യുകെയിലെ ഷോറൂം പ്രചാരണത്തിന് പാക്കിസ്ഥാനി ഇന്‍സ്റ്റ ഇന്‍ഫ്‌ലുവന്‍സര്‍; ഓപ്പറേഷന്‍ സിന്ദൂറിനെ ഭീരുക്കളുടെ രോഷപ്രകടനമെന്ന് താറടിച്ചുകാട്ടിയ അലീഷ്ബാ ഖാലിദിന്റെ സാന്നിധ്യത്തില്‍ വിവാദം; ബോയ്കോട്ട് മലബാര്‍ ഗോള്‍ഡ് കാമ്പയിന്‍ വീണ്ടും; ദേശീയ തലത്തില്‍ വാര്‍ത്ത; സോഷ്യല്‍ മീഡിയയില്‍ കോലാഹലം; കേസും കോടതിയും; മലബാര്‍ ഗോള്‍ഡ് വീണ്ടും എയറില്‍ ആയത് ഇങ്ങനെ
മലബാര്‍ ഗോള്‍ഡ് വീണ്ടും എയറില്‍ ആയത് ഇങ്ങനെ
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറിയാണ് കോഴിക്കോട് കേന്ദ്രമായുളള മലബാര്‍ ഗോള്‍ഡ്. പന്ത്രണ്ടോളം രാജ്യങ്ങളില്‍ ശാഖകളുളള മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ശതകോടികളുടെ കച്ചവടമാണ് നടത്തുന്നത്. എം പി അഹമ്മദ് എന്ന കോഴിക്കോടുകാരന്റെ നേതൃത്വത്തില്‍ അനേകം നിക്ഷേപകര്‍ ചേര്‍ന്ന് നടത്തുന്ന മലബാര്‍ ഗോള്‍ഡ് സ്വര്‍ണ വ്യാപാര മേഖലയിലെ പ്രമുഖ ബ്രാന്‍ഡ് നെയിമാണ്. ഇപ്പോള്‍ മലബാര്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട ഒരുവിവാദമാണ് വാര്‍ത്തകളില്‍ നിറയുന്നത്.
പാക്കിസ്ഥാനി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായുള്ള സഹകരണം വിവാദമായി
മലബാര്‍ ഗോള്‍ഡ് ഒരു പാകിസ്ഥാനി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായി സഹകരിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. യു.കെയിലെ ബെര്‍മിങ്ഹാമില്‍ പുതിയ ഷോറൂമിന്റെ പ്രചാരണാര്‍ത്ഥം ഇന്ത്യ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അലീഷ്ബാ ഖാലിദിനെ ഉപയോഗിച്ചതാണ് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കും 'ബോയ്‌കോട്ട് മലബാര്‍ ഗോള്‍ഡ്' ക്യാമ്പെയ്നിനും വഴിതെളിച്ചത്. ലണ്ടനില്‍ താമസിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറാണ് അലീഷ്ബ. ഷോറൂം ഉദ്ഘാടനത്തില്‍ അവര്‍ സജീവ സാന്നിധ്യമായിരുന്നു. മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായ കരീന കപൂറിനൊപ്പമുളള ചിത്രങ്ങളും പുറത്തുവന്നു. മലബാര്‍ ഗോള്‍ഡിന്റെ പ്രചാരണത്തിനായി അവര്‍ വീഡിയോ പുറത്തിറക്കുകയും ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂറും വിവാദ പ്രസ്താവനയും
അലീഷ്ബയെ കേന്ദ്രീകരിച്ചുള്ള മലബാര്‍ ഗോള്‍ഡിന്റെ പ്രചാരണം പൊടുന്നനെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. അലീഷ്ബയുടെ ആരാധകരില്‍ 60 ശതമാനവും ഇന്ത്യക്കാരാണെങ്കിലും, അവര്‍ അടിസ്ഥാനപരമായി പാക്കിസ്ഥാനൊപ്പം നില്‍ക്കുന്നു എന്നതുമാത്രമല്ല, ഓപ്പറോഷന്‍ സിന്ദൂര്‍ സമയത്തെ ഇന്ത്യാ വിരുദ്ധ പ്രസ്താവനയും വിവാദമായി. ഇന്ത്യയെ പുച്ഛിക്കുകയും, തള്ളിപ്പറയുകയും, ഭീരുക്കളുടെ രോഷപ്രകടനമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പരിഹസിക്കുകയും ചെയ്ത ഇന്‍ഫ്‌ലുവന്‍സറാണ്.
