവിയുടെ പ്രതികരണം. മോഹന്‍ലാല്‍ സിനിമ കണ്ടിട്ടില്ലെന്നും മാപ്പെഴുതിത്തന്ന കത്ത് തന്റെ കയ്യിലുണ്ടെന്നും മേജര്‍ രവി അന്ന് വാദിച്ചിരുന്നു. പിന്നാലെ മേജര്‍ രവിക്കെതിരെ വിമര്‍ശനവുമായി മല്ലിക സുകുമാരനും അന്ന് രംഗത്തെത്തി. മേജര്‍ രവിക്ക് എന്താണ് മോഹന്‍ലാലിന്റെ കയ്യില്‍ നിന്നും കിട്ടാനുള്ളതെന്ന് അറിയില്ലെന്നും എന്തെങ്കിലും കാര്യം കാണുമെന്നും അവര്‍ പറയുകയുണ്ടായി.

പടം കണ്ടിറങ്ങിയ ഉടനെ ' അയ്യോ ഇത് ഹിസ്റ്ററിയാകും മോനേ... ചരിത്ര നേട്ടമാണിത് എന്നൊക്കെ പറഞ്ഞ് ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ച്, എന്റെ പൊന്നു ചേച്ചീ, അമ്മേ എന്നൊക്കെ പറഞ്ഞ് പോയ ആള് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് ചതിച്ചെന്ന് പറയണമെങ്കില്‍ ഇത്രയുമേയുള്ളോ ഇവരുടെയൊക്കെ വാക്കിന്റെ വില? ഇവരൊക്കെയാണോ ദേശം നോക്കുന്ന കമാന്‍ഡോസ്? ഇത് ദേശ സ്‌നേഹം കൊണ്ടല്ല, വ്യക്തി സ്‌നേഹം കൊണ്ടാണ് പൃഥ്വിരാജിനെ ചീത്ത വിളിച്ചത്' എന്നായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.

ഇപ്പോളിതാ മല്ലികാ സുകുമാരന് മറുപടിയുമായി മേജര്‍ രവിയും രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് വളരെ ബഹുമാനമുള്ളയാളാണ് മല്ലിക സുകുമാരനെന്നും ഫാക്ടുകള്‍ മനസിലാക്കണമെന്നും മേജര്‍ രവി പറയുന്നു. താന്‍ ചാടി ചാടി പാര്‍ട്ടി മാറുന്നുവെന്ന് പറയുന്നത് അസംബന്ധമാണ്. തനിക്ക് ഒരു തന്തയാണ്. ഏതെങ്കിലുമൊരു പാര്‍ട്ടിയില്‍ താന്‍ മെമ്പറാണെന്ന് അവര്‍ തെളിയിക്കുകയാണെങ്കില്‍ താന്‍ അത് കേള്‍ക്കും.

തനിക്ക് ഒരു തന്തയാണുള്ളതെന്നും തന്റെ രാജ്യസ്നേഹം അളക്കാന്‍ മല്ലികച്ചേച്ചിയായിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു. എമ്പുരാന്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ അങ്ങനെയോ പറയുകയുള്ളൂ, റിലീസിന് മുമ്പ് മോഹന്‍ലാല്‍ എമ്പുരാന്‍ കണ്ടിട്ടില്ല എന്നത് ഞാന്‍ ആവര്‍ത്തിക്കുകയാണെന്നും മേജര്‍ രവി വ്യക്തമാക്കി.

മേജര്‍ രവിയുടെ വാക്കുകളിലേക്ക്

'എനിക്ക് വളരെ ബഹുമാനമുള്ളയാളാണ് മല്ലികച്ചേച്ചി. എന്നാല്‍ ആദ്യം ഫാക്ടുകള്‍ മനസിലാക്കണം. ചാടിച്ചാടി പാര്‍ട്ടി മാറുന്നുപോലും. എനിക്ക് ഒരു തന്തയാണ്. ഇങ്ങനെ പറയുന്നതില്‍ ക്ഷമിക്കണം. ഇന്ത്യ മഹാരാജ്യത്ത് ഏതെങ്കിലും പാര്‍ട്ടിയില്‍ ഞാന്‍ മെമ്പറായിരുന്നു എന്ന് ഇവര്‍ പറയുകയാണെങ്കില്‍ അന്ന് ഞാന്‍ അവര്‍ പറയുന്നത് കേള്‍ക്കും. അത് തെളിയിക്കണം. എന്നെ കോണ്‍ഗ്രസുകാര്‍ പല സ്ഥലത്തും വിളിച്ച് ആദരിച്ചിട്ടുണ്ട്. അന്ന് ഞാന്‍ കോണ്‍ഗ്രസായി എന്ന് പറയുന്നത് വിവരദോഷമാണ്. അല്‍പജ്ഞാനം കൊണ്ട് ഇതുപോലെ ആരെയും കുറ്റപ്പെടുത്തരുത്. പട്ടാളക്കാരന്റെ രാജ്യസ്നേഹം അളക്കാന്‍ മല്ലികച്ചേച്ചി ആയിട്ടില്ല.

എമ്പുരാന്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ എനിക്ക് അങ്ങനെയേ പറയാന്‍ സാധിക്കൂ. ഇത്രയും വര്‍ഗവിദ്വേഷമുണ്ടാക്കുന്ന ഒരു സിനിമ. അതിനെക്കുറിച്ച് ഓരോന്നായി എടുത്ത് പറയാന്‍ തുടങ്ങിയാല്‍, എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഞാന്‍ പറയുന്നു മോഹന്‍ലാല്‍ എമ്പുരാന്‍ സിനിമ കണ്ടിട്ടില്ല. ഇനിയും മല്ലികച്ചേച്ചി എന്തെങ്കിലും എന്നെക്കുറിച്ച് പറയുകയാണെങ്കില്‍ ആരും എന്നെ വിളിക്കരുത്. ഇതിനൊന്നും പ്രതികരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല'- മേജര്‍ രവി പറഞ്ഞു.

Tags:    

Similar News