റസ്റ്റോറന്റ് പൂട്ടിയിട്ടതിനാല്‍ രക്ഷപ്പെട്ടു; സിഡ്‌നി വെടിവെപ്പിന്റെ ഞെട്ടലില്‍ മുന്‍ ക്രിക്കറ്റ് താരം മൈകല്‍ വോണ്‍; 'ബോണ്ടിയില്‍ റസ്റ്റോറന്റില്‍ കുടുങ്ങിയത് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു; ഭീകരനെ കീഴടക്കിയ വ്യക്തിക്കും നന്ദി'യെന്ന് വോണ്‍; സിഡ്‌നി ഭീകരാക്രമണത്തിലെ മരണം 16 ആയി, 40 പേര്‍ക്ക് പരുക്ക്; മരണ സംഖ്യ ഉയര്‍ന്നേക്കും
സിഡ്‌നി വെടിവെപ്പിന്റെ ഞെട്ടലില്‍ മുന്‍ ക്രിക്കറ്റ് താരം മൈകല്‍ വോണ്‍
സിഡ്‌നി: ലോകത്തെ നടുക്കിയ സിഡ്‌നി ബോണ്ടി ബീച്ചിലെ ഭീകരാക്രമണത്തില്‍ നിന്നും രക്ഷപെട്ടതിന്റെ ഞെട്ടിലില്‍ മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൈകല്‍ വോണ്‍. 12 പേര്‍ കൊല്ലപ്പെട്ട വെടിവെപ്പ് നടക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മൈകല്‍ വോണ്‍, റസ്റ്റോറന്റ് പൂട്ടിയിട്ടത്‌കൊണ്ടു മാത്രം രക്ഷപ്പെട്ടതിന്റെ ഞെട്ടിക്കുന്ന അനുഭവമാണ് പങ്കുവെച്ചത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ആഷസ് പരമ്പരയുടെ കമന്ററി പാനലില്‍ അംഗമായാണ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇവിടെയെത്തിയത്. രണ്ടാം ടെസ്റ്റും കഴിഞ്ഞ്, 17ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇടവേളയിലാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം സിഡ്‌നിയില്‍ സഞ്ചാരികള്‍ ഏറെ എത്തുന്ന ബോണ്ടി ബീച്ചിലെത്തിയത്.
വെടിവെപ്പ് സമയത്ത് പ്രദേശത്ത റസ്റ്റോറന്റിലായിരുന്നു വോണ്‍. അസ്വാഭാവികമായ സംഭവങ്ങള്‍ നടന്നപ്പോള്‍ തന്നെ ജീവനക്കാര്‍ റസ്റ്റോറന്റ് ഡോര്‍ പൂട്ടി, എല്ലാവരെയും അകത്താക്കി സുരക്ഷ ഉറപ്പുവരുത്തി. എല്ലാം അടങ്ങിയ ശേഷം, സുരക്ഷിതമായി വീട്ടിലെത്തിയശേഷമാണ് മൈകല്‍ വോണ്‍ ബോണ്ടി ബീച്ചിലെ ഭയപ്പെടുത്തിയ അനുഭവം 'എക്‌സ്' പോസ്റ്റില്‍ പങ്കുവെച്ചത്.
'ബോണ്ടിയില്‍ റസ്റ്റോറന്റില്‍ കുടുങ്ങിയത് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു. ഇപ്പോള്‍ സുരക്ഷിതമായി വീട്ടിലെത്തി. എമര്‍ജന്‍സി സര്‍വീസ് ടീമിനും, ഭീകരനെ കീഴടക്കിയ വ്യക്തിക്കും നന്ദി. വെടിവെപ്പിനിരയായവര്‍ക്കൊപ്പമാണ് ഇപ്പോള്‍ മനസ്സ്' -മൈകല്‍ വോണ്‍ കുറിച്ചു.
ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.30ഓടെയായിരുന്നു തോക്കുധാരികളായ രണ്ട് അക്രമികള്‍ ബോണ്ടി ബീച്ചിനെ രക്തക്കളമാക്കിയത്. ജൂത ആഘോഷമായ ഹനൂക്കയോടനുബന്ധിച്ചുള്ള ചടങ്ങിനായി ഒത്തുകൂടിയ നൂറുകണക്കിന് പേര്‍ക്ക് നേരെയൊയിരുന്നു നിറയൊഴിച്ചത്. ഭീകരാക്രമണത്തില്‍ മരണം 16 ആയി ഉയര്‍ന്നിട്ടുണ്ട്. 40 പേര്‍ക്ക് പരുക്ക്. അഞ്ച് പേരുടെ നില ഗുരുതരമാണ്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങള്‍ക്കിടെ ആണ് ആക്രമണം ഉണ്ടായത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ത്തു.
നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 2.17നാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ വാര്‍ത്ത നടുക്കുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനിസ് പ്രതികരിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം ആക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തെ വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്തെത്തി. ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ആക്രണമാണ് നടന്നതെന്നും ഓസ്‌ട്രേലിയന്‍ ഭരണകൂടം മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നുമാണ് ഇസ്രയേലിന്റെ കുറ്റപ്പെടുത്തല്‍.
അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നവീദ് അക്രം എന്ന അക്രമിയെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. നവീദ് അക്രം പാകിസ്താന്‍കാരനാണെന്ന് തിരിച്ചറിഞ്ഞു. പാകിസ്താനിലെ ലാഹോര്‍ സ്വദേശിയായ നവീദ് അക്രത്തിന് 24 വയസ് മാത്രമാണ് പ്രായം. ഇതിനിടെ നിരായുധനായ വ്യക്തി തോക്കുധാരിയെ ആക്രമിച്ച് കീഴടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
