പതിനഞ്ചോളം പേര്‍ രണ്ട് മണിക്കൂറിലേറെ നേരം രാം നാരായണനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രാദേശിക ഗ്രൂപ്പുകളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ പോലീസ് എത്തും മുന്‍പേ ഡിലീറ്റ് ചെയ്തു; വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെയും ചോദ്യം ചെയ്യും; അക്രമികളില്‍ സ്ത്രീകളും; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; അട്ടപ്പള്ളം ക്രൂരത ഞെട്ടിപ്പിക്കുന്നത്

Update: 2025-12-21 02:35 GMT

പാലക്കാട്: വാളയാറില്‍ മോഷണക്കുറ്റം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്‍ കൊല്ലപ്പെട്ട കേസിലാണ് ലോക്കല്‍ പോലീസില്‍ നിന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ട കൊലയില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.

ജോലി അന്വേഷിച്ച് കേരളത്തിലെത്തിയ യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലി തേടിയാണ് രാംനാരായണന്‍ ഒരാഴ്ച മുമ്പ് പാലക്കാട്ടെത്തിയത്. സ്ഥലപരിചയമില്ലാത്തതിനാല്‍ വഴിതെറ്റിയാണ് ഇയാള്‍ വാളയാറിലെ അട്ടപ്പള്ളം എന്ന സ്ഥലത്തെത്തിയത്. ഇവിടെവെച്ച് ഇയാള്‍ മോഷ്ടാവാണെന്ന് സംശയിച്ച് ഒരു സംഘം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനൊടുവിലാണ് രാംനാരായണന്‍ മരണത്തിന് കീഴടങ്ങിയത്.

കേസ് ഏറ്റെടുത്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. നിലവില്‍ അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തില്‍ നേരിട്ടും അല്ലാതെയും പങ്കുള്ള കൂടുതല്‍ പേരിലേക്ക് എത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മര്‍ദ്ദനം നടക്കുമ്പോള്‍ അവിടെ സ്ത്രീകളും ഉണ്ടായിരുന്നു. ഇവര്‍ രാംനാരയണനെ മര്‍ദ്ദിച്ചോ എന്ന് വ്യക്തമല്ല. ഇതും പരിശോധിക്കുന്നുണ്ട്.

നിസ്സഹായനായ ഒരു തൊഴിലാളിയെ വഴിതെറ്റി വന്നതിന്റെ പേരില്‍ ആള്‍ക്കൂട്ടം വിചാരണ ചെയ്ത് കൊലപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. പതിനഞ്ചോളം പേരടങ്ങുന്ന സംഘം ഏകദേശം രണ്ട് മണിക്കൂറിലേറെ നേരം രാം നാരായണനെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് പോലീസ് കണ്ടെത്തല്‍. അക്രമികളില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരില്‍ പലരും നിലവില്‍ ഒളിവിലാണെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതിപ്പട്ടികയിലുള്ള സ്ത്രീകളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് പ്രാധമിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

കൊടിയ പീഡനമാണ് രാം നാരായണന്‍ നേരിട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെങ്കിലും, മരിച്ച ശേഷവും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. പതിനായിരത്തോളം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത തന്റെ സര്‍വീസിനിടയില്‍ ഇത്രയധികം മര്‍ദ്ദനമേറ്റ ശരീരം ആദ്യമായാണ് കാണുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ പ്രതികരിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് രാം നാരായണന്‍ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ അട്ടപ്പള്ളം സ്വദേശികളായ പ്രസാദ് (34), മുരളി (38), ബിബിന്‍ (30), അനന്തന്‍ (55), അനു (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മര്‍ദ്ദന ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞവരെയാണ് ആദ്യഘട്ടത്തില്‍ പിടികൂടിയത്. പ്രതികളുടെയും നാട്ടുകാരുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ പോലീസ് എത്തുന്നതിന് മുന്‍പേ ഡിലീറ്റ് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെയും ചോദ്യം ചെയ്യാനും അവര്‍ക്കെതിരെ നടപടിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലി അന്വേഷിച്ചെത്തിയ രാം നാരായണന്‍ വഴിതെറ്റിയാണ് അട്ടപ്പള്ളത്തെത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ഇയാളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

Tags:    

Similar News