'ബിരേന്‍ സിംഗ് സര്‍ക്കാര്‍ വന്‍ പരാജയം'; മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി; ബിജെപിക്ക് തിരിച്ചടി; സംഘര്‍ഷത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ച; നാളെ അവലോകന യോഗം
മണിപ്പുര്‍ സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ ബിജെപിക്ക് കനത്ത തിരിച്ചടിയായി എന്‍പിപി (നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി) എന്‍ഡിഎ സഖ്യം വിട്ടു. ബിജെപി കഴിഞ്ഞാല്‍ സര്‍ക്കാരിലെ ഏറ്റവും വലിയ കക്ഷിയാണ് എന്‍പിപി. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാറിനുള്ള പിന്തുണ എന്‍പിപി പിന്‍വലിച്ചത്. എന്‍പിപിയുടെ 7 എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്.
ഇക്കാര്യം അറിയിച്ച് എന്‍പിപി ജെപി നദ്ദയ്ക്ക് കത്ത് നല്‍കി. സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ പറഞ്ഞു. 60 അംഗ മന്ത്രിസഭയില്‍ ഏഴ് അംഗങ്ങളാണ് എന്‍പിപിക്കുള്ളത്. 37 അംഗങ്ങള്‍ ബിജെപിക്കുമുണ്ട്. അതേസമയം, എന്‍പിപി പിന്തുണ പിന്‍വലിച്ചെങ്കിലും ബിരേന്‍ സര്‍ക്കാര്‍ വീഴില്ല.
സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. മണിപ്പുര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തില്‍ എന്‍പിപി തുറന്നടിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഒരു പ്രധാന സഖ്യകക്ഷിയെ നഷ്ടപ്പെട്ടെങ്കിലും, 60 അംഗ മണിപ്പുര്‍ നിയമസഭയില്‍ ബിജെപി സര്‍ക്കാര്‍ സുസ്ഥിരമായി തുടരാനാണ് സാധ്യത. ബിജെപിക്ക് നിലവില്‍ 37 സീറ്റുകള്‍ സ്വന്തമായി ഉണ്ട്. 31 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ജനതാദള്‍ യുണൈറ്റഡിന്റെ 1 എംഎല്‍എ, നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ (എന്‍പിഎഫ്) അഞ്ച് എംഎല്‍എമാര്‍, മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരുടെ പിന്തുണയും ബിജെപിക്കുണ്ട്.
അതേസമയം, സംഘര്‍ഷം പടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ തകര്‍ത്തു. ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ് സംഘര്‍ഷം. പൊലീസ് അക്രമികള്‍ക്ക് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.
ഇംഫാലില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. കാണാതായവരുടെ മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം പടര്‍ന്നത്. ഇവരെ കണ്ടെത്താന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കാര്യക്ഷമമല്ല എന്നാണ് പരാതി. അഫ്‌സ്പ പുനഃസ്ഥാപിച്ച നടപടി പിന്‍വലിക്കണം എന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേ സമയം മണിപ്പുരില്‍ സംഘര്‍ഷം ശക്തമായതിനു പിന്നാലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നാളെ നോര്‍ത്ത് ബ്ലോക്കില്‍ ആഭ്യന്തരമന്ത്രി വിശദമായ അവലോകന യോഗം നടത്തും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിലെത്തിയ അമിത് ഷാ പ്രചാരണ പരിപാടികള്‍ റദ്ദാക്കിയാണ് ഡല്‍ഹിക്ക് മടങ്ങിയത്. വടക്ക് കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും യോഗം പരിശോധിച്ചു.
മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇന്നലെ വൈകിട്ട് പ്രതിഷേധക്കാര്‍ ഇരച്ചു കയറാന്‍ ശ്രമിക്കുകയും ബിജെപി കോണ്‍ഗ്രസ്, എംഎല്‍എമാരുടെ വസതിയടക്കം ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മണിപ്പുര്‍ വിഷയം അടിയന്തരമായി പരിഗണിച്ചത്. ജിരിബാമില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയും വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു. ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി , ഇഎഫ്‌സിഐ പള്ളി എന്നിവ ആക്രമിച്ച പള്ളികളില്‍ പെടുന്നു
സിആര്‍പിഎഫ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് എത്തുമെന്നാണ് വിവരം. ജിരിബാമില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആറുപേരും കൊല്ലപ്പെട്ടന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മണിപ്പുരിലെ സ്ഥിതി വീണ്ടും വഷളായത്.
തിങ്കളാഴ്ച സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ആയുധധാരികളായ 10 കുക്കി പുരുഷന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമത്തെ തുടര്‍ന്ന് ആറ് കുടുംബാംഗങ്ങളെ കാണാതായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ജിരിബാം ജില്ലയില്‍ കുക്കി ആദിവാസി വിഭാഗത്തില്‍പ്പെട്ട 31 കാരിയായ ഹ്‌മാര്‍ ഗ്രൂപ്പിലെ സ്ത്രീയെ ജീവനോടെ ചുട്ടുകൊന്നിരുന്നു. പിന്നാലെയായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വസതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരില്‍ എത്തണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.