പാക്കിസ്ഥാനിലെ നിരപരാധികളായ മനുഷ്യരെയും പള്ളികളെയും ഒക്കെ തകര്‍ക്കുന്ന ഇന്ത്യന്‍ ക്രൂരത എന്നാരോപിക്കുകയും, പാക്കിസ്ഥാന് വേണ്ടി ജയ് വിളിക്കുകയും ചെയ്ത വ്യക്തിയാണ്. ഇന്ത്യയെ അധിക്ഷേപിക്കുകയും, അപമാനിക്കുകയും ചെയ്ത അലീഷ്ബാ ഖാലിദിനെ മലബാര്‍ ഗോള്‍ഡ് പ്രചാരണത്തിനായി നിയോഗിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമായി.
നിയമനടപടി
മലബാര്‍ ഗോള്‍ഡിന്റെ രജിസ്‌ട്രേഡ് ഓഫീസ് മുംബൈയിലാണ്. മലബാര്‍ ഗോള്‍ഡിന്റെ കൂറ് പാക്കിസ്ഥാനാടാണ് എന്ന തരത്തില്‍ വിജയ് പട്ടേല്‍ എന്ന വ്യക്തി ഇട്ട ട്വീറ്റാണ് വിവാദമായത്. ഇതിനെതിരെ മലബാര്‍ ഗോള്‍ഡ് മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ആ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ മുംബൈ കോടതി എക്‌സിനോടും മെറ്റയോടും ഉത്തരവിട്ടു. പാക് അനുകൂലികളാണെന്നാരോപിച്ച് മലബാര്‍ ഗോള്‍ഡിനെതിരെ പ്രചരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. മലബാര്‍ ഗോള്‍ഡ് സമര്‍പ്പിച്ച 442 URL-കള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രചരണം തുടരുകയാണെങ്കില്‍ തെളിവുസഹിതം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് നവംബര്‍ 11ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.
ഇതിനിടെ, തന്നെ ജയിലില്‍ അടയ്ക്കാന്‍ എം പി അഹമ്മദും, മലബാര്‍ ഗോള്‍ഡും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വീണ്ടും വിജയ് പട്ടേല്‍ ട്വീറ്റ് ചെയ്തു. 'Urgent support needed' എന്ന പേരില്‍.
'so MP Ahammed owned Malabar Gold wants to send me to jail for exposing their Pakistani influencer collaboration, who has mocked our Operation Sindoor.
Iam willing to go to jail for the pride of our army
You can't silence me just because you have the power of money
I have not said anything wrong in my tweets
They are saying that they have hired a Pakistani influencer who has mocked our Indian army and Operation Sindoor, much before
As and Indian company, it's your first duty to hire only Indian influencers instead of Pakistani ones
You failed in it, and your hired influencer has spoken against our Indian army. I have just highlighted that.
Let me clarify again, I will choose jail instead of bowing down to a company that hires anti India influencers for their profit
Let 's see who wins, your money, power, or the support of the Indians
ഈ ട്വീറ്റ് ലക്ഷക്കണക്കിന് പേര്‍ ഏറ്റെടുക്കുകയും ഇന്ത്യയില്‍ തരംഗമാകുകയും ചെയ്തു. ഇതിനൊപ്പം വിജയ് പട്ടേല്‍ അറ്റാച്ച് ചെയ്തത് മുംബൈ ഹൈക്കോടതിയില്‍ വിജയ്ക്ക് എതിരെ മലബാര്‍ ഗോള്‍ഡ് കൊടുത്ത ഹര്‍ജിയിലെ ഒരുവാചകമായിരുന്നു. ' procedure 1908 including directing the detention of the Author of Original Defendant N.5, Vijay Gajera, in civil prison for aperiod of upto three monts, or for such other period as this Honoarble court may deem just and proper. മൂന്നുമാസം വിജയ് യെ ജയിലില്‍ അടയ്ക്കണമെന്നും മലബാര്‍ ഗോള്‍ഡ് ആവശ്യപ്പെട്ടുവെന്നതാണ് ഇതിന്റെ ഹൈലൈറ്റ്. ഈ ട്വീറ്റും ഇന്ത്യയില്‍ കാട്ടുതീ പോലെ പടര്‍ന്നു.
