റോയല്‍ ബാങ്ക് ഓഫ് കാനഡയില്‍ നിന്ന് 96,000 കോടി രൂപ രാജമാണിക്യത്തിന്റെ പേരില്‍ റിസര്‍വ് ബാങ്കിലെത്തിയെന്ന് വിശ്വസിപ്പിക്കാന്‍ ഇവര്‍ വ്യാജ രേഖകള്‍ ചമച്ചു; കന്യാസ്ത്രീകളേയും പൂജാരിയേയും പോലും പറ്റിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ പിടിയില്‍; പിന്നില്‍ തമിഴ്‌നാട് മാഫിയ; ഇറിഡിയം 'ഡിവൈഎസ് പി' കുടുങ്ങുമോ?

Update: 2025-12-21 02:19 GMT

ആലപ്പുഴ: അപൂര്‍വ്വ ലോഹമായ ഇറിഡിയം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആലപ്പുഴ കേന്ദ്രീകരിച്ച് പത്തുകോടിയോളം രൂപയുടെ വന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരു കുടുംബത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പുറത്തു വരുന്നത് ഗൂഡാലോചനയുടെ വഴികള്‍. തിരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാര്‍, മകന്‍ ജിഷ്ണു, മകള്‍ വൈഷ്ണവി, വൈഷ്ണവിയുടെ ഭര്‍ത്താവ് സന്ദീപ് എന്നിവരാണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. ഹരിപ്പാട് സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കേസില്‍ വിശദമായ തുടരന്വേഷണം നടന്നു വരികയാണ്.

പരാതിക്കാരനില്‍ നിന്ന് മാത്രം 75.6 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഏകദേശം പത്ത് കോടി രൂപയുടെ തട്ടിപ്പ് ഈ സംഘം നടത്തിയിട്ടുണ്ടെന്നാണ് കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിലയിരുത്തുന്നു. ഇറിഡിയം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം കൈക്കലാക്കിയ ശേഷം ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതാ രീതി. ഭീഷണി പതിവായതിനാല്‍ പലരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. കൂടുതല്‍ പേര്‍ ഈ കെണിയില്‍ വീണിട്ടുണ്ടെന്നാണ് ക്രണ്ടെത്തല്‍.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ തട്ടിപ്പ് മാഫിയയുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പത്ത് കോടി രൂപ നല്‍കിയാല്‍ ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് തമിഴ്‌നാട് സ്വദേശികളായ സംഘം തങ്ങളെ സമീപിച്ചിരുന്നു. ഇതിനുവേണ്ടി പലരില്‍ നിന്നായി പണം സമാഹരിക്കുകയായിരുന്നു എന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴി. തമിഴ്‌നാട് സംഘത്തെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചു. അതായത് ഗൗരവമുള്ള കുറ്റങ്ങള്‍ ചുമത്തിയില്ല. തമിഴ്‌നാട് സംഘത്തെ കുറിച്ച് മൊഴി നല്‍കിയതിനാലാണ് ഇതെന്നാണ് വിലയിരുത്തല്‍.

ഇറിഡിയം ഇടപാടിലൂടെ കോടികള്‍ ലാഭം വാഗ്ദാനം ചെയ്ത് കേരളത്തിലുടനീളം നടന്ന വന്‍ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരികയാണ്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവരുടെ പേരുകളും ഒപ്പുകളും റിസര്‍വ് ബാങ്കിന്റെ വ്യാജ സീലും ഉപയോഗിച്ച് നിര്‍മ്മിച്ച രേഖകള്‍ കാട്ടിയാണ് തട്ടിപ്പ് സംഘം ഇരകളെ വലയിലാക്കിയത്. ആലപ്പുഴ വീയപുരം സ്വദേശി സജി ഔസേഫ്, തമിഴ്നാട് സ്വദേശികളായ രാജമാണിക്യം, അഹമ്മദ് ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കൊല്ലം ജില്ലകളിലായി ഇരുന്നൂറോളം പേരില്‍ നിന്നാണ് പണം തട്ടിയെടുത്തത്. റോയല്‍ ബാങ്ക് ഓഫ് കാനഡയില്‍ നിന്ന് 96,000 കോടി രൂപ രാജമാണിക്യത്തിന്റെ പേരില്‍ റിസര്‍വ് ബാങ്കിലെത്തിയെന്ന് വിശ്വസിപ്പിക്കാന്‍ ഇവര്‍ വ്യാജ രേഖകള്‍ ചമച്ചു. തമിഴ്നാട്ടിലെ പ്രളയത്തില്‍ ഒറിജിനല്‍ രേഖകള്‍ നഷ്ടപ്പെട്ടതായി കാണിക്കാന്‍ വ്യാജ പോലീസ് പരാതി വരെ സംഘം തയ്യാറാക്കിയിരുന്നു.

സാധാരണക്കാരെ മാത്രമല്ല, കന്യാസ്ത്രീകളെയും പൂജാരിമാരെയും വരെ ഈ സംഘം വഞ്ചിച്ചു. പത്തു ലക്ഷം നിക്ഷേപിച്ചാല്‍ പത്തു കോടി രൂപ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇടുക്കി, എറണാകുളം ജില്ലകളിലെ ആറ് കന്യാസ്ത്രീകളില്‍ നിന്ന് പത്തു ലക്ഷം രൂപ വീതം സംഘം കൈക്കലാക്കി. മാവേലിക്കര സ്വദേശിയായ ഒരു പൂജാരിയില്‍ നിന്ന് ഒരു കോടി രൂപയും ഇവര്‍ തട്ടിയെടുത്തു. കുമരകം, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളില്‍ വിളിച്ചുചേര്‍ത്ത ആഡംബര യോഗങ്ങളില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലരെ പങ്കെടുപ്പിച്ച് വിശ്വസ്തത നേടിയെടുക്കുകയായിരുന്നു തട്ടിപ്പിന്റെ രീതി. മലയോര മേഖലയില്‍ നിന്നുള്ള ഒരു ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഇത്തരം യോഗങ്ങളില്‍ ഇവരോടൊപ്പം പങ്കെടുത്തതായും വിവരമുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ കിട്ടാനുള്ള പത്തു കോടി രൂപ നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരകളെ ഇത്രയും കാലം സംഘം പരാതി നല്‍കുന്നതില്‍ നിന്ന് തടഞ്ഞത്.

സംസ്ഥാനത്ത് വിവിധ സംഘങ്ങളായാണ് ഈ തമിഴ്നാട് ലോബി പ്രവര്‍ത്തിക്കുന്നത്. തൃശ്ശൂര്‍ കേന്ദ്രീകരിച്ചും സമാനമായ മറ്റൊരു സംഘം സജീവമാണ്. കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പിന് നേതൃത്വം നല്‍കിയ ആന്റണി എന്നയാള്‍ നിലവില്‍ ഒളിവിലാണ്. മുന്‍പ് പല പരാതികളും ഉയര്‍ന്നിരുന്നെങ്കിലും പോലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാല്‍, അടുത്തിടെ ഹരിപ്പാട് സ്വദേശി നല്‍കിയ പരാതിയില്‍ ആലപ്പുഴ എസ്.പി നേരിട്ട് ഇടപെട്ടതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമായത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പി.എം.എല്‍.എ നിയമത്തിലെ ഭേദഗതികളും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പത്രക്കുറിപ്പുകളും വരെ വ്യാജരേഖകളില്‍ ഉള്‍പ്പെടുത്തി അതീവ തന്ത്രപരമായാണ് സംഘം നീങ്ങിയത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.

Tags:    

Similar News