ആയിരങ്ങൾ സാക്ഷിയായി...യാക്കോബായ സഭയ്ക്ക് ഇനി പുതിയ ഇടയൻ; ശ്രേഷ്ഠ കാതോലിക്കാ ബാവ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അഭിഷിക്തനായി; ചടങ്ങുകൾക്ക് സാക്ഷിയായി ബെയ്റൂട്ടിലെ സെന്‍റ് മേരീസ് കത്തീഡ്രൽ; പ്രാർത്ഥനയോടെ വിശ്വാസികൾ
തിരുവനന്തപുരം: ഒടുവിൽ ആയിരങ്ങൾ സാക്ഷിയായി .യാക്കോബായ സഭയ്ക്ക് ഇനി പുതിയ ഇടയൻ. ശ്രേഷ്ഠ കാതോലിക്കാ ബാവ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അഭിഷിക്തനായി. ബെയ്റൂട്ടിലെ സെന്‍റ് മേരീസ് കത്തീഡ്രൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് പേരാണ് പങ്ക് എടുത്തത്. വിശ്വാസികളുടെ പ്രാർത്ഥനയിലൂടെ കത്തീഡ്രൽ മുഴുവൻ ഭക്തിസാന്ദ്രമായിരിന്നു.
യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അച്ചാനെയിലുള്ള സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണച്ചടങ്ങ് നടന്നത്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ എന്ന സ്ഥാനപ്പേരാണ് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത സ്വീകരിച്ചിരിക്കുന്നത്.
അദ്ദേഹം ഇനി ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ എന്ന പേരിലാകും അദ്ദേഹം അറിയപ്പെടുക. ബസേലിയോസ് എന്നത് കാതോലിക്കയുടെ സ്ഥിരനാമമാണ്. സിറിയയിലെ ദമാസ്കസ് ആണ് അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആസ്ഥാനം. സിറിയയിലെ സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്താണ് ചടങ്ങ് ലബനനിലെ ബയ്റുത്ത് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലിലേക്ക് മാറ്റിയത്. ഔദ്യോഗിക സംഘത്തെ അയച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാത്രിയര്‍ക്കീസ് ബാവ ആമുഖ പ്രസംഗത്തിൽ പ്രത്യേകം നന്ദി അറിയിച്ചിരുന്നു.
ഇന്ത്യയുടെ മറ്റുമതങ്ങളോടുള്ള സഹിഷ്ണുതയേയും സ്നേഹത്തേയും ബാവ പ്രത്യേകം പരാമർശിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബാവ പ്രത്യേകം നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സഭയോട് കാണിക്കുന്ന സ്നേഹത്തിനും സർക്കാർ പ്രതിനിധി സംഘത്തെ അയച്ചതിലും നന്ദി അറിയിക്കുന്നതായും ബാവ പറഞ്ഞു.
പാത്രിയർക്കീസ് ബാവയുടെ കീഴിൽ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81-ാമത്തെ കാതോലിക്കാ ബാവയാണ് മാർ ഗ്രിഗോറിയോസ്. ആകമാന സുറിയാനി സഭയിലെ ഭരണശ്രേണിയിൽ പാത്രിയർക്കീസ് ബാവയ്ക്കുശേഷം സഭയിൽ രണ്ടാം സ്ഥാനീയനാണ് ശ്രേഷ്ഠ കാതോലിക്ക. മെത്രാപ്പോലീത്തമാരെ വാഴിക്കാനും പ്രാദേശിക സുന്നഹദോസിനെ നയിക്കാനും കാതോലിക്കക്ക് അധികാരമുണ്ട്. ശ്രേഷ്ഠബസേലിയോസ് ജോസഫ് ബാവാ കാനോനിക കാതോലിക്കയാവുന്നത് യാക്കോബായ അസോസിയേഷൻ ഐകകണ്ഠ്യേന തിരഞ്ഞെടുത്തതിന് ശേഷമാണ്.
അദ്ദേഹത്തിന്റെ ജീവിതം എന്നും സമൂഹത്തിൽ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. എറണാകുളം മുളന്തുരുത്തി പെരുമ്പിള്ളി സ്രാമ്പിക്കൽ വർഗീസിന്റെയും സാറാമ്മയുടെയും മകനായി 1960 നവംബർ പത്തിനാണ് ജോസഫ് മാർ ഗ്രിഗോറിയോസിന്റെ ജനനം. പരുമല തിരുമേനിയുടെ നാലാം തലമുറക്കാരന് ജന്മനിയോഗമായിരുന്നു വൈദിക ജീവിതം. പതിമൂന്നാം വയസ്സിൽ ശെമ്മാശപ്പട്ടം നേടി. എറണാകുളം മഹാരാജസ് കോളേജ്, അയർലണ്ടിലും, യു എസിൽ നിന്നും ഉന്നത വിദ്യാഭ്യാസവും നേടി. 33 വയസ്സിൽ പാത്രിയാർക്കീസ് ബാവ തന്നെ ആണ് മെത്രാപൊലീത്തയായി വാഴിച്ചത്. തുടർന്ന് 30 വർഷക്കാലം സഭയുടെ ഭരണ സിരാകേന്ദ്രമായ പുത്തൻ കുരിശ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. കൊച്ചി ഭദ്രാസന മെത്രാപൊലീത്ത, 18 വർഷക്കാലം സുന്നഹദോസ് സെക്രട്ടറി, ഗൾഫ്, യൂറോപ്യൻ മേഖലകളിലും വിവിധ ഭദ്രാസനങ്ങളെ നയിച്ചു.
സമാനതകളില്ലാത്ത പ്രതിസന്ധികൾക്കിടെയാണ് യാക്കോബായ സഭയുടെ അദ്ധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേൽക്കുന്നത്. സഭാ നേതൃത്വത്തിലെ ഈ തലമുറമാറ്റം പള്ളിത്തർക്കത്തിലടക്കം യാക്കോബായ സഭയുടെ മുൻ നിലപാടുകളെ സ്വാധീനിക്കുമോ എന്നതാണ് മറ്റ് ക്രൈസ്തവ സഭകൾ അടക്കം ഉറ്റുനോക്കുന്നത്. ഓർത്തഡോക്സ് സഭയുമായി പള്ളി തർക്കത്തിൽ സമവായ നീക്കങ്ങൾക്ക് തയ്യാറെന്ന ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നിലപാടിനെ പ്രതീക്ഷയോടെയാണ് സഭയും പൊതുസമൂഹവും നോക്കിക്കാണുന്നത്.