കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; പദവി ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ല; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍; സിന്‍ഡിക്കേറ്റ് -വി സി അധികാര വടംവലിയില്‍ കരുവാകുന്നുവെന്ന ഭീതിയില്‍ ഉദ്യോഗസ്ഥയുടെ പിന്‍മാറ്റം; രാജ്ഭവനെ സമീപിച്ചു വി സി മോഹന്‍ കുന്നുമ്മല്‍

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം

Update: 2025-07-11 11:12 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് കത്തയച്ചു. പദവി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചാണ് വിസിക്ക് കത്ത് നല്‍കിയിരിക്കുന്നത്. വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും മിനി കാപ്പന്‍ വി സിക്ക് നല്‍കിയ കത്തില്‍ പറയുന്നു. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കി വി സി ഉത്തരവ് ഇറക്കിയിരുന്നു.

കേരള സര്‍വകലാശാലയിലെ തുടരുന്ന വിവാദങ്ങള്‍ക്കിടയില്‍ ആദ്യമായാണ് മിനി കാപ്പന്‍ പ്രതികരിച്ചിരിക്കുന്നത്. വി സി മിനി കാപ്പനെ രജിസ്ട്രാറാക്കിയതിന് പിന്നാലെ അച്ചടക്ക നടപടിയുണ്ടാകുമെന്നടക്കം സിന്‍ഡിക്കേറ്റ് പ്രതികരിച്ചിരുന്നു. ഇതോടെ അധികാര വടംവലിയില്‍ കരുവാക്കപ്പെടുമെന്ന് ബോധ്യമായതോടയാണ് ഉദ്യോഗസ്ഥ സ്വയം പിന്‍മാറുന്നത്.

സര്‍വകലാശാലയിലെ രജിസ്ട്രാര്‍ സംവിധാനം താളം തെറ്റി കിടക്കുന്നതിനിടയിലാണ് മിനി കാപ്പന്റെ ഭാഗത്ത് നിന്നും ഒരു നീക്കമുണ്ടായിരിക്കുന്നത്. അതേസമയം രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിനെതിരെ വി സി രാജ്ഭവനെ സമീപിച്ചിട്ടുണ്ട്. തന്റെ നിര്‍ദേശം മറികടന്ന് അനധികൃതമായാണ് കെ എസ് അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ എത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വി സി രാജ്ഭവന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

മാത്രവുമല്ല, അനില്‍ കുമാര്‍ അയച്ച ഫയലുകള്‍ വി സി തിരിച്ചയച്ചിരുന്നു. എന്നാല്‍ മിനി കാപ്പന്‍ അയച്ച ഫയലുകള്‍ വി സി അംഗീകരിക്കുകയും ചെയ്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് എന്ന നിലയിലാണ് മിനി കാപ്പന്‍ അയച്ച ഫയലുകള്‍ വി സി അംഗീകരിച്ചത്. രജിസ്ട്രാര്‍ക്കുള്ള ഇ-ഫയലുകള്‍ അനില്‍ കുമാറിന് അയയ്ക്കരുതെന്ന് ചൂണ്ടിക്കാട്ടി വി സി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അതിനിടെ രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം പിന്‍വലിക്കുന്നതിലെ സാധ്യതയും വൈസ് ചാന്‍സിലര്‍ പരിശോധിക്കുന്നതായും വാര്‍ത്തകള്‍ എത്തി. അതേസമയം, വൈസ് ചാന്‍സിലറുടെയും സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്ന് രജിസ്ട്രാര്‍ ഡോക്ടര്‍ കെ എസ് അനില്‍കുമാര്‍ ഇന്നും കേരളാ സര്‍വകലാശാലയിലെത്തി. വിവാദങ്ങളില്‍, വരട്ടെ നോക്കാം എന്നായിരുന്നു കെ എസ് അനില്‍കുമാറിന്റെ പ്രതികരണം.

സര്‍വകലാശാലയില്‍ കേന്ദ്രസേനയുടെ സുരക്ഷയൊരുക്കണമെന്ന് സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങളുടെ ആവശ്യം. ഇതടക്കം സൂചിപ്പിച്ച് ബിജെപി അംഗങ്ങള്‍ കോടതിയെ സമീപിക്കും. വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ പ്രവേശിച്ച രജിസ്ട്രാര്‍ക്കെതിരെ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസിക്ക് പരാതി നല്‍കിയിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഗുരുതരമായ ചട്ടലംഘനമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സര്‍വകലാശാലയുടെയും വിദ്യാര്‍ഥികളുടെയും രേഖകള്‍ നശിപ്പിക്കാനോ കടത്തിക്കൊണ്ടു പോകാനോയുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ആരോപണം.

Tags:    

Similar News