അടൂര്‍ സിപിഎമ്മിന്റെ ആദ്യ ഓപ്പറേഷന്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം വട്ടം വിജയിച്ചു: നഗരസഭ ചെയര്‍പേഴ്ണനെ നീക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍; ലഹരി മാഫിയ ബന്ധം ആരോപണത്തില്‍ കുരുങ്ങാത്ത ദിവ്യ റെജി മുഹമ്മദ് തെറിക്കുന്നത് വിശ്വാസ വഞ്ചനയുടെ പേരില്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അടൂരില്‍ തല മാറ്റം
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അടൂരില്‍ തല മാറ്റം
അടൂര്‍: നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദിനെ നീക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനം. ചെയര്‍പേഴ്സണ് എതിരേ ജില്ലാ കമ്മറ്റിയംഗം കൂടിയായ അടൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് കടുത്ത തീരുമാനം എടുത്തത് എന്നാണ് അറിയുന്നത്.
അടൂരിലെ സിപിഎം നേതൃത്വത്തിന് അനഭിമതയായ ദിവ്യയെ നീക്കുന്നതിന് ഏറെ നാളായി കരുനീക്കം നടക്കുന്നുണ്ടായിരുന്നു. അവിടെയെല്ലാം പിടിച്ചു നിന്ന ചെയര്‍പേഴ്സണ്‍ ഇക്കുറി വീണു. വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് ചെയര്‍പേഴ്സണ്‍ സ്ഥാനം തെറിച്ചത്. ഇതിനേക്കാള്‍ വലിയ തെറ്റുകള്‍ ചെയ്തവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ പ്രധാന സ്ഥാനം കൈയാളുമ്പോള്‍ ദിവ്യ തെറിച്ചത് ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതു കൊണ്ടാണെന്നാണ് പറയപ്പെടുന്നത്.
ലഹരി മാഫിയകള്‍ക്ക് ദിവ്യ ഒത്താശ ചെയ്തുവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ സി.പി.എം കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇത് വിവാദമാവുകയും ദിവ്യ സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കുകയും ചെയ്തതോടെ ഏരിയാ സെക്രട്ടറി എസ്. മനോജ്, റോണി പാണംതുണ്ടില്‍ എന്നിവര്‍ ചേര്‍ന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രചാരണം നിഷേധിച്ചു. പട്ടികജാതി ഭൂമി തട്ടിപ്പു കേസില്‍ അടുത്തിടെ വിജിലന്‍സ് കോടതി ശിക്ഷിച്ച കൗണ്‍സിലര്‍ ഷാജഹാനെ ചെയര്‍മാനാക്കുന്നതിന് സി.പി.എമ്മിനുള്ളില്‍ നിന്നു തന്നെ കളിച്ച കളിയായിരുന്നു റോണിയുടെ ആരോപണം എന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരേ ദിവ്യ റോണിക്ക് വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
ഈ ആരോപണം നിലനില്‍ക്കാതെ വന്നപ്പോള്‍ പുതിയൊരു വിഷയമാണ് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. വീട്ടുജോലിക്കാരിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണാഭരണം തിരികെ നല്‍കുന്നതിന് വിമുഖത കാണിച്ചുവെന്ന പരാതിയാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ഗൗരവമായി എടുത്തത്. ഏറെ നാളുകളായി ഈ പരാതി അടൂരിലെ സി.പി.എമ്മിനുള്ളില്‍ തന്നെ പ്രചരിച്ചിരുന്നു. ഏരിയാ കമ്മറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യുകയും ജില്ലാ കമ്മറ്റിക്ക് ഏരിയാ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു.
ജില്ലാ സെക്രട്ടറിയേറ്റ് പരാതി ഗൗരവമായി എടുത്ത് ചര്‍ച്ച ചെയ്യുകയാണുണ്ടായത് എന്നാണ് അറിയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം അവശേഷിക്കുമ്പോള്‍ ദിവ്യയെ മാറ്റാന്‍ തീരുമാനിച്ചതും പരാതിയുടെ ഗൗരവം ഉള്‍ക്കൊണ്ടാണ്. ഭൂമി തട്ടിപ്പു കേസില്‍ കൗണ്‍സിലര്‍ ഷാജഹാന്‍ അറസ്റ്റിലായ സ്ഥിതിക്ക് സി.പി.എമ്മിലെ മഹേഷ്‌കുമാര്‍ ദിവ്യയ്ക്ക് പകരം ചെയര്‍മാനാകുമെന്നാണ് സൂചന.
അടൂര്‍ നഗരസഭയില്‍ രണ്ടര വര്‍ഷം വീതം സിപിഎമ്മും സിപിഐയും ചെയര്‍മാന്‍ സ്ഥാനം പങ്കു വയ്ക്കുകയായിരുന്നു. ആദ്യ രണ്ടര വര്‍ഷം സിപിഐയില്‍ നിന്ന് ഡി. സജി ചെയര്‍മാനായി. ദിവ്യ റെജി മുഹമ്മദ് ആയിരുന്നു വൈസ് ചെയര്‍പേഴ്സണ്‍. ധാരണ പ്രകാരം സജി മാറിയപ്പോള്‍ ചെയര്‍മാനാകാന്‍ സിപിഎമ്മില്‍ മത്സരം തുടങ്ങി. ജില്ലാ നേതൃത്വം ഇടപെട്ട് കൂടുതല്‍ വിഷയങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ദിവ്യയെ ചെയര്‍പേഴ്സണ്‍ ആക്കുകയായിരുന്നു.