വിമാനത്തിന് മുകളില്‍ വലിഞ്ഞു കയറി യുവാവിന്റെ 'അഭ്യാസ പ്രകടനം'; വലന്‍സിയ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍; ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും ഇങ്ങാന്‍ കൂട്ടാക്കാതെ നൃത്തം ചെയ്യല്‍; ആംസ്റ്റര്‍ഡാമിലേക്ക് പോകേണ്ടിയിരുന്ന വിമാനം വൈകിയത് രണ്ടര മണിക്കൂര്‍

വിമാനത്തിന് മുകളില്‍ വലിഞ്ഞു കയറി യുവാവിന്റെ 'അഭ്യാസ പ്രകടനം'

Update: 2026-02-02 16:39 GMT

മാഡ്രിഡ്: സ്‌പെയിനില്‍ വിമാനത്തിന് മുകളില്‍ വലിഞ്ഞു കയറി യുവാവിന്റെ 'അഭ്യാസ പ്രകടനം. പറന്നുയരാന്‍ തയ്യാറെടുത്ത വിമാനത്തിന് മുകളില്‍ കയറിയാണ് യുവാവ് പരാക്രമം കാണിച്ചത്. സ്‌പെയിനിലെ വലന്‍സിയ മാനിസസ് വിമാനത്താവളത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് യാത്രക്കാരെയും അധികൃതരെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്. ആംസ്റ്റര്‍ഡാമിലേക്ക് പോകേണ്ടിയിരുന്ന ഹൗളിംഗ് എയര്‍ബസ് എ 320 വിമാനത്തിന് മുകളിലാണ് 24 വയസ്സുകാരനായ മൊറോക്കോ സ്വദേശി കയറിപ്പറ്റിയത്. ഇതേത്തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂറോളം വൈകി.

വിമാനത്തില്‍ വലിഞ്ഞുകയറിയ വിമാനത്തിന്റെ മുകളിലൂടെ ഓടുകയും നിലത്തുള്ള ഗ്രൗണ്ട് സ്റ്റാഫിനെ നോക്കി കൂക്കിവിളിക്കുകയും ചെയ്ത യുവാവ്, ഏകദേശം 10 മിനിറ്റോളം മുകളില്‍ നിലയുറപ്പിച്ചു. ഉദ്യോഗസ്ഥര്‍ താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കാതടച്ചുപിടിച്ച് തനിക്ക് ഒന്നും കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് ആംഗ്യം കാണിച്ച യുവാവ് അവരെ പരിഹസിച്ചു. ഇതിനിടെ ബാഗില്‍ നിന്നും ടിന്‍ എടുത്തു കുടിക്കുകയും വിമാനത്തിന് മുകളില്‍ നൃത്തം ചെയ്യുകയും ചെയ്തു.

സിവില്‍ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഏറെനേരം സംസാരിച്ച ശേഷമാണ് ഇയാള്‍ താഴെയിറങ്ങാന്‍ കൂട്ടാക്കിയത്. ഇയാളുടെ പക്കല്‍ ആയുധങ്ങളൊന്നുമില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. എയര്‍ സേഫ്റ്റി നിയമങ്ങള്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. യുവാവിനെ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വിമാനത്തിന്റെ മുകള്‍ഭാഗത്ത് തകരാറുകള്‍ ഒന്നുമില്ലെന്ന് സാങ്കേതിക വിദഗ്ധര്‍ ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടരാന്‍ അനുമതി നല്‍കിയത്.

യുവാവിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ സംശയാസ്പദമായി ഒന്നുമുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദമാണ് യുവാവിനെ ഇത്തരമൊരു പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ നിലവില്‍ വലന്‍സിയ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്തിന് മുകളിലൂടെ യുവാവ് നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

തായ്ലന്‍ഡില്‍ വിമാനത്തില്‍ നിന്ന് ചാടി യാത്രക്കാരന്‍

സമാനമായ മറ്റൊരു സംഭവത്തില്‍, വിയറ്റ്‌നാമില്‍ നിന്നും ബാങ്കോക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഏഷ്യ വിമാനത്തില്‍ റഷ്യന്‍ വംശജനായ യാത്രക്കാരന്‍ പരിഭ്രാന്തി പരത്തി. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ ഇയാള്‍, ജീവനക്കാരെ മര്‍ദ്ദിക്കാന്‍ മുതിരുകയും വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

വിമാനം അടിയന്തരമായി നിലത്തിറക്കിയ ഉടന്‍ സ്റ്റെപ്പുകള്‍ വെക്കുന്നതിന് മുന്‍പേ ഇയാള്‍ പുറത്തേക്ക് ചാടി. വീഴ്ചയില്‍ കാലിന് പരിക്കേറ്റ ഇയാളെ തായ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നു.

Tags:    

Similar News