സര്‍ക്കാര്‍ ജീവനക്കാരന്‍ പെട്രോള്‍ പമ്പിന് അപേക്ഷിച്ചത് എങ്ങനെ? നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച പ്രശാന്തിനും കുരുക്ക്; വിശദീകരണം തേടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍; യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച പ്രശാന്തിനും കുരുക്ക്

Update: 2024-10-16 12:19 GMT

കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാരനായ ടി വി പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി തേടി അപേക്ഷ നല്‍കിയത് എങ്ങനെ? എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ ടി.വി. പ്രശാന്തിനോട് വിശദീകരണം തേടി കോളജ് പ്രിന്‍സിപ്പല്‍. പമ്പിന് അനുമതി ലഭിക്കാന്‍ 98,500 രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം.

പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്തന്‍. പ്രശാന്തിനെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എന്‍ജിഒ അസോസിയേഷന്‍ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ വിശദീകരണം തേടിയത്.

കൈക്കൂലി നല്‍കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എന്‍ജിഒ അസോസിയേഷന്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രശാന്തിന്റെ വിശദീകരണം കിട്ടിയ ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.

ടി.വി. പ്രശാന്തിന്റെ ആരോപണത്തില്‍ സംശയങ്ങള്‍ ഉയരുന്നതിനിടെയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയത്. എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തന്‍ പി.പി. ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെ ബെനാമി ആണെന്നായിരുന്നു കോണ്‍ഗ്രസ് ആക്ഷേപം. പെട്രോള്‍ പമ്പിന്റെ യഥാര്‍ഥ ഉടമ ദിവ്യയുടെ ഭര്‍ത്താവും പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരനുമായ അജിത്ത് ആണെന്നാണ് ഡിസിസി പ്രസിഡന്റ്് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചത്.

ഈ ആരോപണം ബിജെപിയും ഏറ്റുപിടിച്ചു. ദിവ്യയുടെ വീട്ടിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ല കുട്ടിയാണ് കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പ് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. തെളിവുകള്‍ പുറത്തുവിടാതെയായിരുന്നു ഇരു സംഘടനകളും ആരോപണം ഉന്നയിച്ചത്. അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തണമെന്നാണ് ആവശ്യം.

യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

അഴിമതി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്ത് പൊലീസ്. കണ്ണൂര്‍ കളക്ടറേറ്റിലെത്തിയാണ് ടൗണ്‍ പൊലീസ് ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തത്.

നവീന്‍ ബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലെത്തിച്ചു. പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നാളെയാണ് സംസ്‌കാരം നടത്തുക. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി.

വിരമിക്കാന്‍ ഇനി ബാക്കി ഏഴ് മാസം മാത്രമാണുള്ളത്. കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിച്ച് ജന്‍മനാട്ടില്‍ ജോലി ചെയ്യാമെന്ന് കരുതിയുള്ള വരവാണ് കണ്ണീര്‍ ഓര്‍മ്മയായത്. നവീന്‍ ബാബുവിന്റെ ചേതനയറ്റ ശരീരവുമായി കണ്ണൂരില്‍ നിന്ന് അതിരാവിലെ പുറപ്പെട്ട ആംബുലന്‍സ് പത്തനംതിട്ടയിലെത്തിയപ്പോള്‍ വിങ്ങിപ്പൊട്ടി ബന്ധുക്കളും സഹപ്രവര്‍ത്തകരും. തൊട്ടുപിന്നാലെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അടക്കമുള്ളവര്‍ ആംബുലന്‍സില്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

പ്രതിപക്ഷ നേതാവും കെപസിസി പ്രസിഡന്റും അടക്കം നേതാക്കളുടെ ഒരു വലിയൊരു നിര തന്നെ വീട്ടിലെത്തിയിരുന്നു. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അനുകൂലിക്കുന്ന ന്യായവാദങ്ങളെല്ലാം തള്ളുന്നതായിരുന്നു പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സംഭവത്തില്‍ കളക്ടറേറ്റിലടക്കം പ്രതിഷേധ യോഗങ്ങള്‍ നടന്നു. നാളെ വീട്ടില്‍ പൊതുദര്‍ശനം നടത്തും. അതിന് ശേഷം പത്തനംതിട്ടയില്‍ തന്നെ സംസ്‌കാരം നടത്തും.

എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുകയാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ വീട്ടിലേക്ക് ബിജെപിയും യൂത്ത് കോണ്‍ഗ്രസും നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടത്തി. ഇതോടെ പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. വനിതാ പ്രവര്‍ത്തകരെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

വനിതാ പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വീണ്ടും സംഘര്‍ഷത്തിന് ഇടയാക്കി. പ്രതിഷേധങ്ങള്‍ മുന്നില്‍കണ്ട് ദിവ്യയുടെ വീടിനു പരിസരത്ത് സുരക്ഷാ കവചം ഒരുക്കി സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെങ്കിലും പിന്നീട് പിരിഞ്ഞുപോയി.

Tags:    

Similar News