നവീന്‍ ബാബുവിനെ കൈക്കൂലിയില്‍ കുടുക്കാന്‍ പ്രശാന്ത് ഇട്ടത് 'ദൃശ്യം' മോഡല്‍ സെറ്റുകള്‍; ചെങ്ങളായി മാഫിയയ്‌ക്കെതിരെ നിയമ പോരാട്ടം നടത്തുമ്പോള്‍ എന്തു ചതിയും പ്രതീക്ഷിക്കാം; കോന്നി തഹസില്‍ദാറിനേയും അഴിമതി കുരുക്കില്‍ പെടുത്താനുള്ള കുതന്ത്രങ്ങള്‍ അണിയറയില്‍ സജീവം; തിരിച്ചറിവില്‍ ജോലി മാറ്റ അപേക്ഷയുമായി മഞ്ജുഷ; 'ചതി'യൊഴിവാക്കാന്‍ ഈ കരുതല്‍

Update: 2024-11-09 03:48 GMT

പത്തനംതിട്ട: നവീന്‍ ബാബുവിന്റെ ജീവനെടുത്ത മാഫിയ കേരളത്തില്‍ കരുത്തുള്ളവരാണെന്ന് വ്യക്തമാക്കുന്നതാണ് പിപി ദിവ്യയ്ക്ക് കോടതിയില്‍ നിന്നു കിട്ടിയ ജാമ്യം. പെട്രോള്‍ പമ്പിലെ എന്‍ഒസിയും അതിന് അപ്പുറത്തേക്കുള്ള ഗൂഡാലോചനയും പോലീസ് അന്വേഷിച്ചില്ല. കോടതിയില്‍ നിന്നും ജാമ്യം കിട്ടിയ ദിവ്യയ്ക്ക് പിന്തുണയുമായി ഓടിയെത്തിയവരും ചില്ലറക്കാരല്ല.

അതിനിടെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ അപേക്ഷ നല്‍കി. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് ജോലി മാറ്റി നല്‍കണമെന്നും മഞ്ജു ആവശ്യപ്പെട്ടു. ഔദ്യോഗികമായി ഇങ്ങനെയാണ് പറയുന്നതെങ്കിലും ആ കടുംബം ഇപ്പോഴും ഭീതിയിലാണ്. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പൊതു സമൂഹത്തില്‍ തുറന്നു കാട്ടാന്‍ നില്‍ക്കുമ്പോള്‍ എന്തും സംഭവിക്കാം. നവീന്‍ ബാബുവിന്റെ ഭാര്യയ്‌ക്കെതിരേയും അഴിമതി ആരോപണങ്ങള്‍ വ്യാജമായി ചമയ്ക്കാന്‍ കരുത്തുള്ള മാഫിയയാണ് പിന്നിലുള്ളത്. ഇതുകൊണ്ടാണ് പുതിയ നീക്കം.

കോന്നി തഹസില്‍ദാരായ മഞ്ജുഷ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് അപേക്ഷ നല്‍കിയത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നാണ് ജയില്‍ മോചിതയായ ശേഷം പി.പി. ദിവ്യ പറഞ്ഞത്. സദുദ്ദേശപരമായിരുന്നു ഇടപെടല്‍. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് വേണ്ടി ഏതറ്റം വരെയും ചെങ്ങളായി മാഫിയ പോകും. ഇത് നവീന്‍ ബാബുവിന്റെ കുടുംബം തിരിച്ചറിയുന്നു. ഇതുകൊണ്ടാണ് തഹസില്‍ദാര്‍ പദവി ഒഴിയാന്‍ മഞ്ജു ആഗ്രഹിക്കുന്നത്. മുന്നിലുള്ള വെല്ലുവിളിയും നവീന്‍ ബാബുവിനെ കുടുക്കിയവര്‍ക്കെതിരെയുള്ള നിയമ പോരാട്ടം മുമ്പോട്ട് കൊണ്ടു പോകേണ്ട സാഹചര്യവും കൂടി കണക്കിലെടുത്താണ് ഇത്.

