പണം തട്ടിപ്പു കേസിലെ പ്രതിയെ തേടിയിറങ്ങിയ പോലീസിന് കൈയില്‍ കിട്ടിയത് നിരപരാധിയെ; ആളുമാറി കൈത്തരിപ്പ് തീര്‍ത്തപ്പോള്‍ യുവാവിന്റെ കര്‍ണപുടത്തിന് പരിക്ക്; ഒരു മാസത്തേക്ക് വിശ്രമം നിര്‍ദേശിച്ചു ഡോക്ടര്‍മാര്‍; പോലീസ് മര്‍ദ്ദനത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവാവ്

പോലീസ് മര്‍ദ്ദനത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവാവ്

Update: 2025-05-05 02:10 GMT

കോഴിക്കോട്: പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് മേപ്പയൂരില്‍ ആളുമാറി പോലീസ് മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ ചെവിക്ക് പരിക്ക്. അടിയേറ്റ് കര്‍ണപടത്തിന് പരിക്കേറ്റ യുവാവ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കയാണ്. ചെറുവണ്ണൂര്‍ കണ്ടിത്താഴ പാറക്കാത്ത് മൊയ്തിയുടെ മകന്‍ ആദിലിന് (18) ആണ് മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മേപ്പയൂര്‍ ടൗണിലെ ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ നില്‍ക്കുന്നതിനിടെയാണ് മഫ്തിയില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ആദിലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മര്‍ദിച്ചത്.

മര്‍ദനത്തില്‍ യുവാവിന്റെ കര്‍ണപുടത്തിന് പരിക്കേറ്റതായി ബന്ധുക്കള്‍ ആരോപിച്ചു. മര്‍ദനത്തിന് ശേഷം ചെവി വേദനയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും ആദില്‍ ചികിത്സ തേടി. കര്‍ണപുടത്തിന് പരിക്കേറ്റതാണ് വേദനയ്ക്ക് കാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.

മേപ്പയൂര്‍ സ്വദേശിയായ സൗരവിനെ കളമശ്ശേരിയില്‍ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിലെ പ്രതിയെ തേടിയെത്തിയ പൊലീസ് സംഘമാണ് ആദിലിനെ മര്‍ദിച്ചത് എന്നാണ് വിവരം. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതി മുഹമ്മദ് ഹാഷിറിനെ (21) അന്വേഷിച്ചാണ് പോലീസ് സംഘം മേപ്പയൂരിലെത്തിയത്. കേസിലെ മറ്റൊരു പ്രതിയെന്ന് കരുതുന്ന മേപ്പയൂര്‍ സ്വദേശിയും ഹാഷിറും ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ എത്തിയ സമയത്ത് ആദില്‍ അവിടെ ഉണ്ടായതാണ് പൊലീസിന് സംശയം ഉണ്ടാക്കിയത്.

സംഭവത്തെ കുറിച്ച് ആദില്‍ പറയുന്നത് ഇങ്ങനെ: 'എസ്ബിഐ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുന്നതിനായാണ് ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ എത്തിയത്. അപ്പോള്‍ ഹാഷിര്‍ അവിടെ എത്തി. പെട്ടെന്ന്, മഫ്തിയിലുള്ള ഒരു സംഘം പോലീസ് അവിടെയെത്തി എന്നെയും ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ നിന്നിരുന്ന മറ്റൊരാളെയും ഹാഷിറിനൊപ്പം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേസിനെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ആളുകളെക്കുറിച്ചും അറിയില്ലെന്ന് പറഞ്ഞു. ഇതിനിടെ ആയിരുന്നു മര്‍ദനം. പിന്നീടാണ് പൊലീസിന് അബദ്ധം മനസിലായത്. തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് ഉച്ചകഴിഞ്ഞ് 3.30 ഓടെ അവര്‍ വിട്ടയച്ചു.

ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു. പിന്നാലെയാണ്, കടുത്ത ചെവി വേദന അനുഭവപ്പെട്ടതും ചികിത്സ തേടിയതും. തുടര്‍ന്നുള്ള സ്‌കാനിംഗിലും പരിശോധനയിലും എനിക്ക് കര്‍ണപടലത്തിന് പരിക്കേറ്റതായി കണ്ടെത്തി, ഒരു മാസത്തേക്ക് വിശ്രമം നിര്‍ദേശിച്ചു ,' ആദില്‍ പറഞ്ഞു. മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, മേപ്പയ്യൂര്‍ പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ആദിലും കുടുംബവും.

അതേസമയം, ആദിലിനെ മര്‍ദിച്ചിട്ടില്ലെന്നാണ് മേപ്പയൂര്‍ പൊലീസിന്റെ വിശദീകരണം. കളമശ്ശേരി പോലീസിനെ സഹായിക്കാന്‍ മേപ്പയൂര്‍ പൊലീസ് ഇടപെട്ടിരുന്നു. യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്തെന്ന് വ്യക്തമായതോടെ തന്നെ വിട്ടയച്ചിരുന്നു. ആദിലിനെ മര്‍ദിച്ചിട്ടില്ലെന്നും മേപ്പയൂര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇ കെ ഷിജു പറഞ്ഞു.

തട്ടിക്കൊണ്ടുപോവല്‍ കേസിലെ പ്രതിയുമായി യുവാവ് സംസാരിക്കുന്നത് കണ്ടതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും പൊലീസ് വിശദീകരിക്കുന്നു. യുവാവിനെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും ഓപ്പറേഷന് നേതൃത്വം നല്‍കിയ കളമശ്ശേരി പോലീസിലെ സബ് ഇന്‍സ്പെക്ടറും പറയുന്നു.

Tags:    

Similar News