ഒരു എംഒയു ഒപ്പിടല്‍; ഉച്ചയ്ക്ക് ശേഷം മൂന്ന് ഔദ്യോഗിക യോഗങ്ങള്‍; മഴയും കാറ്റും കോളും എല്ലാം നിരീക്ഷിക്കും; പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണയും മുഖ്യമന്ത്രിയുടെ പിറന്നാള്‍; എണ്‍പതിന്റെ നിറവിലെത്തിയ പിണറായിയ്ക്ക് മോദിയുടെ ജന്മദിനാശംസ; ദീര്‍ഘായുസും ആരോഗ്യവും ആശംസിച്ച് പ്രധാനമന്ത്രി; 'ക്യാപ്ടന്' ഹാപ്പി ബെര്‍ത്ത് ഡേ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്നാണ് പ്രധനാമന്ത്രി ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് പിണറായ്ക്ക് 80-ാം ജന്മദിനാശംസകള്‍ അറിയിച്ചത്. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണയും മുഖ്യമന്ത്രിയുടെ പിറന്നാള്‍ കടന്നുപോകുന്നത്.
സര്‍ക്കാറിന്റെ നാലാംവാര്‍ഷികാഘോഷ പരിപാടികളുടെ തിരക്കുകള്‍ വെള്ളിയാഴ്ചയാണ് കഴിഞ്ഞത്. ശനിയാഴ്ച രാവിലെ ഓഫീസിലെത്തുന്ന മുഖ്യമന്ത്രി ഒരു എംഒയുവില്‍ ഒപ്പിടും. ഉച്ചയ്ക്കുശേഷം മൂന്ന് ഔദ്യോഗിക യോഗങ്ങളുമുണ്ട്. ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയന്‍ തന്നെയായിരുന്നു അറിയിച്ചത്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു പിറന്നാള്‍ ദിനത്തിലെ സസ്‌പെന്‍സ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. ഇടതുപക്ഷത്തിന്റെ ക്യാപ്ടനാണ് ഇന്ന് പിണറായി വിജയന്‍. സിപിഎമ്മിന് ഭരണത്തില്‍ ഹാട്രിക് നല്‍കുമെന്ന ആത്മവിശ്വാസവുമായാണ് എണ്‍പതിലേക്ക് പിണറായി കാലെടുത്തു വയ്ക്കുന്നത്.
സംസ്ഥാന വ്യാപകമായി നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കൊടിയിറങ്ങിയതോടെ ഇന്ന് മുതല്‍ മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും. സി പി എമ്മിന്റെ തലമുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി നിശ്ചയിച്ച പ്രായ പരിധി കഴിഞ്ഞും ഇളവുകളോടെ പാര്‍ട്ടി നേതൃത്വത്തില്‍ തുടരുകയാണ്. സംസ്ഥാനത്ത് മൂന്നാമതും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തോടെ പാര്‍ട്ടിയും സര്‍ക്കാറും മുന്നോട്ടുപോവുന്ന ഘട്ടമാണ്. പിണറായി തന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നയിക്കും എന്നകാര്യം ഉറപ്പാണ്. കര്‍ക്കശക്കാരനായ രാഷ്ട്രീയ നേതാവ് എന്ന നിലയിലാണ് പിണറായി അറിയപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ നാളെ 9 വര്‍ഷം പൂര്‍ത്തിയാക്കും. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന രണ്ടാമത്തെ നേതാവെന്നുള്‍പ്പെടെയുള്ള റെക്കോര്‍ഡ് കൂടിയാണ് മുഖ്യമന്ത്രി പൂര്‍ത്തിയാക്കുന്നത്.
കണ്ണൂര്‍ പിണറായി മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായാണ് പിണറായി വിജയന്‍ ജനിച്ചത്. ശാരദാ വിലാസം എല്‍പി സ്‌കൂളിലും പെരളശ്ശേരി ഗവ. ഹൈസ്‌കൂളിലും തലശ്ശേരി ബ്രണ്ണന്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണന്‍ കോളജില്‍ ബിഎ ഇക്കണോമിക്‌സിനു പഠിക്കുമ്പോള്‍ കേരള സ്റ്റുഡന്‍സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1964 ല്‍ കെഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗമായി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് യുവജന പ്രസ്ഥാനത്തിലെത്തിയ അദ്ദേഹം പിന്നീട് കെഎസൈ്വഎഫ് സംസ്ഥാന പ്രസിഡന്റായി. 1967 ല്‍ സിപിഎമ്മിന്റെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1968ല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1972 ല്‍ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 1978ല്‍ സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് മന്ത്രിപദം ഉപേക്ഷിച്ച് 1998 സെപ്റ്റംബര്‍ 25ന് പാര്‍ട്ടി സെക്രട്ടറിയായി. പിന്നീടുള്ള കാല്‍നൂറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയന്‍ എന്ന പേര് മാറ്റിവയക്കാന്‍ കഴിയാത്ത ഒന്നായി മാറി. കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നും മുഖ്യമന്ത്രിയിലേക്ക് മാറുമ്പോഴും ആ മുഖത്തും പ്രവര്‍ത്തിയിലും കാര്‍ക്കശ്യം ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.