യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി; പള്ളിയില്‍ വെച്ച് അനുഗ്രഹ ചടങ്ങില്‍ സംബന്ധിച്ച് സുഹൃത്തുക്കളും ബന്ധുക്കളും; ദമ്പതികളായി ഒരുമിച്ചു ജീവിക്കാന്‍ സച്ചിനും നിവിനും; കാതല്‍ സിനിമയില്‍ മമ്മൂട്ടിയുടെ കൂടേ നില്‍ക്കാന്‍ ആളുണ്ടാകും, റിയല്‍ ലൈഫിലെ കഥ വ്യത്യസ്തമാകാമെന്ന് ഇരുവരും
യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി
ലണ്ടന്‍: സ്വവര്‍ഗ വിവാഹങ്ങള്‍ ഇക്കാലത്ത് പതിവായ കാര്യമാണ്. ഒരുകാലത്ത് കേരളീയ സമൂഹം നിഷിദ്ധമെന്ന് പറഞ്ഞ ഇത്തരം ബന്ധങ്ങള്‍ ഇക്കാലത്ത് പതിവായി മാറിയിട്ടുണ്ട്. പരസ്പ്പരം വിവാഹം കഴിച്ച പുരുഷന്‍മാരും സ്ത്രീകളും കേരളത്തിലുണ്ട്. നെറ്റിചുളിക്കലില്‍ നിന്നും മലയാളി സമൂഹവും മാറ്റത്തിന്റെ വഴിയിലാണ്. അതേസമയം കത്തോലിക്കാ സഭ ഇപ്പോഴും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് അടക്കം സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കിയിട്ടുണ്ട് താനും. ഇപ്പോഴിതാ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആശിര്‍വാദങ്ങളോട് യുകെയില്‍ സ്വവര്‍ഗാനുരാഗികലായ മലയാളി യുവാക്കള്‍ വിവാഹിതരായി.
യുകെയിലെ അധ്യാപകരായ സച്ചിന്‍-നിവിന്‍ വിവാഹമാണ് ഇവിടെ ഒരു ദേവാലയത്തില്‍ വെച്ചു നടന്നത്. സുഹൃത്തുകളും ബന്ധുക്കളും പങ്കെടുത്ത സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകള്‍. ഇരുവരെയും ആശിര്‍വദിക്കാന്‍ ച്ര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികരുമുണ്ടായിരുന്നു. തങ്ങളുടെ സന്തോഷത്തിന് സുഹൃത്തുക്കളും കുടുംബവും മുന്‍തൂക്കം നല്‍കിയെന്നാണ് ഇരുവരും പ്രതികരിച്ചത്. ചെറുപ്പത്തില്‍ തന്നെ എതിര്‍ലിംഗത്തോട് താല്‍പ്പര്യമില്ലെന്ന് മനസ്സിലായിരുന്നു എന്നാണ് ഇരുവരും പ്രതികരിച്ചത്. വിവാഹത്തിലേക്ക് എത്തുന്ന ഘട്ടം എളുപ്പമായിരുന്നില്ലെന്നു ഇവര്‍ ചൂണ്ടിക്കാട്ടി.
തങ്ങളുടെ ലൈംഗിക അഭിരുചികള്‍ നേരത്തെ മനസ്സിലാക്കിയതു കൊണ്ട് തന്നെ മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു. ഈ ഘട്ടത്തിലേക്ക് എത്തിയത് വളരെ പണിപ്പെട്ടാണ്. ആത്മഹത്യാ ചിന്തകള്‍ പോലും അലട്ടിയിരുന്നുവെന്നും അതിനെയല്ലാം അതിജീവിക്കാന്‍ സാധിച്ചു. അടുത്തകാലത്തായി കേരളീയ സമൂഹത്തിന്റെ ചിന്താഗതിയല്‍ അടക്കം മാറ്റം വന്നിട്ടുണ്ട്. കാതല്‍ സിനിമയില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രത്തം സമൂഹം സ്വീകരിച്ചു. സിനിമയില്‍ മമ്മൂട്ടിയുടെ കൂടേ നില്‍ക്കാന്‍ ആളുകള്‍ തയ്യാറുണ്ട്. എന്നാല്‍ റിയല്‍ ലൈഫിലെ കഥ വ്യത്യസ്തമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടുന്നു.
സമൂഹത്തില്‍ പല അഭിരുചികളുള്ള ആളുകള്‍ ഉണ്ട്. ഇത് മനസ്സിലാക്കുക എന്നതാണ് പ്രധാനം. പള്ളികള്‍ അടക്കം പലപ്പോഴും ഇത്തരം ബന്ധത്തെ അനുകൂലിക്കാറില്ല. അതുകൊണ്ട് പലര്‍ക്കും ഡബിള്‍ ലൈഫ് നയിക്കേണ്ടി വരുന്നു. ഇത്തരം ഡബിള്‍ ലൈഫുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടാണ് തങ്ങള്‍ ഒരുമിക്കാന്‍ തീരുമാനിച്ചതെന്നും സച്ചിനും നിവിനും പറഞ്ഞു. ഇനിയും കാര്യങ്ങള്‍ അത്രയ്ക്ക് എളുപ്പമാണെന്ന് പറയുന്നില്ല. കുട്ടിയെ അഡോപ്റ്റ് ചെയ്യുക എന്നത് അടക്കം പ്രശ്‌നമാണ്.
തങ്ങളുടെ തീരുമാനം വികാരങ്ങള്‍ അടക്കിപ്പിടിച്ചു ജീവിക്കുന്നവര്‍ക്ക് ആത്മവീര്യം പകരുന്നത് ആകട്ടെയെന്നും. സമൂഹം ഇത്തരക്കാരെ പിന്തുണക്കണമെന്നും അവര്‍ വ്യക്തമാക്കി. പലരെയും കളിയാക്കാനും ട്രോളാനും എളുപ്പമാണ്. അവര്‍ക്ക് പിന്തുണച്ച് ആത്മവീര്യം പകരാനാണ് ബുദ്ധിമുട്ട്. മറ്റു ജീവിതമില്ലെന്ന് മനസ്സിലാക്കി കൊണ്ടാണ് ഈവഴി തിരഞ്ഞെടുത്തത്. മറ്റു കുട്ടികളുടെ ജീവിതം നശിക്കരുത്, ടെന്‍ഷന്‍ ഇല്ലാതെ ജീവിക്കണം, അത്രമാത്രം. നാട്ടില്‍ അടക്കം കാര്യങ്ങള്‍ മാറി വരുന്നുണ്ട്. തങ്ങളുടെ വിവാഹത്തിന് ആശംസകളും പിന്തുണയും അറിയിച്ചു സുഹൃത്തുക്കളുണ്ടെന്നും നിവിനും സച്ചിനും വ്യക്തമാക്കി.