തലസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂര്‍ നിര്‍ണായകം; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; കണ്ണൂരില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം; മരങ്ങള്‍ വീണ് വീടുകൾ തകർന്നു; ഗതാഗതം തടസപ്പെട്ടു; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി; ഇടുക്കിയില്‍ ജലവിനോദങ്ങള്‍ക്ക് നിരോധനം
തിരുവനന്തപുരം: കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അടുത്ത മൂന്ന് മണിക്കൂറിലേക്ക് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്ക് പുറമെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനിടെ, തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളിൽ ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. താഴ്ന്ന പ്രദേശങ്ങളിൽ പല സ്ഥലങ്ങളിലും വെള്ളം കയറി. മരം ഒടിഞ്ഞുവീണ് റോഡുകളിൽ ഗതാഗത തടസവും ഉണ്ടായി.അതുപോലെ വീശിയടിച്ച കനത്ത കാറ്റിനെ തുടർന്ന് പല പ്രദേശങ്ങളും ഇപ്പോൾ ഇരുട്ടിലെന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് പെയ്ത ശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പെരിങ്ങോം ചൂരലിൽ നടന്ന മണ്ണിടിച്ചിലിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽവർമൻ ആണ് മരിച്ചത്. കനത്ത മഴയിൽ ചെങ്കൽപണയിലാണ് മണ്ണിടിച്ചിലുണ്ടായത്. ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. മണ്ണിടിച്ചിൽ സമയത്ത് ക്വാറിയിൽ നിരവധി തൊഴിലാളികളുണ്ടായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽകോളേജി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തലസ്ഥാനത്തും കനത്ത മഴയാണ് പെയ്തിറങ്ങിയത്. മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ പ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വിഴിഞ്ഞത്ത് മരം വീണ് വൈദ്യുതി ലൈൻ പൊട്ടി. ആലപ്പുഴ എടത്വയിൽ മരം വീണ് വീട് തകർന്നു.
തലവടി ഇരുപതിൽചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് കനത്ത മഴയിലും കാറ്റിലും വലിയ ആഞ്ഞിലി മരം കടപുഴകിവീണത്. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രായമായ അമ്മയും മകനും കൊച്ചുമകനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകൻ വൈദ്യുതി ലൈനിൽ നിന്നും തീ ഉയരുന്നത് കണ്ട് ഭയന്ന് വീടിനുള്ളിലേക്ക് ഓടി കയറുമ്പോഴായിരുന്നു മരം വീണത്.
തൃശ്ശൂരിലും കനത്ത മഴയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് മേൽക്കൂര തകർന്നു. വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. ശക്തമായ മഴയിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാർക്കിങ് ഗ്രൗണ്ടിലെ പന്തൽ പൊളിഞ്ഞുവീണു. മൂന്ന് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ച പന്തലാണ് തകർന്നുവീണത്.
അതുപോലെ, തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ ജലാശയങ്ങളിൽ ജല വിനോദങ്ങൾക്ക് നിരോധനം. മെയ് 24 മുതൽ 27 വരെയാണ് നിയന്ത്രണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലെ ട്രെക്കിങും നിരോധിച്ചു. റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്ന തിങ്കളാഴ്ച രാത്രികാലയാത്രയും നിരോധിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം, മണ്ണെടുപ്പ്, ഖനനം എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൂവാർ വരെയും കൊല്ലം ജില്ലയിൽ ആലപ്പാട്ട് മുതൽ-ഇടവ വരെയും, ആലപ്പുഴ ജില്ലയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുമുള്ള തീരങ്ങളിലാണ് ശനിയാഴ്ച രാവിലെ 8.30 വരെ 1.3 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാവാൻ സാധ്യത ഉള്ളത്. ശനിയാഴ്ച രാത്രി 8.30 മുതൽ ഞായറാഴ്ച രാത്രി 8.30 വരെ കേരള തീരത്ത് 2.6 മുതൽ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.