'മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ച് നല്‍കാറില്ല'; ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനമാകില്ലെന്ന് എം കെ മുനീര്‍; 'നിയമസഭയില്‍ ജയിക്കണം'; കോണ്‍ഗ്രസിന് ചിട്ടവട്ടങ്ങളുണ്ടെന്നും കെ.മുരളീധരന്‍; ചെന്നിത്തലയെ പുകഴ്ത്തിയ പാണക്കാട് തങ്ങളിന്റെ പോസ്റ്റിന് പിന്നാലെ യുഡിഎഫിലെ 'മുഖ്യമന്ത്രി ചര്‍ച്ച' ചൂടുപിടിക്കുന്നു

ചെന്നിത്തലയെ പുകഴ്ത്തിയ പാണക്കാട് തങ്ങളിന്റെ പോസ്റ്റിന് പിന്നാലെ 'മുഖ്യമന്ത്രി ചര്‍ച്ച'

Update: 2025-01-05 12:33 GMT

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തിയുള്ള മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളിന്റെ അസാധാരണ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ യുഡിഎഫിലെ 'മുഖ്യമന്ത്രി ചര്‍ച്ച' ചൂടുപിടിക്കുന്നു. പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ചെന്നിത്തല നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചാണ് പാണക്കാട് തങ്ങള്‍ പ്രശംസ അറിയിച്ചത്. ഫലത്തില്‍ നേതാവായി മുസ്ലീം ലീഗും രമേശ് ചെന്നിത്തലയെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫെയ്‌സ് ബുക്ക് പോസ്റ്റ്. എന്‍ എസ് എസ് ചെന്നിത്തലയെ എല്ലാ അര്‍ത്ഥത്തിലും പിന്തുണച്ചിരുന്നു. എസ് എന്‍ ഡി പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുസ്ലീം ലീഗ് നേതൃത്വവും ചെന്നിത്തലയെ പിന്തുണയ്ക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു പാണക്കാട് സാദിഖലി തങ്ങളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

എന്നാല്‍ മുഖ്യമന്ത്രിപദവിയേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തില്‍ എത്തി എന്ന് പറയാന്‍ ആകില്ലെന്നുമാണ് ലീഗ് നേതാവ് എം കെ മുനീര്‍ വിഷയത്തില്‍ പ്രതികരിച്ചത്. ജാമിയ നൂരിയയുടെ പരിപാടിയില്‍ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്. മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നല്‍കാറില്ല. അങ്ങനെ ഒരു കീഴ് വഴക്കം ലീഗിനില്ല. തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വര്‍ഷമുണ്ടെന്നും മുനീര്‍ വ്യക്തമാക്കി.

മുന്നണി വിപുലീകരണത്തിന് നിലവില്‍ ചര്‍ച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തിയാല്‍ ലീഗ് അത് നിര്‍വഹിക്കും.ഒരുമിച്ച് ചായ കുടിക്കാന്‍ ഇരുന്നാലും നിഗൂഢ ചര്‍ച്ചകള്‍ നടന്നു എന്ന് വാര്‍ത്തകള്‍ വരുന്നു.മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ട് വരാന്‍ ലീഗിന് ഒറ്റയ്ക്ക് ആകില്ല. മുന്നണി കൂട്ടായി ഇരുന്നു ആലോചിക്കേണ്ട കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്റെ പ്രതികരണം. മുസ്ലിം ലീഗും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിനെ സംബന്ധിച്ചായിരുന്നു കെ.മുരളീധരന്റെ പരോക്ഷ പ്രതികരണം.

''ആദ്യം പഞ്ചായത്തില്‍ ജയിക്കണം. പിന്നെ നിയമസഭയില്‍ ജയിക്കണം. അതിനുശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ. ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ല. അതിനു കോണ്‍ഗ്രസിന് ചിട്ടവട്ടങ്ങളുണ്ട്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ അഭിപ്രായം നോക്കണം.

ഡല്‍ഹിയില്‍നിന്നുള്ള അഭിപ്രായം അറിയണം. ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്ളപ്പോള്‍ ഇക്കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം ഉണ്ടാകില്ല. സമുദായങ്ങള്‍ കോണ്‍ഗ്രസിനെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്.'' കെ.മുരളീധരന്‍ പറഞ്ഞു.

പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചര്‍ച്ച അനാവശ്യമെന്നും അത് ചര്‍ച്ച ചെയ്യേണ്ട സമയം അല്ല ഇതെന്നും ഹസന്‍ വ്യക്തമാക്കി. സമുദായ സംഘടനകളുടെ പരിപാടിയില്‍ എല്ലാ നേതാക്കളെയും ക്ഷണിക്കാറുണ്ട്. ഈ അനാവശ്യ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. മുന്നണി വിപുലീകരണ കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും എം. എം ഹസന്‍ പറഞ്ഞു.

പാണക്കാട് തങ്ങളുടെ ചെന്നിത്തല അനുകൂല ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പട്ടിക്കാട് ജാമിഅ സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നത്തെ മുഖ്യാതിഥി ശ്രീ രമേശ് ചെന്നിത്തലയായിരുന്നു. മഗ്രിബ് നിസ്‌കാരത്തിന് ശേഷം നടന്ന ഗരീബ് നവാസ് ഉദ്ഘാടനം അദ്ദേഹമായിരുന്നു. മുമ്പും പല തവണ ജാമിഅയിലെത്തിയ അദ്ദേഹം തന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഇന്നും അത്തരത്തിലൊരു സ്‌നേഹ വിരുന്നൊരുക്കി ഫൈസാബാദ്. ശേഷം അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതയിരുന്നു. വിവിധ മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചതിന്റെയും അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിര്‍ക്കണമെന്നും എല്ലാകാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. ആ വാക്കുകള്‍ ഏറ്റെടുത്ത് യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാന്‍ നമുക്കൊന്നിച്ച് പോരാടാം.

Tags:    

Similar News