സമൂഹത്തിന്റെ നാവായി ജീവിക്കുന്നവനെ കത്തിപ്പിടിയിലും ടിപ്പര്‍ ലോറിയുടെ പിന്‍ചക്രത്തിലും കയറ്റിയിറക്കാമെന്ന ഗോത്രനീതിയുടെ അരാജകവാഴ്ച; പ്രദീപിനെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഷാജന്‍ സ്‌കറിയയ്ക്കു നേരെ നടന്ന കൊലപാതകശ്രമമാണ്; മാധ്യമപ്രവര്‍ത്തകന്‍ മനോജ് മനയിലിന്റെ കുറിപ്പ്
മനോജ് മനയിലിന്റെ കുറിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം കരമന-കളിയിക്കാവിള ദേശീയപാതയില്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ അജ്ഞാത വാഹനമിടിച്ചു മാധ്യമ പ്രവര്‍ത്തകന്‍ പള്ളിച്ചല്‍ ഗോവിന്ദ ഭവനില്‍ എസ്.വി. പ്രദീപി(45)നു ദാരുണാന്ത്യം സംഭവിച്ചത് ഇന്നും ദുരൂഹമാണ്. ഭാരത് ലൈവ് ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്നു പ്രദീപ്. പ്രദീപിന് സംഭവിച്ചത് ഭാഗ്യം കൊണ്ട് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് സംഭവിക്കാതെ പോയി. ഷാജന്‍ സ്‌കറിയ അക്രമികളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രദീപും കണ്‍മുമ്പില്‍ കാണുന്ന സത്യത്തെ ലവലേശം ഭയമില്ലാതെ തുറന്നുപറയുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു. പ്രദീപിന്റെയും ഷാജന്‍ സ്‌കറിയയുടെയും ദുരനുഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് വൈരനിര്യാതനബുദ്ധി ഒളിപ്പിച്ചു നടക്കുന്നവരാണ് മലയാളികളില്‍ ഭൂരിപക്ഷവും എന്ന് വിലയിരുത്തുന്നു മാധ്യമ പ്രവര്‍ത്തകനായ മനോജ് മനയില്‍ തന്റെ പോസ്റ്റില്‍.
'രാഷ്ട്രീയസമൂഹത്തിന്റെ നിലനില്പിന് കുതികാല്‍വെട്ടും കൊലപാതകവും 'വല്ല പെണ്ണുകേസും...' എന്നായിട്ടുണ്ട് പുതിയ അല്‍ഗോരിതം. സമൂഹത്തിന്റെ നാവായി ജീവിക്കുന്നവനെ കത്തിപ്പിടിയിലും ടിപ്പര്‍ ലോറിയുടെ പിന്‍ചക്രത്തിലും കയറ്റിയിറക്കാമെന്ന ഗോത്രനീതിയുടെ അരാജകവാഴ്ചയും നമുക്ക് പഥ്യമായിരിക്കുന്നു.'-മനോജ് കുറിച്ചു.
മനോജ് മനയിലിന്റെ പോസ്റ്റ്:
ഉത്തരേന്ത്യയില്‍ പട്ടാപ്പകല്‍ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച്, മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അത്ഭുതംകുറി; മൂക്കത്ത് വിരല്‍വെക്കുന്ന പ്രബുദ്ധമലയാളനാട്ടിലാണ് പട്ടാപ്പകല്‍; നടുറോട്ടില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അരുംകൊലചെയ്യപ്പെട്ടത്. പ്രദീപ് എന്നായിരുന്നു ആ യുവാവിന്റെ പേര്.
സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന പ്രദീപിനെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയ്ക്കു നേരെ നടന്ന കൊലപാതകശ്രമത്തെക്കുറിച്ചുള്ള വിവരമറിഞ്ഞപ്പോഴാണ്. അത്രയൊന്നും ഉദാരവും നിഷ്‌കളങ്കവുമല്ല മലയാളിയുടെ മനസ്സും മനോഭാവവുമെന്ന് തിരിച്ചറിയാന്‍ ഗവേഷണബുദ്ധിയൊന്നും വേണ്ട. ഉത്തരേന്ത്യക്കാരനേക്കാള്‍, ഒരുവേള, അതിന്റെ പതിന്മടങ്ങ്, വൈരനിര്യാതനബുദ്ധി ഒളിപ്പിച്ചു നടക്കുന്നവരാണ് മലയാളികളില്‍ ഭൂരിപക്ഷവും.
'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന വികലമായ ആടയാഭരമണിഞ്ഞ്, ചെകുത്താന് വിടുപണി ചെയ്യുന്ന ആധമര്‍ണ്യത്തിന്റെ പര്യായമാണ് ഈ നാടിന്റെ കപടബൗദ്ധികത. അയഥാര്‍ഥ്യത്തിന്റെ ചുണ്ണാമ്പുകല്ലില്‍ പണിതുയര്‍ത്തിയതാണ് നാം വാവിട്ട് പുലമ്പുന്ന കേരളസംസ്‌കാരം. ഹിംസയുടെയും പരനിന്ദയുടേയും അസ്പൃശ്യതയുടേയും അസ്ഥിവാരത്തില്‍ പണിതുയര്‍ത്തിയ ഈ നാടിന്റെ ഭൂതകാലജീവിതത്തെയാണ് പുഷ്‌കലവും പുണ്യവുമാക്കി ചിത്രീകരിക്കുന്നത്. ഉദാഹരണമെന്ന നിലയില്‍; ഊരും പേരുമറിയാത്ത, നായാടിയോ നമ്പൂതിരിയോ എന്ന് തര്‍ക്കിക്കുന്ന, ഒരു ജനസമൂഹത്തെ നിര്‍ഗുണാത്മക്കളായി കാലക്ഷേപംനടത്താന്‍ നിര്‍ബന്ധിക്കുന്ന ഗ്രന്ഥരചന നടത്തിയ ആളാണ് നമ്മുടെ ഭാഷാപിതാവ്! അദ്ദേഹത്തിന്റെ പേരില്‍ സര്‍വകലാശാലയും ഉത്സവവാരവും പുലകുളി അടിയന്തിരവും നടത്തി ഉദരംവീര്‍പ്പിക്കുന്ന ഒരുകൂട്ടം പെറുക്കിത്തീനികളും. ഇതാണ് നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഘടനയും നിലയും.
രാഷ്ട്രീയസമൂഹത്തിന്റെ നിലനില്പിന് കുതികാല്‍വെട്ടും കൊലപാതകവും 'വല്ല പെണ്ണുകേസും...' എന്നായിട്ടുണ്ട് പുതിയ അല്‍ഗോരിതം. സമൂഹത്തിന്റെ നാവായി ജീവിക്കുന്നവനെ കത്തിപ്പിടിയിലും ടിപ്പര്‍ ലോറിയുടെ പിന്‍ചക്രത്തിലും കയറ്റിയിറക്കാമെന്ന ഗോത്രനീതിയുടെ അരാജകവാഴ്ചയും നമുക്ക് പഥ്യമായിരിക്കുന്നു.
അത്രയൊന്നും സുഗമവും സുരക്ഷിതവുമല്ല അന്നംതേടിയുള്ള പാവപ്പെട്ടവന്റെ പ്രയാണമെന്നതും അധാര്‍മികളുടെ സിസിടിവി വലയത്തിലാണ് ധര്‍മചാരികളുടെ ജീവിതമെന്നും നാം അംഗീകരിച്ചേ മതിയാകൂ.
-മനോജ് മനയില്‍