ഇന്റേണല്‍ പ്രോട്ടോകോള്‍ ഡാറ്റ ട്രാന്‍സ്ഫര്‍ അനാലിസിസിലും ഗൂഗിള്‍ ആപ്ലിക്കേഷന്‍ പരിശോധനയിലും ഗോപാലകൃഷ്ണന്റെ പരാതി വ്യാജം; ഐപി അഡ്രസും തെളിയിക്കുന്നത് ഹാക്കിംഗ് നടന്നില്ലെന്ന്; മല്ലു ഹിന്ദു ഓഫ് ഗ്രൂപ്പുണ്ടാക്കല്‍ ബോധപൂര്‍വ്വമോ? ഫോറന്‍സിക് ഫലം ഐഎഎസുകാരന് എതിര്; മതാടിസ്ഥാനത്തില്‍ 'സിവില്‍ സര്‍വ്വീസ്' ഗ്രൂപ്പില്‍ നടപടി വരും
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെതിരെ നടപടി അനിവാര്യമെന്ന വിലയിരുത്തലില്‍ സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി ശാരധാ മുരളീധരന്റെ നിലപാട് നിര്‍ണ്ണായകമാകും. വിവാദത്തില്‍ ഐഎഎസിന്റെ വിശദീകരണം പച്ചക്കള്ളമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഫോണ്‍ ഹാക്ക് ചെയ്തുവെന്ന് ആരോപിച്ച് ഗോപാലകൃഷ്ണന്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്നാണ് അന്വേഷണ കണ്ടെത്തല്‍. മൊഴിയിലും ഇതേ കാര്യങ്ങളാണ് ഐഎഎസുകാരന്‍ ആരോപിച്ചത്. എന്നാല്‍ ബോധപൂര്‍വ്വം ആരോ ഗ്രൂപ്പുണ്ടാക്കിയതാണ്. ഗോപാലകൃഷ്ണന്റെ ഫോണില്‍ മറ്റൊരാളുടെ ഇടപെടല്‍ സാധ്യതയും പോലീസ് കാണുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് അതിവേഗം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഇതോടെ സര്‍ക്കാരിന്റെ അടുത്ത നടപടിയും ഉടന്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അന്വേഷണത്തില്‍ ഫോറന്‍സിക് ഫലം നിര്‍ണ്ണായകമാണ്. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, ഡിജിപി എസ്.ദര്‍വേശ് സാഹിബിനു റിപ്പോര്‍ട്ട് നല്‍കി. രണ്ട് പരിശോധനാ ഫലങ്ങള്‍ ചേര്‍ത്താണ് വസ്തുതാ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കെ.ഗോപാലകൃഷ്ണന്റെ രണ്ടു ഫോണുകളും പരിശോധിച്ച ഫൊറന്‍സിക് ലാബ് അധികൃതരാണ് റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയത്. ഐ ഫോണ്‍ അടക്കം ഗോപാലകൃഷ്ണന്‍ ഉപയോഗിച്ച 2 ഫോണുകളാണ് പൊലീസ് പരിശോധനയ്ക്കു കൈമാറിയത്. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്ത ശേഷമാണ് ഗോപാലകൃഷ്ണന്‍ പൊലീസിനു നല്‍കിയത്. ഈ സാഹചര്യത്തില്‍ ഹാക്കിങ് നടന്നതായി കണ്ടെത്താന്‍ കഴിയില്ലെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. ഫോണ്‍ ഹാക്ക് ചെയ്തതായി തെളിവില്ലെന്ന് മെറ്റ കമ്പനി അധികൃതരും പൊലീസിനെ അറിയിച്ചിരുന്നു. ഇതോടെ ഗോപാലകൃഷ്ണന്‍ പ്രതിസന്ധി കുരുക്കിലാകും. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയാല്‍ ചീഫ് സെക്രട്ടറി പരിശോധിക്കും. അതിന് ശേഷം നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കും.
ഫോണില്‍ ഹാക്കിംഗ് നടന്നിട്ടില്ല. ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാകുന്നത് ഗോപാലകൃഷ്ണന്റെ ഫോണില്‍ ഒരുതരത്തിലും ഉള്ള കൃത്രിമം പുറത്തുനിന്ന് നടന്നിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ ഗോപാലകൃഷ്ണനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത കൂടി. ഗോപാലകൃഷ്ണന്‍ തന്നെ ഉണ്ടാക്കിയതാണ് വാട്സ്ആപ്പ് ഗ്രൂപ്പ് എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. ഐപി അഡ്രസ്സ് പരിശോധിനയും തെളിയിക്കുന്നത് ഇതാണ്. ഫോണ്‍ ഹാക്ക് ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള മറ്റ് ആപ്ലിക്കേഷന്‍സുകള്‍ ഒന്നും തന്നെ ഗോപാലകൃഷ്ണന്റെ ഫോണില്‍ ഉണ്ടായിരുന്നില്ല. ഗോപാലകൃഷ്ണന്‍ കൈവശം വച്ചിരുന്ന രണ്ട് ഫോണുകളുടെയും എല്ലാ ആപ്ലിക്കേഷന്റെയും ലിസ്റ്റ് പോലീസ് ശേഖരിച്ചിരുന്നു. ഫോണ്‍ ഹാക്ക് ചെയ്യണമെങ്കില്‍ ഇ.എക്സ്. ഇ ഫയലുകള്‍ ഏതെങ്കിലും ഒന്ന് വേണം. അതൊന്നും ഉണ്ടായിട്ടില്ല.
ഇന്റേണല്‍ പ്രോട്ടോകോള്‍ ഡാറ്റ ട്രാന്‍സ്ഫര്‍ അനാലിസിസ് മുഖാന്തരം നടത്തിയ അന്വേഷണത്തിലും ഗൂഗിള്‍ ആപ്ലിക്കേഷന്‍ പരിശോധനയിലും ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് തെളിഞ്ഞുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഗോപാലകൃഷ്ണന്റെ ഫോണില്‍നിന്ന് ഡേറ്റ ട്രാന്‍സ്ഫര്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്നും പോലീസ് പറയുന്നു. ഇത് ആദ്യമായാണ് കേരള പോലീസില്‍ ഇത്തരമൊരു സംവിധാനം ഉപയോഗിച്ച് അന്വേഷണം നടത്തിയത്. ഒക്ടോബര്‍ 30നാണ് ഗോപാലകൃഷ്ണന്‍ അഡ്മിനായി മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്. ദീപാവലി ദിവസം ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണു താന്‍ അഡ്മിന്‍ ആയി വാട്സാപ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് അറിഞ്ഞതെന്നാണു ഗോപാലകൃഷ്ണന്റെ മൊഴി.
ആദ്യം പേടിച്ചുപോയി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ഓണ്‍ ചെയ്ത് ഗ്രൂപ്പുകള്‍ നീക്കംചെയ്തു. ഹിന്ദു, മുസ്ലിം എന്നീ പേരുകളിലടക്കം ഒട്ടേറെ ഗ്രൂപ്പുകളുണ്ടായിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്താണ് മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്നാണ് ഗോപാലകൃഷ്ണന്റെ പരാതി. ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട് 4 ദിവസം കഴിഞ്ഞാണ് ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയത്. ഹിന്ദു, മുസ്ലിം എന്നീ പേരുകളിലടക്കം ഗ്രൂപ്പുകള്‍ ഹാക്കര്‍മാര്‍ ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. ഇതിന് തെളിവില്ലെന്നാണ് പോലീസ് കണ്ടെത്തല്‍.