കോര്‍പ്പറേഷന്‍ ജീവനക്കാര്‍ കൊടിമാറ്റിയതില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് സഖാക്കള്‍ക്ക് നല്‍കിയ മറുപടി മാസ്; ജീവനക്കാര്‍ കൊടി നീക്കിയതില്‍ താനെന്തു ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് ചോദിച്ച എമ്പുരാന്‍ സ്റ്റൈല്‍; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പരാതി പറഞ്ഞ ഡിവൈഎഫ്‌ഐക്കാര്‍ക്ക് 'യദുവിന്റെ' ഗതിവരുമോ? തിരുവനന്തപുരത്ത് സിപിഎമ്മില്‍ 'കൊടി വിവാദം'
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ കൊടി കെട്ടിയ പ്രശ്‌നത്തില്‍ മേയര്‍ ആര്യാരാജേന്ദ്രനെതിരേ സിപിഎം നേതൃത്വത്തിന് ഡിവൈഎഫ്ഐയുടെ പരാതി. വയനാട് ദുരന്തബാധിതര്‍ക്കായി ഡിവൈഎഫ്ഐ നിര്‍മിച്ചു നല്‍കുന്ന 100 വീടുകളുടെ ഉദ്ഘാടനച്ചടങ്ങിനിടെ സംഘടനയുടെ കൊടിതോരണങ്ങള്‍ കോര്‍പ്പറേഷന്‍ അഴിച്ചുമാറ്റിയതിലാണ് തര്‍ക്കം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗംകൂടിയായ ആര്യാരാജേന്ദ്രനെതിരേ ജില്ലാനേതൃത്വം ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറിക്കു പരാതിയും നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടി. ഇതിന്റെ ഭാഗമായി നഗരവീഥികളില്‍ വ്യാപകമായി വെള്ളക്കൊടികള്‍ നാട്ടിയിരുന്നു. എന്നാല്‍, ചടങ്ങ് തുടങ്ങും മുന്‍പേ കോര്‍പ്പറേഷന്‍ ജീവനക്കാരെത്തി കൊടികളെല്ലാം അഴിച്ചുമാറ്റി. കോടതി ഉത്തരവിന്റെ പേരിലായിരുന്നു ഈ നടപടി. എന്നാല്‍ തൊട്ടടുത്തുള്ള കെഎസ്യുവിന്റെയും ബിജെപിയുടെയും കൊടികള്‍ മാറ്റിയില്ല. തുടര്‍ന്ന് ഡിവൈഎഫ്ഐ ജില്ലാ നേതാക്കള്‍ ആര്യാരാജേന്ദ്രനെ വിളിച്ച് പരാതി പറഞ്ഞു. കോര്‍പ്പറേഷന്‍ ജീവനക്കാര്‍ കൊടിമാറ്റിയതില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നായിരുന്നു മേയറുടെ മറുപടി.
പാളയത്ത് യൂണിവേഴ്സിറ്റി കോളേജിനു സമീപം കൊടികള്‍ നീക്കിയ ജീവനക്കാരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കൊടികളെല്ലാം അവര്‍ക്കു നല്‍കിയ ശേഷം വടികളുമായി ജീവനക്കാര്‍ പോയി. ചടങ്ങിനു മുന്‍പേ കൊടികള്‍ നീക്കിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കു മുന്നിലും പരാതിയുമായെത്തി. ജില്ലാ സെക്രട്ടഖി മേയറെ വിളിച്ചപ്പോഴും ജീവനക്കാര്‍ കൊടി നീക്കിയതില്‍ താനെന്തു ചെയ്യുമെന്നായിരുന്നു ആര്യയുടെ മറുപടി. നിലവില്‍ മേയറും സിപിഎം ജില്ലാ കമ്മറ്റി അംഗാണ്. ഇതിനൊപ്പം ഉന്നത നേതൃത്വത്തില്‍ സ്വാധീനവുമുണ്ട്. അതുകൊണ്ട് തന്നെ നടപടികളൊന്നും ഉണ്ടാകില്ല.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താന്‍ പാര്‍ട്ടി ഒരു അവസരം കൂടി നല്‍കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം സിപിഎം എടുത്തിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് അന്ന് തീരുമാനം ഉണ്ടായത്. കോര്‍പറേഷന്‍ ഭരണത്തിലെ വീഴ്ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ ഇടപെടല്‍ അന്നുണ്ടായത്. മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ടായി. മേയറെ മാറ്റിയില്ലെങ്കില്‍ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് ജില്ലാ കമ്മിറ്റിയില്‍ ആശങ്ക ഉയര്‍ന്നിരുന്നു. ഉന്നത നേതൃത്വവുമായി ആര്യാ രാജേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്നും അതിനാലാണ് മേയര്‍ സംരക്ഷിക്കപ്പെടുന്നതെന്ന വിമര്‍ശനവും പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ട്. പിന്നീടാണ് സിപിഎം ജില്ലാ കമ്മറ്റിയിലേക്ക് ആര്യാ രാജേന്ദ്രന്‍ എത്തിയത്. ഇതോടെ സംഘടനാ പരമായി കരുത്തു കൂടി. അങ്ങനെയുള്ള നേതാവിനെതിരെയാണ് ഇപ്പോള്‍ ഡിവൈഎഫ് ഐ പരാതി പറയുന്നത്. അതുകൊണ്ട് തന്നെ ഡിവൈഎഫ് ഐ ജില്ലാ കമ്മറ്റിയ്ക്ക് ഇനി എന്തും സംഭവിക്കാം എന്ന ചര്‍ച്ചയുമുണ്ട്.