പല നിര്‍ണ്ണായക തീരുമാനങ്ങളും എടുക്കേണ്ട പദവിയാണ് തഹസില്‍ദാര്‍. കോന്നിയില്‍ പാറമട മാഫിയ അടക്കം പലരുമുണ്ട്. ഈ വെല്ലുവിളികള്‍ക്കിടെ സത്യസന്ധമായ തീരുമാനം എടുക്കുന്നവര്‍ക്ക് നിലനില്‍ക്കുക അസാധ്യമാണ്. നവീന്‍ ബാബുവിനോടുള്ള പകയില്‍ ഒരു മാഫിയ നിലയുറപ്പിക്കുമ്പോള്‍ വെല്ലുവിളികള്‍ ഏറയൊണ്. ഇത് മനസ്സിലാക്കിയാണ് തഹസില്‍ദാര്‍ ജോലിക്ക് പകരം ഓഫീസിലെ ഉദ്യോഗം നവീന്‍ ബാബുവിന്റെ ഭാര്യ ചോദിക്കുന്നതെന്നാണ് വസ്തുത. ഹൈക്കോടതിയില്‍ അടക്കം കേസുമായി പോകുമ്പോള്‍ ചെങ്ങളായി മാഫിയയ്ക്ക് പക കൂടും. ഇതു പലതരം ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. പെട്രോള്‍ പമ്പ് എന്‍ഒസിയില്‍ നവീന്‍ ബാബുവിനെ അഴിമതിയില്‍ കുടുക്കാന്‍ 'ദൃശ്യം' മോഡല്‍ ചതിയും ഒരുക്കി.

അവര്‍ മഞ്ജുഷയേയും കൈക്കൂലിക്കാരിയാക്കി വ്യാജ ആരോപണങ്ങളിലൂടെ മാറ്റാനുള്ള സാധ്യതയുമുണ്ട്. കളക്ടറേറ്റിലേക്ക് ജോലി മാറിയാല്‍ ഈ പ്രതിസന്ധി അയയും. അവിടെ അന്തിമ തീരുമാനം എടുക്കുന്നത് കളക്ടറാണ്. അതുകൊണ്ട് തന്നെ കൂട്ടുത്തരവാദിത്വത്തിന്റെ പ്രശ്‌നങ്ങളേ തീരുമാനങ്ങളിലുണ്ടാകൂ. എന്നാല്‍ തഹസില്‍ദാരുടേത് അന്തിമ തീരുമാനം എടുക്കേണ്ട ജോലിയും. വിജിലന്‍സ് കേസുകളില്‍ ചതിയിലൂടെ ആരേയും തളയ്ക്കാന്‍ കഴിയുന്ന ജോലിയാണ് അത്. അതുകൊണ്ടാണ് കണ്ണൂര്‍ ലോബിക്കെതിരെ പരസ്യമായി തന്നെ പ്രതികരിച്ച മഞ്ജു കരുതലുകളിലേക്ക് കടക്കുന്നത്.

സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസില്‍ദാല്‍ ജോലി. ഇത് നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും സമാന പദവിയായ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നുമാണ് അപേക്ഷയിലുള്ളത്. നിലവില്‍ കോന്നി തഹസില്‍ദാരാണ് മഞ്ജുഷ. അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരം ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് പദവി മാറ്റിത്തരണമെന്ന അപേക്ഷ മഞ്ജുഷ റവന്യൂവകുപ്പിന് നല്‍കിയിരിക്കുന്നത്. മഞ്ജുഷയുടെ അപേക്ഷയില്‍ റവന്യൂവകുപ്പ് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല സര്‍വീസ് സംഘടനകള്‍ക്കും മഞ്ജുഷയുടെ താത്പര്യത്തിന് ഒപ്പം നില്‍ക്കമെന്ന അഭിപ്രായമാണ്. അങ്ങനെയാണെങ്കില്‍ അടുത്തമാസം ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പുതിയ പദവിയിലായിരിക്കും മഞ്ജുഷയുണ്ടാവുക.

ഒക്ടോബര്‍ 16-ന് പുലര്‍ച്ചെയായിരുന്നു കണ്ണൂര്‍ എ.ഡി.എം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. പത്തനംതിട്ട എ.ഡി.എം ആയി നാട്ടിലേക്ക് പോകാനിരിക്കെ സഹപ്രവര്‍ത്തര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ അപമാനകരമായ പരാമര്‍ശം ആത്മഹത്യയിലേയ്ക്ക് നയിച്ചെന്നാണ് ആരോപണം. കേസില്‍ പി.പി ദിവ്യയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

Tags:    

Similar News