അരി വേണമെങ്കില്‍ ബിജെപിക്കാരുടെ കടയില്‍ പോകണം; റേഷന്‍ കടക്കാരന്‍ തന്നെ അധിക്ഷേപിച്ച് വിട്ടതായി പെന്‍ഷന്‍ വിവാദത്തില്‍ ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടി; കോണ്‍ഗ്രസ് നേതാവിന്റെ കടയിലാണ് വിലക്കെന്നും 87 കാരിയുടെ പരാതി; അങ്ങനെ ഒരുസംഭവമേ നടന്നിട്ടില്ലെന്ന് റേഷന്‍ കട ജീവനക്കാരനും

അരി വേണമെങ്കില്‍ ബിജെപിക്കാരുടെ കടയില്‍ പോകണം

Update: 2025-09-10 09:56 GMT

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് മണ്‍ചട്ടിയുമായി അടിമാലി ടൗണില്‍ ഭിക്ഷ യാചിച്ച് സമരം നടത്തിയ രണ്ടു വയോധികരെ മറക്കാറായിട്ടില്ല. മറിയക്കുട്ടിയും(87) അന്നക്കുട്ടിയും( 85). അക്കൂട്ടത്തില്‍ അന്നക്കുട്ടി എന്ന അന്നമ്മ ഔസേപ്പ് ഈ മാസമാദ്യം മരിച്ചിരുന്നു. അടിമാലി സ്വദേശിനിയായ മറിയക്കുട്ടിക്ക് റേഷന്‍ കടയില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന പരാതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. എന്നാല്‍, പരാതി അടിസ്ഥാന രഹിതമാണെന്ന് റേഷന്‍ കടയുടമ പ്രതികരിച്ചു.

സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ മറിയക്കുട്ടിയോട് ബിജെപിയുടെ കടയില്‍ പോകാന്‍ ജീവനക്കാര്‍ പറഞ്ഞെന്നായിരുന്നു പരാതി. എന്നാല്‍, ഇത് ശരിയല്ലെന്ന് റേഷന്‍ കടയിലെ ജീവനക്കാരന്‍ ജിന്‍സ് അവകാശപ്പെട്ടു.

അടിമാലിയിലെ എ.ആര്‍.ഡി. 117 എന്ന റേഷന്‍ കടയിലാണ് സംഭവം നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങാനെത്തിയ തന്നെ ബിജെപിയുടെ കടയില്‍ പോകാന്‍ ജീവനക്കാര്‍ നിര്‍ദ്ദേശിച്ചെന്നും, കോണ്‍ഗ്രസ് നേതാവിന്റെ കടയില്‍ നിന്നാണ് വിലക്ക് ഉണ്ടായതെന്നും മറിയക്കുട്ടി ജില്ലാ കളക്ടര്‍ക്കും സപ്ലൈ ഓഫീസര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍, ഇത്തരം ഒരു സംഭവമേ നടന്നിട്ടില്ലെന്ന് റേഷന്‍ കട ജീവനക്കാരന്‍ ജിന്‍സ് വ്യക്തമാക്കി. മറിയക്കുട്ടിയുടെ ആരോപണം കളവാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ്‌ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ മണ്‍ചട്ടിയും പ്ലക്കാര്‍ഡുകളുമായി മറിയക്കുട്ടി നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ മറിയക്കുട്ടിക്ക് കെ.പി.സി.സി. വീട് നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് കോണ്‍ഗ്രസിനെ വിട്ട് മറിയക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു.

സമരകാലത്ത്, മറിയക്കുട്ടി യാചിക്കുന്ന രീതിയില്‍ മണ്‍പാത്രം പിടിച്ചപ്പോള്‍, അന്നമ്മ ഔസേപ്പ് തങ്ങളുടെ വിഷയം വ്യക്തമാക്കുന്ന കൈയെഴുത്ത് ഫലകം ഉയര്‍ത്തിപ്പിടിച്ചിരുന്നു: 'വിധവാ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യുക. പാവപ്പെട്ടവരോട് നീതി കാണിക്കുക. പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരരുത്. വൈദ്യുതി ബില്‍ അടക്കാന്‍ എനിക്ക് യാതൊരു മാര്‍ഗ്ഗവുമില്ല.' എന്നാണ് എഴുതിയിരുന്നത്.

മറിയക്കുട്ടിക്ക് ഒന്നരയേക്കര്‍ ഭൂമിയും രണ്ട് വീടുകളും ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സിപിഎം അഴിച്ചുവിട്ടിരുന്നു. എന്നാല്‍, പിന്നീട് മറിയക്കുട്ടിക്ക് ആ പ്രദേശത്ത് സ്വത്തുക്കളൊന്നും ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. മറിയക്കുട്ടിയുടെ മകള്‍ വിദേശത്ത് ജോലി ചെയ്യുകയാണെന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയും മറിയക്കുട്ടി പ്രതികരിച്ചിരുന്നു. തന്റെ മകളെ വിദേശത്ത് കണ്ടെത്താന്‍ സിപിഎമ്മിന്റെ സഹായം തേടുന്നതായി അവര്‍ പരിഹാസ രൂപേണ പറഞ്ഞിരുന്നു.

Tags:    

Similar News