തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തലകീഴായി തൂങ്ങി കിടന്നു; തെങ്ങില്‍ പാഞ്ഞു കയറി രക്ഷിച്ച് സുധീഷ്: അഗ്നിരക്ഷാ സേന എത്തും വരെ ചുമലില്‍ താങ്ങി നിര്‍ത്തിയത് ഇരുപത് മിനിറ്റോളം

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തലകീഴായി തൂങ്ങി കിടന്നു; തെങ്ങില്‍ പാഞ്ഞു കയറി രക്ഷിച്ച് സുധീഷ്

Update: 2024-10-21 02:41 GMT

ബത്തേരി: തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തലകീഴായി തൂങ്ങി കിടന്നയാളെ രക്ഷിച്ച് വഴിപോക്കനായ യുവാവ്. തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. പത്തു മിനറ്റോളം തലകീഴായി കിടന്നപ്പോള്‍ ജീവിതം അവസാനിച്ചെന്നാണ് ഇബ്രാഹിം കരുതിയത്. എന്നാല്‍ ഇബ്രാഹിമിന്റെ പ്രാര്‍ത്ഥനയ്ക്ക് മുന്നില്‍ ദൈവദൂതനായി സുധീഷ് എത്തുക ആയിരുന്നു.

കാറില്‍ പോകും വഴിയാണ് സുധീഷിന്റെ (43) കണ്‍മുന്നില്‍ തലകീഴായി തെങ്ങില്‍ കിടക്കുന്ന ഇബ്രാഹിമിന്റെ രൂപം ഉടക്കിയത്. ഉടന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. സംഭവം കണ്ട് തെങ്ങില്‍ പാഞ്ഞു കയറിയ സുധീഷ് ഇബ്രാഹിമിനെ തോളിലേറ്റി തെങ്ങിന്‍മുകളില്‍ നിന്നു. അഗ്‌നിരക്ഷാസേനയെത്തുംവരെ 20 മിനിറ്റോളമാണ് സുധീഷ്, ഇബ്രാഹിമിനെ ചുമലില്‍ താങ്ങി നിന്നത്.

പഴൂര്‍ ആശാരിപ്പടിയിലാണ് സംഭവം. യന്ത്രത്തിന്റെ സഹായത്തോടെ തെങ്ങിന്‍ മുകളില്‍ കയറി ഓല വെട്ടുന്നതിനിടെയാണ് ഇബ്രാഹിം (41) കൈവിട്ടു താഴേക്കു തൂങ്ങിയത്. ഒരു കാലില്‍ മാത്രം യന്ത്രം കുടുങ്ങി ബാക്കി ശരീരഭാഗമെല്ലാം താഴേയ്ക്കായി 40 അടിയോളം ഉയരത്തില്‍ ഇബ്രാഹിം തൂങ്ങിയാടി. പത്ത് മിനിറ്റോളം ഇബ്രാഹിം അങ്ങനെ കിടന്നു. കടുത്ത വേദനയ്ക്കുള്ളിലും ദൈവത്തെ മുറുക്കെ വിളിച്ചു.

അപ്പോഴാണ് അതുവഴി കഴമ്പ് സ്വദേശിയായ ചാലാപ്പള്ളി സുധീഷ് എത്തിയത്. തെങ്ങിന്‍ മുകളിലേക്കു മിന്നല്‍ വേഗത്തില്‍ കയറിയ സുധീഷ് ഇബ്രാഹിമിന്റെയടുത്തെത്തി തല ഉയര്‍ത്തി തോളില്‍ വച്ചു. പിന്നീട് കയറുകള്‍ കൊണ്ട് തെങ്ങിലും സമീപത്തെ കമുകിലുമായി കെട്ടി ബലപ്പെടുത്തി. ഇബ്രാഹിമിന്റെ തല താഴേക്കു തൂങ്ങാതെ തോളില്‍ വച്ച് സുധീഷ് തെങ്ങിന്‍ മുകളില്‍ തന്നെ നിന്നു.

വയനാട്ടിലെ ബത്തേരിയില്‍ നിന്ന് അപ്പോഴേക്കും അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി. സേനാംഗങ്ങളായ എ.ബി. സതീഷ്, ടി.പി. ഗോപിനാഥന്‍ എന്നിവര്‍ തെങ്ങില്‍ കയറി മൂവരും ചേര്‍ന്ന് ഇബ്രാഹിമിനെ താഴെയിറക്കുകയായിരുന്നു.

Tags:    

Similar News