മലയാള സിനിമയിലേക്ക് 'എംഡിഎംഎ' എത്തുന്നത് ഒമാന്‍ മാഫിയ വഴിയോ? ഗള്‍ഫിലെ ആ മാള്‍ കേന്ദ്രീകരിച്ചുള്ള മാഫിയയിലെ ഇടനിലക്കാരനോ സജീര്‍? രണ്ടു നടിമാര്‍ക്ക് നല്‍കാനുള്ള 'സാധനവുമായി' കാത്തു നിന്ന ഇടനിലക്കാരനെ പിടിച്ചിട്ടും മുമ്പോട്ട് അന്വേഷിക്കാത്ത പോലീസ്; രാസലഹരിയില്‍ മോളിവുഡ് മുങ്ങുന്നുവോ?

Update: 2025-04-20 04:22 GMT

കൊച്ചി: ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കള്ളക്കടത്ത് വ്യാപകമാണെന്ന വിലയിരുത്തല്‍ എക്‌സൈസ് പരിശോധിക്കുകയാണ്. പോലീസിലെ ഡാന്‍സാഫും ഇതിന് പിന്നിലുണ്ട്. ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോയെ പോലീസ് അറസ്റ്റു ചെയ്യുമ്പോഴും ഈ ഒമാന്‍ മാഫിയ സംശയ നിഴലിലാണ്.

മലയാളികള്‍ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാന്‍ പൗരനെന്ന് വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിരുന്നു. പൊലീസിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണ സംഘത്തില്‍ നിന്ന് വിവരം ശേഖരിക്കുകയും ചെയ്തു. വിദേശബന്ധം സ്ഥിരീകരിച്ചതോടെ കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തേക്കുമെന്ന് സൂചനകളെത്തി. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല.

പശ്ചിമകൊച്ചി,ആലുവ എന്നിവിടങ്ങളില്‍ 400ലധികം ഗ്രാം എം.ഡി.എം.എ.എ പിടികൂടിയ അഞ്ച് കേസുകളിലെ തുടരന്വേഷണത്തിലാണ് ഒമാന്‍ ബന്ധം കണ്ടെത്തിയത്. അവിടെ ലഹരി ഇടപാടിന് ചുക്കാന്‍പിടിച്ച മലപ്പുറം സ്വദേശിയെ അറസ്റ്റുചെയ്തതോടെ ഈ സംഘം പൊലീസിന്റെ വലയിലായി. ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ മലപ്പുറം നെടിയിരിപ്പ് സ്വദേശി ആഷിഖാണ് (27) ഇടപാട് നിയന്ത്രിച്ചിരുന്നത്. നാട്ടിലെത്തിയ ഇയാളെ വീടുവളഞ്ഞാണ് അറസ്റ്റുചെയ്തത്. കേസില്‍ വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശി മാഗി ആഷ്‌ന,മ ട്ടാഞ്ചേരി സ്വദേശി ഇസ്മായില്‍ സേഠ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

ഇവരാണ് വിമാനത്തില്‍ ലഹരി എത്തിച്ചിരുന്നത്. ജോലിക്കായി ഒമാനിലെത്തിയ മാഗി സംഘത്തിന്റെ കൂടെക്കൂടി ലഹരിക്കടത്തുകാരിയായി. ഇസ്മായില്‍ സേഠാണ് കൊച്ചിയിലെ ലഹരി ഇടപാടിന് നേതൃത്വം നല്‍കുന്നത്. ജനുവരി അവസാനമാണ് 443.16 ഗ്രാം എം.ഡി.എം.എയും 6.8ഗ്രാം കഞ്ചാവും 9.41 ഗ്രാം ഹാഷിഷ് ഓയിലും 4.64 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമടക്കം കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുകളുമായി മഹാരാഷ്ട്ര പൂനെ സ്വദേശിനി ആയിഷ ഗഫാര്‍സെയ്ത് (39),ലിവിംഗ് ടുഗെതര്‍ പങ്കാളി മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27),മട്ടാഞ്ചേരി സ്വദേശികളായ സജീര്‍ (28),അദിനാന്‍ സവാദ് (22),ഷഞ്ജല്‍ (34),മുഹമ്മദ് അജ്മല്‍ (28),പള്ളുരുത്തിവെളി സ്വദേശി ബാദുഷ (29) എന്നിവര്‍ അറസ്റ്റിലായത്. ഈ കേസിലെ സജീറാണോ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ടതെന്ന സംശയം ഉയരുന്നുണ്ട്. ഇയാള്‍ ജാമ്യം നേടിയോ എന്നതടക്കം പരിശോധിക്കേണ്ട സാഹചര്യമുണ്ട്.

