അര്‍ജുന്റെ കുടുംബം പത്രസമ്മേളനം നടത്തിയത് പിണറായിയുടെ പ്രഖ്യാപനത്തിന് തലേ ദിവസം; മനാഫിനെതിരെ കള്ളക്കേസ് എടുത്തതും മനപൂര്‍വം: സിപിഎം കെണി അറിഞ്ഞിട്ടും ആരെയും വേദനിപ്പിക്കാതെ സൂപ്പര്‍ ഹീറോയായി മനാഫ്

തളരുകയാണ് മാനസികമായി മനാഫ്. പക്ഷേ മലയാളി മനസ്സുകള്‍ മനാഫിനൊപ്പമാണ്

Update: 2024-10-04 08:55 GMT

കോഴിക്കോട്: മനാഫിന് പിന്തുണ കൂടുകയാണ്. മനാഫിനെതിരെ കേസെടുത്തതോടെ മനാഫ് റിയല്‍ ഹീറോയാകുന്നു. അര്‍ജുന് വേണ്ടി അവസാന നിമിഷം വരെ മനാഫ് നിലകൊണ്ടു. അവിടെയുളള വിവരങ്ങള്‍ അറിയിക്കാന്‍ മനാഫ് യൂട്യൂബ് ചാനല്‍ തുടങ്ങി. അതിന് പക്ഷേ മോണിട്ടൈസേഷന്‍ ഉണ്ടായിരുന്നില്ല. അര്‍ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം മനാഫിന് മറുപടിയുണ്ടായിരുന്നു. അതും കിറുകൃത്യം. ആ കുടുംബത്തിനെ മനാഫ് വേദനിപ്പിച്ചതുമില്ല. എന്നിട്ടും കേസ്. തളരുകയാണ് മാനസികമായി മനാഫ്. പക്ഷേ മലയാളി മനസ്സുകള്‍ മനാഫിനൊപ്പമാണ്.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയ രണ്ടു തട്ടില്‍ ചര്‍ച്ചകള്‍ തുടങ്ങി. ചിലര്‍ അര്‍ജുന്റെ കുടുംബത്തെ വിമര്‍ശിക്കുമ്പോള്‍ ചിലര്‍ മനാഫിനെതിരെ പ്രതികരിക്കുന്നു. അതായത് സൈബര്‍ ആക്രമണം മനാഫിനെതിരേയും ഉണ്ടാകുന്നു. സാമൂഹികമാധ്യമങ്ങളിലെ ആക്രമണത്തിന് അര്‍ജുന്റെ കുടുംബം പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ചെയ്യുകയുമുണ്ടായി. ഇതില്‍ ലോറി ഉടമ മനാഫിനേയും പ്രതിയാക്കി. എന്നാല്‍ മനാഫ് കുടുംബത്തെ ഒരിക്കല്‍ പോലും ഇകഴ്ത്തി കാട്ടിയില്ല. എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചെങ്കില്‍ മാപ്പും പറഞ്ഞു. ഇതിനിടെ ലോറി ഉടമ മനാഫിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍ അടക്കമുള്ളവര്‍. യുട്യൂബ് ചാനല്‍ തുടങ്ങിയത് മഹാപരാധമായി കാണാന്‍ തനിക്ക് കഴിയില്ലെന്ന് അഖില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. താന്‍ കണ്ടകാഴ്ചയില്‍ മനാഫ് മനുഷ്യനാണെന്നും അഖില്‍ മാരാര്‍ അഭിപ്രായപ്പെട്ടു.

ഒരു സിപിഎം ഗ്രാമത്തിലാണ് അര്‍ജുന്റെ വീട്. അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയ ശേഷം അതിന്റെ അംഗീകാരം മുഴുവന്‍ മനാഫിലേക്ക് പോയെന്നതാണ് വസ്തുത. 72 ദിവസവും തിരച്ചിലിനെ ഏകോപിപ്പിച്ച മാനാഫ് താരമായി. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. അര്‍ജുന് വേണ്ടി കേരള സര്‍ക്കാരും ഒരുപാട് കാര്യങ്ങള്‍ ചെയ്തു. കര്‍ണ്ണാടകവും നടത്തി. എന്നാല്‍ എല്ലാം മനാഫ് കൊണ്ടു പോകുന്നവെന്ന തോന്നലില്‍ ചിലര്‍ ചിലതെല്ലാം മനഞ്ഞു. തുടര്‍ന്നായിരുന്നു അര്‍ജുന്റെ കുടുംബത്തിന്റെ പത്രസമ്മേളനം. സര്‍ക്കാരില്‍ നിന്നും സംരക്ഷണവും സഹായവും ഉറപ്പു കൊടുത്തവര്‍ ചില തെറ്റിധാരണകളുണ്ടാക്കുകയായിരുന്നു. അതിലൊന്നാണ് യുട്യൂബിലൂടെ മനാഫ് പണമുണ്ടാക്കിയെന്നത്. ഇതില്‍ ഒരു അര്‍ത്ഥവുമില്ല. രണ്ടു ദിവസം മുമ്പ് വെറും പതിനായിരം സബ്‌സ്‌ക്രൈബേഴ്‌സായിരുന്നു ആ ചാനലിന് ഉണ്ടായിരുന്നത്. അതില്‍ നിന്നും വരുമാനവും കിട്ടുമായിരുന്നില്ല. എന്നാല്‍ ഇന്ന് അതിന മൂന്ന് ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സ്. മനാഫിന് മലയാളികള്‍ നല്‍കുന്ന പിന്തുണയ്ക്ക് തെളിവാണ് ഇതെല്ലാം.