കേരളത്തിലെ മാധ്യമങ്ങളില്‍ ഇതുവലിയ വാര്‍ത്തയായില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ഇതുവലിയ വാര്‍ത്തയായി. ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജില്‍ ഇതുവലിയ വാര്‍ത്തയായി വന്നിരുന്നു. സോഷ്യല്‍ മീഡിയയിലും വലിയ കോലാഹലമായി. ഒടുവില്‍ മലബാര്‍ ഗോള്‍ഡ് വിശദീകരണവുമായി രംഗത്തെത്തി.
കമ്പനിയുടെ വിശദീകരണം
വിവാദം കടുത്തതോടെ മലബാര്‍ ഗോള്‍ഡ് വിശദീകരണവുമായി രംഗത്തെത്തി. അലീഷ്ബാ ഖാലിദുമായി കമ്പനിക്ക് ഭാവിയില്‍ ഒരു സഹകരണവുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രൊമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അലീഷ്ബയെ തിരഞ്ഞെടുത്ത പരസ്യ ഏജന്‍സിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തതായും കമ്പനി വ്യക്തമാക്കി. എന്നാല്‍, പാകിസ്ഥാന്‍ ഇന്‍ഫ്‌ലുവന്‍സറുടെ സേവനം താല്‍ക്കാലികമായെങ്കിലും ഉപയോഗിച്ചു എന്ന കാര്യം കമ്പനി സമ്മതിച്ചു. 2025 ഏപ്രില്‍ 22ന് മുമ്പാണ് മലബാര്‍ ഗോള്‍ഡും അലിഷ്ബയും തമ്മില്‍ സംസാരിച്ചതെന്നും കമ്പനി വിശദീകരിച്ചു. ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായത്.
മുമ്പും വിവാദങ്ങളില്‍ പെട്ടു
ഇതിനുമുന്‍പും പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് 2016-ലും 2019-ലും മലബാര്‍ ഗോള്‍ഡ് വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. 2016ല്‍ പാക് ഉപഭോക്താക്കളെ ലക്ഷ്യമിട്ടു ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത പരസ്യം വിവാദമായ സംഭവത്തില്‍ വിശദീകരണവുമായി മലബാര്‍ ഗോള്‍ഡ് രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര പയപരസ്യ ഏജന്‍സിയാണ് ഇത്തരമൊരു പരസ്യം നല്‍കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. മാനേജ്മെന്റിന്റെ അറിവോടെയല്ല ഇതെന്നും മലബാര്‍ ഗോള്‍ഡ് വ്യക്തമാക്കിയിരുന്നു.
മലബാര്‍ ഗോള്‍ഡിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ''പാകിസ്ഥാന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ ക്വിസ്'' എന്ന പരസ്യമാണ് വിവാദത്തിന് ആധാരമായത്. ഇന്ത്യയില്‍ പാക് സ്വാതന്ത്ര്യ സമരം ആഘോഷിക്കാന്‍ മലബാര്‍ ഗോള്‍ഡ് ആഹ്വാനം നല്‍കിയെന്ന തരത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ആഘോഷിക്കാതെ മലബാര്‍ ഗോള്‍ഡ് പാക് സ്വാതന്ത്രസമരം ആഘോഷിക്കാന്‍ ആഹ്വാനം നല്‍കിയെന്ന തരത്തിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയതോടെയാണ് പരസ്യം വിവാദമായത്.
വാര്‍ത്തകള്‍ വന്നതോടെ സോഷ്യല്‍ മീഡിയകളിലും ഇത് ചര്‍ച്ചയായി. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും പരസ്യത്തിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. പോസ്റ്റ് വിവാദമായതോടെ മലബാര്‍ ഗോള്‍ഡ് പരസ്യം നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കൂടാതെ പരസ്യം കണ്ട് രോഷാകുലനായ ഒരാള്‍ മലബാര്‍ ഗോള്‍ഡ് മാനേജ്മെന്റുമായി നടത്തിയ ഫോണ്‍ സംഭാഷണമെന്ന പേരില്‍ ഒരു ഓഡിയോ ക്ലിപ്പും സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.