ഒമാനില്‍ ഒരുഗ്രാം എം.ഡി.എം.എയ്ക്ക് 340 രൂപ മാത്രമാണ് വില. ബംഗളൂരുവില്‍ ഇത് 1000 രൂപയും. ഈ വില അന്തരമാണ് ലഹരിക്കടത്തിന് കരുത്തായത്. ഒമാന്‍ പൗരനാണ് ലഹരിമരുന്ന് ഇവര്‍ക്ക് നല്‍കിയിരുന്നത്. ഒമാനിലെ മാള്‍ കേന്ദ്രീകരിച്ചാണ് ഇതെല്ലാം നടക്കുന്നത്. പുതുവത്സരാഘോഷ പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് ഒമാനില്‍നിന്ന് ഇറക്കുമതി ചെയ്ത, ലക്ഷക്കണക്കിനു രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് ഡിസംബറില്‍ പിടിയിലായിരുന്നു. 2 മാസം മുന്‍പു ഒമാനില്‍ നിന്നു നാട്ടിലെത്തിയ കാളികാവ് പേവുന്തറ മുഹമ്മദ് ഷബീബിനെയാണ് അഴിഞ്ഞിലത്തെ റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയുടെ പരിസരത്തു നിന്നു പൊലീസ് അന്ന് പിടികൂടിയത്.

വിദേശത്തുനിന്നുള്ള നിര്‍ദേശപ്രകാരം ആവശ്യക്കാര്‍ക്കു ലഹരി കൈമാറാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണു പിടിയിലായത്. 2 നടിമാര്‍ക്ക് നല്‍കാനാണു ലഹരി എത്തിച്ചതെന്നു പ്രതി മൊഴി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഒമാനില്‍ ജോലി ചെയ്യുന്ന ഷബീബ് അവിടെയുള്ള സുഹൃത്തുക്കള്‍ മുഖേനയാണു എംഡിഎംഎ നാട്ടിലെത്തിച്ചത്. കൊച്ചി, ഗോവ എന്നിവിടങ്ങളില്‍ വില്‍പന നടത്തി അമിത ലാഭമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നായിരുന്നു പ്രതിയുടെ മൊഴി. വിദേശ നിര്‍മിത ലഹരിക്കു നാട്ടില്‍ ആവശ്യക്കാര്‍ കൂടുതലാണെന്നതാണ് വസ്തുത.

ജനുവരി അവസാനം കൊച്ചിയില്‍ 500 ഗ്രാം എംഡിഎംഎ പിടിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 11 പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ആഷിക്കാണ് മുഖ്യപ്രതി. ആ കേസിലെ അന്വേഷണത്തിലാണ് ഏറ്റവും ഒടുവില്‍ ഇത് എത്തിക്കുന്നത് പ്രധാനമായും ഒമാനില്‍ നിന്നാണെന്ന വിവരം പുറത്തുവരുന്നത്. ഒമാന്‍ ലഹരിക്കടത്തിന്റെ ഒരു ഹബ്ബായി മാറിയിരിക്കുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികള്‍ ലഹരി കടത്തിയ രീതിയടക്കമുള്ള വിശദാംശങ്ങളെല്ലാം തന്നെ പോലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.

എന്‍.സി.ബി ഇക്കാര്യത്തില്‍ ഒരു പ്രാഥമിക അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ എന്‍.സി.ബി ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. മലയാളികളും ഇതരസംസ്ഥാനക്കാരും ലഹരിക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മട്ടാഞ്ചേരിയില്‍ 298 ഗ്രാം എംഡിഎംഎ ആദ്യ ഘട്ടത്തില്‍ പിടിച്ചതോടുകൂടിയാണ് ഇതിന്റെ വലിയ ശൃംഖല ബോധ്യമാകുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ രാത്രിസമയം ഒരു സാംപ്ലിങ് റെയ്ഡ് എന്ന നിലയില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായിരുന്നു. ഏകദേശം 77 എന്‍.ഡി.പി.എസ് കേസുകളാണ് ആ ഒരൊറ്റ രാത്രിയില്‍ രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News