അമേരിക്കയെ വിഴുങ്ങുമോ ആ ഭീമന്‍ സൂനാമി? ആയിരം അടി ഉയരത്തില്‍ ആഞ്ഞടിക്കുന്ന സുനാമി അമേരിക്കയുടെ വലിയൊരു ഭാഗത്തെ തുടച്ചുനീക്കും; മൂന്ന് സംസ്ഥാനങ്ങള്‍ നാമവശേഷമാകും; കസ്‌കാഡിയ സബ്ഡക്ഷന്‍ സോണില്‍ ശക്തമായ ഒരു ഭൂചലനമുണ്ടായാല്‍ അത് സംഭവിക്കും; അമ്പത് വര്‍ഷത്തിനുള്ളില്‍ സംഭവിച്ചേക്കാവുന്ന മെഗാ-സുനാമിയെക്കുറിച്ച് മുന്നറിയിപ്പുമായി ഭൗമശാസ്ത്രജ്ഞര്‍

അമ്പത് വര്‍ഷത്തിനുള്ളില്‍ സംഭവിച്ചേക്കാവുന്ന മെഗാ-സുനാമിയെക്കുറിച്ച് മുന്നറിയിപ്പുമായി ഭൗമശാസ്ത്രജ്ഞര്‍

Update: 2025-05-22 13:01 GMT

ന്യൂയോര്‍ക്ക്: അമ്പത് വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ വിഴുങ്ങുമോ ആ ഭീമന്‍ സൂനാമി? ഭൂകമ്പമാപിനിയില്‍ 8.0 തീവ്രതയേറിയ ഭൂചലനത്തിന് പിന്നാലെ അമേരിക്കയിലെ പസഫിക് നോര്‍ത്ത് വെസ്റ്റ്, അലാസ്‌ക, ഹവായ് എന്നിവിടങ്ങളിലെ ഒട്ടുമിക്ക പ്രദേശങ്ങളും കൂറ്റന്‍ സൂനാമിയില്‍ നാമാവശേഷമായേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അടുത്ത അന്‍പത് വര്‍ഷത്തിനുള്ളില്‍ അത്തരമൊരു കനത്ത നാശമുണ്ടാവാന്‍ സാധ്യതയെന്നാണ് വിര്‍ജിനിയ ടെക് ജിയോ സയന്റിസ്റ്റുകളുടെ പഠനത്തില്‍ പറയുന്നത്.

ഏകദേശം 1,000 അടി ഉയരമുള്ള ഒരു കൂറ്റന്‍ സുനാമി' അമേരിക്കയുടെ വലിയൊരു ഭാഗത്തെ നശിപ്പിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കസ്‌കാഡിയ സബ്ഡക്ഷന്‍ സോണില്‍ ശക്തമായ ഒരു ഭൂചലനമുണ്ടായാല്‍ അത്തരമൊരു ദുരന്തമുണ്ടാകാം എന്നാണ് മുന്നറിയിപ്പ്. വിര്‍ജിനിയ ടെക് ജിയോ സയന്റിസ്റ്റുകള്‍ നടത്തിയ പഠനത്തില്‍'പ്രൊസീഡിങ്സ് ഓഫ് ദ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസി'ലാണ് ഇത്തരമൊരു ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഭൂകമ്പത്തിന്റെ ഫലമായി തീരപ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ 6.5 അടി വരെ താഴ്ന്നുപോകാന്‍ സാധ്യതയുണ്ടെന്നും ഇത് സുനാമിയിലൂടെ കൂടുതല്‍ നാശകരമാക്കുമെന്നും പഠനം പറയുന്നു.

മെഗാ-സുനാമികള്‍ സാധാരണ സുനാമികളില്‍ നിന്നും വ്യത്യസ്തമാണ്. ഇവ ഏതാനും അടി ഉയരമുള്ള തിരമാലകള്‍ മാത്രമേ സൃഷ്ടിക്കുന്നുള്ളൂ. ഈ തിരമാലകള്‍ക്ക് നൂറുകണക്കിന് അടി ഉയരത്തില്‍ എത്താന്‍ കഴിയും. സാധാരണയായി സമുദ്രത്തിനടിയില്‍ ഭൂചലനമുണ്ടാകുമ്പോഴോ, വലിയ മണ്ണിടിച്ചില്‍ ഉണ്ടാകുമ്പോഴോ ആണ് സൂനാമി ഉണ്ടാകുക. കൂറ്റന്‍ തിരമാലകളാണ് സൂനാമിയുടെ ആദ്യ ലക്ഷണം.

എന്നാല്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഉയരത്തിലെത്തുന്നതാണ് മെ ഗാ സുനാമികള്‍. വെള്ളത്തിനടിയിലെ ദ്രുതമാറ്റങ്ങളെ തുടര്‍ന്ന് മാനം മുട്ടുന്ന തിരമാലകള്‍ ഉണ്ടാകുമെന്നും കിലോമീറ്ററുകളോളം ഇവ സഞ്ചരിച്ചെത്തിയേക്കാമെന്നും ഗവേഷകര്‍ പറയുന്നു.

