അച്ഛന്‍ നിര്‍മ്മാണ തൊഴിലാളി; കായലോരത്ത തകര്‍ന്ന് വീഴാറായ വീട്; മക്കള്‍ക്ക് വേണ്ടി കുവൈറ്റില്‍ വീട്ടു പണിക്ക് പോയ അമ്മ; പ്രാരാബ്ദം വ്യക്തമെങ്കിലും ലൈഫില്‍ പോലും വീട് കൊടുക്കാത്ത സര്‍ക്കാര്‍; സിപിഎം നിയന്ത്രണത്തിലെ സ്‌കൂളില്‍ പൊലിഞ്ഞത് ഫുട്‌ബോളില്‍ തിളങ്ങാന്‍ മോഹിച്ച പ്രതിഭ; നാടിന് നോവായി മിഥുന്‍; അമ്മ എത്തിയാല്‍ സംസ്‌കാരം

Update: 2025-07-18 00:50 GMT

കൊല്ലം: ഒരു നാടിന്റെ വേദനയായി മിഥുന്‍. പട്ടകടവ് സ്‌കൂളില്‍നിന്ന് ഏഴാം ക്ലാസ് പാസായശേഷമാണ് മിഥുന്‍ തേവലക്കര ബോയ്സ് സ്‌കൂളിലേക്ക് എത്തിയത്. സ്‌കൂള്‍ ഫുട്ബോള്‍ ക്ലബ്ബില്‍ അംഗമായിരുന്നു. ശാസ്താംകോട്ടയില്‍ തേവലക്കര കോവൂര്‍ സ്‌കൂളില്‍ സഹപാഠികളുടെ കണ്‍മുന്പില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു. തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി വലിയപാടം മിഥുന്‍ ഭവനില്‍ മനുവിന്റെ മകന്‍ മിഥുനാണ് (13) മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കു വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചു.

നിര്‍മാണത്തൊഴിലാളിയാണ് മനു. സുജയാണ് അമ്മ. പൂവറ്റൂര്‍ സ്വദേശിയായ സുജ വീടുകള്‍ വൃത്തിയാക്കാനും മറ്റും പോയിരുന്നു. കായലോരത്തെ ഇവരുടെ ചെറിയ വീട് ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. മിഥുനും പട്ടകടവ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ അനുജന്‍ സുജിനും അല്പം അകലെയുള്ള അമ്മൂമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ലൈഫ് പദ്ധതിയില്‍ ഇവര്‍ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. മക്കളെ നല്ലരീതിയില്‍ പഠിപ്പിക്കണം, ചെറിയൊരുവീടുണ്ടാക്കണം... എന്ന ആഗ്രഹവുമായ് സുജ കുവൈത്തിലേക്ക് വിമാനം കയറിയത്. ദിവസവും മക്കളെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെയും വിളിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മനുവാണ് മിഥുനെ സ്‌കൂളിലെത്തിച്ചത്. തിരികെ വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു മനു. മനുവിന്റെ അമ്മ, മണിയമ്മ തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു.

ക്ലാസ് തുടങ്ങുന്നതിനു മുമ്പു കുട്ടികള്‍ കളിച്ചുകൊണ്ടുനില്‍ക്കെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറുമ്പോള്‍ വൈദ്യുതലൈനില്‍നിന്നു ഷോക്കേല്‍ക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്കു മേല്‍ക്കൈയുള്ള മാനേജ്‌മെന്റാണ് തേവലക്കര സ്‌കൂള്‍ നിയന്ത്രിക്കുന്നത്. സ്‌കൂള്‍ കെട്ടിടത്തോടു ചേര്‍ന്നു സൈക്കിള്‍ വയ്ക്കാനായി ഇരുമ്പുഷീറ്റ് പാകിയ ഷെഡ് നിര്‍മിച്ചിട്ടുണ്ട്. ഈ ഷെഡിന്റെ മുകളിലേക്കു ചെരുപ്പു വീണു. ഇതെടുക്കാനായി കയറിയതായിരുന്നു മിഥുന്‍. കാല്‍ തെന്നി മുകളിലൂടെ പോകുന്ന വൈദ്യുതലൈനില്‍ പിടിക്കുമ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ സ്‌കൂള്‍ അധികൃതരും സഹപാഠികളും ചേര്‍ന്നു മിഥുനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിഥുന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അമ്മ വിദേശത്തുനിന്ന് എത്തിയശേഷമാകും സംസ്‌കാരം. ഉടന്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കുവൈറ്റിലെ കുടുംബത്തോടൊപ്പം തുര്‍ക്കിയിലാണ് സുജ. ഈ സാഹചര്യത്തിലാണ് മടക്കം വൈകുന്നത്.

കുടുംബത്തിന് ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. കെഎസ്ഇബിയുടെ ഭാഗത്തും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തും വീഴ്ചയുണ്ടായി. ഷെഡ് കെട്ടുമ്പോള്‍ അനുമതി തേടിയിട്ടില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News