വിവാദം അവസാനിക്കാതെ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍; 'ഇതുവരെ കട്ടയ്ക്ക് നിന്നവര്‍ക്ക് നന്ദി'; രാജിവെച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി; മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രാജിയെന്ന് വ്യാഖ്യാനിച്ച് ഒരു വിഭാഗം
ആലപ്പുഴ: വിവാദം അവസാനിക്കാതെ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി രാജിവച്ചു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജ് ആണ് രാജിവച്ചത്. രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം, മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവര്‍ക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്. മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതാണ് രാജിവയ്ക്കാന്‍ കാരണം എന്നാണ് സൂചന.
എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. രാഷ്ട്രീയ വിവാദത്തിനു വഴിവച്ചതോടെ മോഹന്‍ലാല്‍ ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ സമൂഹ മാദ്ധ്യമത്തിലെ കുറിപ്പ് പങ്കുവച്ച് സംവിധായകന്‍ പൃഥ്വിരാജും നിലപാട് വ്യക്തമാക്കി. തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചു. ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുത്താണ് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ഒരുമിച്ച് തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, എമ്പുരാന്‍ പുതിയ പതിപ്പ് ഇന്ന് മുതല്‍ പ്രദര്‍ശനം തുടങ്ങും. മൂന്ന് മിനിട്ടുള്ള ഭാഗങ്ങള്‍ നീക്കിയെന്നാണ് വിവരം. അവധിദിവസമായിട്ടും ഇന്നലെ സെന്‍സര്‍ ബോര്‍ഡ് പ്രത്യേകം യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. 17 സീനുകളില്‍ മാറ്റം വരുത്തുന്നതോടൊപ്പം വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറും. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളില്‍ സംഭാഷണം നിശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്.