അപൂര്‍വമാണെങ്കിലും, ഇത്തരം മെ ഗാ സുനാമികള്‍ മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് ധാരാളം ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ എത്തിയാല്‍ അത് ചിന്തിക്കാവുന്നതിനേക്കാള്‍ വലിയ ദുരന്തമായി മാറിയേക്കും. അത്തരമൊരു ശക്തമായ ഭൂകമ്പം തീരപ്രദേശങ്ങളെ 6.5 അടി വരെ താഴ്ത്തുകയും സിയാറ്റില്‍, പോര്‍ട്ട്‌ലാന്‍ഡ്, ഒറിഗോണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളെ ഒലിച്ചുപോവുമെന്നും മുന്നറിയിപ്പുണ്ട്.

വടക്കന്‍ കലിഫോര്‍ണിയ, വടക്കന്‍ ഒറിഗോണ്‍, തെക്കന്‍ വാഷിങ്ടണ്‍ എന്നീ ഭാഗങ്ങളിലാകും കൂടുതല്‍ നാശമുണ്ടാകുകയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അലാസ്‌ക, ഹവായ് എന്നിവ ഭൂകമ്പ സാധ്യതാപ്രദേശങ്ങളിലായതിനാല്‍ ഇവയും അപകടാവസ്ഥയില്‍ ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അങ്ങനെയെങ്കില്‍, ഒരു മെഗാ സുനാമി ഉണ്ടായാല്‍ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യും. കസ്‌കാഡിയ സബ്ഡക്ഷന്‍ സോണിലെ പ്രവര്‍ത്തനങ്ങളുടെ ഫലമായി തീരപ്രദേശത്തിന് ആദ്യം വിസ്തൃതിയേറും, പിന്നാലെ വിനാശമുണ്ടാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ടിന ദുറ പറയുന്നു. വടക്കന്‍ കലിഫോര്‍ണിയ, വടക്കന്‍ ഒറിഗോണ്‍, തെക്കന്‍ വാഷിങ്ടണ്‍ എന്നീ ഭാഗങ്ങളിലാകും കൂടുതല്‍ നാശമുണ്ടാകുകയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

വടക്കേ അമേരിക്കയിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളില്‍ ഒന്നാണ് കാസ്‌കാഡിയ സബ്ഡക്ഷന്‍ സോണ്‍. അതിനാല്‍ വരും ദശകങ്ങളില്‍ മറ്റൊരു വലിയ ഭൂകമ്പത്തിനുള്ള ശക്തമായ സാധ്യതയെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വടക്കന്‍ കാലിഫോര്‍ണിയ മുതല്‍ കാനഡയിലെ വാന്‍കൂവര്‍ ദ്വീപ് വരെ വ്യാപിച്ചുകിടക്കുന്ന 600 മൈല്‍ നീളമുള്ള പ്രദേശമാണ് ഇത്. ഈ സോണ്‍ സ്ഥിതിചെയ്യുന്നത് വടക്കേ അമേരിക്കന്‍ പ്ലേറ്റിന് മുകളിലായാണ്. ഈ വടക്കേ അമേരിക്കന്‍ പ്‌ളേറ്റ് തെന്നിമാറുന്നതോടെയാണ് വന്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമാകുകയെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടികാണിക്കുന്നു.കഴിഞ്ഞ 10,000 വര്‍ഷത്തിനിടയില്‍, ഈ ഭാ ഗത്ത് 43 ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഒറിഗോണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എമര്‍ജന്‍സി മാനേജ്‌മെന്റിന്റെ വിശദീകരണത്തില്‍ 1700 ജനുവരി 26 നാണ് ഇവിടെ അവസാനമായി ഭൂകമ്പം ഉണ്ടായത്. അന്ന് റിക്ടര്‍ സ്‌കെയിലില്‍ ഏകദേശം 9.0 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഇത് തീരപ്രദേശം മുങ്ങാനും സുനാമി രൂപപ്പെടുകയും കരയില്‍ പതിക്കുകയും ചെയ്തുവെന്നാണ് വിവരം.

1958-ല്‍ അലാസ്‌കയിലെ ലിറ്റുയ ഉള്‍ക്കടലില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ ഇത്തരത്തില്‍ സുനാമി ഉണ്ടായിട്ടുണ്ട്. അലാസ്‌കയിലെ ഉരുകുന്ന ഹിമാനികളും സുനാമിക്ക് കാരണമാകും. ഇത് സമുദ്രത്തിലേക്ക് വന്‍തോതില്‍ മണ്ണിടിച്ചിലിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ മണ്ണിടിച്ചിലുകള്‍ക്ക് വലിയ അളവില്‍ സമുദ്രത്തെ സ്വാധീനിക്കുകയും സുനാമികള്‍ സൃഷ്ടിക്കുകയും ചെയ്യും. ഭൂകമ്പ, കാലാവസ്ഥാ ഘടകങ്ങളുടെ സംയോജനവും, അലാസ്‌കയെ സുനാമിക്ക് ഇരയാക്കുന്നു. മെഗാ-സുനാമികളുടെ ചരിത്രം ഹവായിക്കുമുണ്ട്. അഗ്നിപര്‍വ്വതങ്ങളുടെ തകര്‍ച്ച മൂലം ഏകദേശം 105,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1,000 അടി ഉയരമുള്ള ഒരു തിരമാല ലനായി ദ്വീപില്‍ ആഞ്ഞടിച്ചിരുന്നു.

Tags:    

Similar News