മുമ്പ് കെ എസ് ആര്‍ ടി സിയില്‍ താല്‍കാലിക ഡ്രൈവറായിരുന്ന യദുവാണ് ആര്യാ രാജേന്ദ്രനെതിരെ പരാതിയുമായി എത്തിയത്. പ്രത്യക്ഷത്തില്‍ തന്നെ നിരവധി പൊരുത്തക്കേടുകള്‍ ആര്യയുടെ വിശദീകരണത്തില്‍ ആ സംഭവത്തിലുണ്ടായിരുന്നു. പക്ഷേ പണി പോയത് യദുവിന് മാത്രമാണ്. സമാനമായി തിരുവനന്തപുരം ജില്ലാ കമ്മറ്റിയ്ക്കും ഈ പരാതിയുടെ പേരില്‍ പണി കിട്ടാനാണ് സാധ്യത. മേയര്‍ക്കെതിരെ മാധ്യമങ്ങളില്‍ വാര്‍ത്ത ചോര്‍ത്തി നല്‍കിയതിനും നടപടികളുണ്ടാകാന്‍ സാധ്യത ഏറെയാണ്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പടി വാതിക്കല്‍ എത്തി നില്‍ക്കേയുള്ള ഡിവൈഎഫ് ഐ പരാതിയ്ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന വാദം മേയര്‍ ഉയര്‍ത്തിയേക്കാം. ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഉണ്ടാകാതിരിക്കാന്‍ ചെയ്ത നല്ല കാര്യം വിവാദമാക്കിയെന്ന വിശദീകരണവും ആര്യ നടത്തിയേക്കും.
കോര്‍പറേഷന്‍ ഭരണവും ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടും മേയര്‍ ആര്യാ രാജേന്ദ്രന്റെ പെരുമാറ്റവും അതിനിശിത വിമര്‍ശനത്തിന് മുമ്പ് വിധേയമായിരുന്നു. കെഎസ്ആര്‍ടിസി മേയര്‍ വിവാദത്തില്‍ ബസ്സിലെ മെമ്മറി കാര്‍ഡ് കിട്ടാത്തത് ഭാഗ്യമായെന്ന് ജില്ലാ കമ്മിറ്റി അംഗം തുറന്നടിച്ചതും ചര്‍ച്ചകളിലെത്തി. മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും പക്വതയില്ലാതെ പെരുമാറിയെന്നായിരുന്നു അന്ന് വിമര്‍ശനം. ഭരണത്തിലെ വീഴ്ചകളും പ്രവര്‍ത്തനശൈലിയും മൂലം അധികാരം നഷ്ടമാകുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി ഇടപെടല്‍ ഉണ്ടായത്. മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന വിലയിരുത്തല്‍ കൂടി ഉണ്ടായതിനെ തുടര്‍ന്നാണ് ഒരവസരം കൂടി നല്‍കുന്നത്. കോര്‍പറേഷന്‍ ഭരണത്തിലെ വീഴ്ചകള്‍ ജില്ലാ ഘടകം പ്രത്യേകം പരിശോധിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഡി വൈഎഫ് ഐയ്ക്ക് തന്നെ പരാതി കൊടുക്കേണ്ട അവസ്ഥ വന്നത്.