കള്ളക്കേസുകളില്‍ കുടുക്കി അഴിക്കുള്ളിലാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു; അര്‍ധരാത്രി ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ മറുനാടനെ കൈവിലങ്ങിട്ടു; സത്യത്തെ മുറുകെ പിടിച്ചു സധൈര്യം മാധ്യമപ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ ഷാജന്‍ സ്‌കറിയയെ ഗുണ്ടകളെ ഉപയോഗിച്ചു കൊന്നു തള്ളാന്‍ ശ്രമം; തൊടുപുഴയിലെ ആക്രമണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന

കള്ളക്കേസുകളില്‍ കുടുക്കി അഴിക്കുള്ളിലാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു

Update: 2025-08-30 17:11 GMT

തിരുവനന്തപുരം: മുഖംനോക്കാതെ സത്യങ്ങള്‍ വിളിച്ചു പറയുന്നതിന്റെ പേരില്‍ മറുനാടന്‍ മലയാളിയെ കാലങ്ങളായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണിലെ കരടാണ്. പ്രത്യേകിച്ചു ഭരണകക്ഷിയായ സിപിഎമ്മിന്റെ. ഭരണത്തിലിരിക്കുന്നവരുടെ ഇംഗിതത്തിന് വഴങ്ങാതെ ശക്തമായി വാര്‍ത്തകള്‍ ചെയ്യുന്ന മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അഴിക്കുള്ളിലാക്കാന്‍ പലതവണ ശ്രമം നടന്നതാണ്. നിരവധി കള്ളക്കേസുകള്‍ ചുമത്തി വേട്ടയാടാന്‍ ശ്രമം നടന്നു. ഈശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഷാജന്‍ സ്‌കറിയയെ കൊലപ്പെടുത്താന്‍ ആസൂത്രിത ശ്രമവും ഉണ്ടായിരിക്കുന്നത്.

തങ്ങളെ എതിര്‍ക്കുന്നവരെ കൊന്നുതള്ളാന്‍ മടിക്കില്ലെന്ന കൃത്യമായ സന്ദേശമാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം നല്‍കുന്നത്. രാഷ്ട്രീയ -വ്യവസായ ഉന്നതരെ നിശിദമായി വിമര്‍ശിക്കുന്നതിന്റെ പേരില്‍ നിരവധി ശത്രുക്കളെ മറുനാടന്‍ സമ്പാദിച്ചിട്ടുണ്ട്. മറുനാടന്‍ എഡിറ്റര്‍ക്ക് നേരെ വധശ്രമം നടന്നു എന്നതിന് പിന്നാലെ സിപിഎം നിയന്ത്രിത സൈബറിടങ്ങളിലെ ആക്രമണങ്ങളിലെ ആഹ്ലാദ പ്രകടനങ്ങളില്‍ നിന്നും ആസൂത്രിത ഗൂഢാലോചന വ്യക്തമാകുന്നതാണ്.

നേരത്തെ സിപിഎം നേതൃത്വത്തില്‍ സംഘടിതമായി ആക്രമണമാണ് മറുനാടന്‍ മലായാളിക്കെതിരെ ഉണ്ടായിരുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമായി നിരവധി കേസുകള്‍ നല്‍കിയാണ് മറുനാടനെ പൂട്ടിക്കെട്ടാന്‍ ശ്രമം ഉണ്ടായത്. പി വി ശ്രീനിജന്‍ നല്‍കിയ പരാതിയില്‍ പട്ടികജാതി അതിക്രമ വകുപ്പുകള്‍ ചേര്‍ത്തുള്ള കേസില്‍ സുപ്രീംകോടതിയില്‍ വരെ പോയാണ് മറുനാടന്‍ നീതി നേടിയത്. ഈ കേസിലെ വിധി ചരിത്രപരമായി നിര്‍ണായകമായിരുന്നു.

ഇതിന് പിന്നാലെയും തുടര്‍ച്ചയായി കേസുകള്‍ മറുനാടനെതിരെ എത്തി, മാഹി സ്വദേശി നല്‍കിയ കേസില്‍ പോലീസിന്റെ അമിതാവേശവും പ്രകടമായിരുന്നു. രാത്രി ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് ഷാജനെ വീട്ടില്‍ നിന്നും പിടിച്ചിറക്കി ആക്രമണം നടത്തിയത്. ഈ കേസില്‍ പോലീസ് നടപടികളെല്ലാം തെറ്റാണെന്ന് കണ്ട് ഷാജന് കോടതി ജാമ്യം അനുവദിക്കുകയാണ് ഉണ്ടായത്.

ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും മറുനാടനെ കായികമായി ആക്രമിച്ചു വരുതിയില്‍ നിര്‍ത്താന്‍ ശ്രമം നടക്കുന്നത്. ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളില്‍ മറുനാടന്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലമാണ് തൊടുപുഴയില്‍ വെച്ചുണ്ടായ വധശ്രമത്തില്‍ വ്യക്തമാകുന്നത്.

ആറംഗ ഡിവൈഎഫ്‌ഐ സംഘമാണ് ഷാജന്‍ സ്‌കറിയയെ ആക്രമിച്ചത്. നടന്നത് ആസൂത്രത ആക്രമണമായിരുന്നു. ഇടുക്കിയിലെ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസ്സിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയത്. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.

വിവാഹ വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആരോ പിന്തുടരുന്നത് ഷാജന്‍ സ്‌കറിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് വിവാഹ സ്ഥലത്തു നിന്നും റിസപ്ഷന്‍ വേദിയിലേക്ക് വരുന്ന മറ്റാരോ ആണെന്നണ് കരുതിയത്. അമിത വേഗതയില്‍ സിനിമാ സ്റ്റൈലില്‍ ചെയ്സ് ചെയ്ത് മുമ്പോട്ട് കയറിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാനായിരുന്നു ശ്രമിച്ചത്. കാര്‍ നിയന്ത്രണം വിട്ടു പോകാതെ ആത്മ സംയമനം വീണ്ടെടുത്ത ഷാജന്‍ സ്‌കറിയ തന്റെ കാറില്‍ വന്നിടിച്ചത് വിവാഹത്തിന് വന്നവരുടെ വാഹനമാണെന്ന് തന്നെ കരുതി.

അങ്ങനെ അവരോട് കാര്യം ചോദിക്കാനായി കാറിന്റെ ഗ്ലാസ് മാറ്റി. ഇതിനിടെയാണ് ആറംഗ സംഘം അക്രമം നടത്തിയത്. ഷാജന്‍ സ്‌കറിയെ വാഹനത്തില്‍ വിവാഹ വേദിയില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് ഥാര്‍ പുറത്തു തന്നെയുണ്ടായിരുന്നു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചവരെ അറസ്റ്റു ചെയ്യാന്‍ പോലീസ് അതിവേഗ നീക്കങ്ങള്‍ നടത്തിയിരുന്നു. സമാന ഇടപെടല്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ചവര്‍ക്കെതിരെ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

Tags:    

Similar News