സ്വന്തം വീട് പാലുകാച്ചുന്നതിന് മുമ്പ് 30-ലധികം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകി വ്യവസായി വി.ടി. സലിം; അർഹതയുള്ളവരെ കണ്ടെത്തിയത് പഞ്ചായത്ത് ഭരണസമിതികളുടെ നിർദേശത്തിൽ; ആശംസയുമായി ഷാർജയിൽ മമ്മൂട്ടിയും; ചടങ്ങിൽ പങ്കെടുത്ത് രാഷ്ട്രീയ സിനിമ മേഖലയിലെ പ്രമുഖർ
ഷാർജ: ഷാർജയിൽ സ്വന്തം വീട് പാലുകാച്ചുന്നതിന് മുമ്പ് കേരളത്തിൽ നിർധനരായ 30-ൽ അധികം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകി മാതൃകയായി മലയാളിയായ വ്യവസായി വി.ടി. സലിം. ഷാർജയിൽ സലിമിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നടന്നിരുന്നു. ചടങ്ങിന് തലേദിവസമാണ് പ്രമുഖ നടൻ മമ്മൂട്ടി വി.ടി. സലിമിനെ നേരിട്ട് കണ്ട് ആശംസകൾ നേർന്നത്. ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തിയതിന് ശേഷം മമ്മൂട്ടി നടത്തിയ ആദ്യ വിദേശയാത്രയും വി.ടി. സലിമിന്റെ ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ചായിരുന്നു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് മമ്മൂട്ടി ഷാർജയിലെ സലിമിന്റെ വസതിയിലെത്തിയത്. ഷാർജയിൽ വീട് നിർമ്മിക്കാൻ അവസരം ലഭിച്ചപ്പോൾ മുതൽ തന്നെ അർഹതപ്പെട്ട നിർധനർക്ക് ഭവനങ്ങൾ നിർമ്മിച്ച് നൽകണമെന്നത് സലീമിന്റെയും കുടുംബത്തിന്റെയും വലിയ ആഗ്രഹമായിരുന്നു. ഈ ലക്ഷ്യം നിറവേറ്റാനായി വിവിധ പഞ്ചായത്ത് ഭരണസമിതികളുടെയും മറ്റും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അർഹതയുള്ളവരെ കണ്ടെത്തുകയും, രഹസ്യമായി അവരെ സഹായിക്കുകയുമായിരുന്നു അദ്ദേഹം. ഈ പ്രവൃത്തി തൻ്റെ സ്വപ്ന ഭവനം ഷാർജയിൽ യാഥാർത്ഥ്യമാക്കാൻ പ്രചോദനമായതായി സലിം വിശ്വസിക്കുന്നു.
വി.ടി. സലിമിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പ്രമുഖരും സാധാരണക്കാരുമടക്കം നിരവധിപേർ പങ്കെടുത്തു. സണ്ണി ജോസഫ്, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, വി.ഡി. സതീശൻ, പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, എം. ഹസൻ, ഹൈബി ഈഡൻ തുടങ്ങിയ നേതാക്കളും, കുഞ്ചാക്കോ ബോബൻ, രഞ്ജി പണിക്കർ, എം.എ. അഷ്‌റഫ് അലി, ഡോ. ആസാദ് മൂപ്പൻ, ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, ഡോ. അൻവർ അമീൻ, റിയാസ് ഷം ചേലേരി, ലാൽ അഹമ്മദ്, എ.കെ. ഫൈസൽ, ഷംസുദ്ദീൻ നെല്ലറ, പുത്തൂർ റഹ്മാൻ, നിസാർ തളങ്കര, അഡ്വക്കേറ്റ് കെ.ജി. അനിൽകുമാർ, ആന്റോ ജോസഫ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. സലിം ജനിച്ചു വളർന്ന ചാവക്കാട്-ഗുരുവായൂർ പ്രദേശത്തെ ബാല്യകാല സുഹൃത്തുക്കളിൽ ചിലരും ഷാർജയിലെ വീട്ടിലെ ചടങ്ങിൽ പങ്കുചേർന്നു.