വിവാദങ്ങളില്‍ കൃത്യമായ വിശദീകരണമാണ് മനാഫ് നടത്തിയത്. എല്ലാ ആരോപണത്തിനും എണ്ണി എണ്ണി മറുപടി നല്‍കി. ആ നിഷ്‌കളങ്കത തിരിച്ചറിഞ്ഞാണ് ആ യൂട്യൂബ് ചാനലില്‍ സബ്‌സ്‌ക്രൈബേഴ്‌സ് എത്തുന്നതും. അഖില്‍ മരാരുടെ അടക്കം ഫെയ്‌സ് ബുക്ക് പോസ്റ്റ് മനാഫിനുള്ള അംഗീകാരമാണ്. അര്‍ജുനെ കിട്ടിയതോടെ സമാധാന ജീവിതം കിട്ടുമെന്നാണ് വിചാരിച്ചത്. എന്നാല്‍ അതുണ്ടായില്ലെന്ന് മനാഫ് പറഞ്ഞു. സംസാരിക്കവെ വിതുമ്പിക്കൊണ്ടായിരുന്നു മനാഫിന്റെ പ്രതികരണം. 'കേസെടുത്ത കാര്യം രാവിലെയാണ് അറിയുന്നത്. മതങ്ങളെ യോജിപ്പിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. തമ്മില്‍ തല്ലിപ്പിക്കുന്നത് മനാഫ് ഒരിക്കലും ചെയ്യില്ല. അര്‍ജുന്റെ കുടുംബത്തിനെതിരേ കമന്റിടരുതെന്നും അക്രമിക്കരുതെന്നും പൊതുസമൂഹത്തോട് ഞാന്‍ പറഞ്ഞതാണ്. എന്നെക്കൊണ്ട് കഴിയും വിധം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ സമയം വരെ അര്‍ജുന്റെ കുടുംബത്തിന് അനുകൂലമായിട്ടാണ് നിന്നത്. ഇനി അഅങ്ങോട്ടും അവരെക്കൂടെതന്നെ ആകും. എങ്ങനെ കേസില്‍ കൂടുക്കിയാലും ശിക്ഷിച്ചാലും ഞാന്‍ അവരെക്കൂടെത്തന്നെയാണ്'- മനാഫ് പറഞ്ഞു.

തന്റെ യൂട്യൂബ് ചാനല്‍ എല്ലാവര്‍ക്കും കാണാന്‍ പറ്റും. അതില്‍ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മനാഫിനെതിരെ എഫ് ഐ ആര്‍ ഇട്ട നടപടി പോലും വ്യാപക പ്രതിഷേധമായി മാറിയിട്ടുണ്ട്. മനാഫിന് കിട്ടുന്ന പിന്തുണ സര്‍ക്കാരിനേയും അത്ഭുതപ്പെടുത്തുകയാണ്. അതുകൊണ്ട് തന്നെ തിരുത്തല്‍ വന്നേക്കും.


അഖില്‍ മാരാരുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

ശെരിയും തെറ്റും ചര്‍ച്ച ചെയ്യാം...

യൂ ടൂബ് ചാനല്‍ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാന്‍ എനിക്ക് കഴിയില്ല..

മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോള്‍ മറക്കുന്ന മനുഷ്യര്‍ ഉള്ള നാട്ടില്‍ 72 ദിവസം ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി മാറ്റി വെച്ചത് ചെറിയ കാര്യമല്ല..

കുഴിയില്‍ വീണ സുഭാഷിനെ നീ എടുത്തില്ലെങ്കില്‍ ഞാന്‍ എടുക്കും എന്ന് പറഞ്ഞ കൂട്ടുകാരന്‍ കാണിച്ച ആത്മാര്‍ത്ഥത ഭാവിയില്‍ സിനിമ ആകും എന്ന ചിന്തയില്‍ അല്ല.. ഉള്ളിലെ സത്യം സിനിമ ആയി സംഭവിച്ചതാണ്..

മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാള്‍ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാര്‍ത്ഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്...

ഇനി അര്‍ജുനെ വിറ്റ് കാശാക്കിയവരെ എതിര്‍ക്കണം എന്നതാണ് ആഗ്രഹം എങ്കില്‍ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങള്‍ വിമര്‍ശിക്കുക..

മനാഫിനെതിരെ നിരവധി പോസ്റ്റുകള്‍ ഞാന്‍ കണ്ടു.. പക്ഷെ ഒരാള്‍ പോലും അയാള്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല...

ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന് ലോകത്തോട് ഉറപ്പിക്കാന്‍ ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ വരുന്നത് അപകടകരമായ കാഴ്ചയാണ്..

ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്...

Tags:    

Similar News