പ്രിയപ്പെട്ട വിജയനെ അവസാനമായി കാണാന്‍ ദാസനെത്തി; ടൗണ്‍ഹാളിലെത്തി ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചു മോഹന്‍ലാല്‍; . ശ്രീനിക്കൊപ്പമുണ്ടായിരുന്നത് വലിയൊരു യാത്രയായിരുന്നുവെന്നും വൈകാരികമായ ബന്ധമാണെന്നും മോഹന്‍ലാല്‍; മമ്മൂട്ടിയും ടൗണ്‍ഹാളിലെത്തി പ്രിയസുഹൃത്തിന് അന്തിമോപചാരം അര്‍പ്പിച്ചു

പ്രിയപ്പെട്ട വിജയനെ അവസാനമായി കാണാന്‍ ദാസനെത്തി

Update: 2025-12-20 09:57 GMT

കൊച്ചി: മലയാളം സിനിമയിലെ ഏറ്റവും ഹിറ്റായ കോമ്പിനേഷനായിരുന്നു ദാസനും വിജയനും. ഇന്നത്തെ തലമുറയിലും വലിയ ഹിറ്റായിരുന്നു. തന്റെ പ്രിയപ്പെട്ട വിജയനെ അവസാനമായി കാണാന്‍ ദാസനെത്തി. മലയാളത്തിന്റെ പ്രിയനടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിക്കാനായി നടന്‍ മോഹന്‍ലാല്‍ എത്തി.

എറണാകുളം ടൗണ്‍ ഹാളിലെത്തി അന്തിമോപചാരമര്‍പ്പിച്ച നടന്‍ ശ്രീനിവാസന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. നടന്‍ മമ്മൂട്ടിയും ടൗണ്‍ഹാളിലെത്തി പ്രിയസുഹൃത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. ശ്രീനിക്കൊപ്പമുണ്ടായിരുന്നത് വലിയൊരു യാത്രയായിരുന്നുവെന്നും വൈകാരികമായ ബന്ധമാണ് ശ്രീനിയോടുള്ളതെന്നും മോഹന്‍ലാല്‍ ഓര്‍ത്തു.

നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിലാണ് സംസ്‌കാരം. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകള്‍. രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അതുല്യനടന്റെ അന്ത്യം. പ്രിയനടനെ അവസാനമായി കാണാനായി സിനിമ- രാഷ്ട്രീയ മേഖലകളില്‍ നിന്നടക്കം ആയിരങ്ങളാണ് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി രാജീവ്, സജി ചെറിയാന്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ഹരിശ്രീ അശോകന്‍, ദിലീപ്, സന്തോഷ് കീഴാറ്റൂര്‍, ടിനി ടോം, ഹക്കീം ഷാ, നീന കുറുപ്പ്, രമേഷ് പിഴാരടി, പൊന്നമ്മ ബാബു, അന്‍സിബ തുടങ്ങിയ താരങ്ങളും സംവിധായകരായ ജോഷി, എം. പദ്മകുമാര്‍, ജോണി ആന്റണി, നിര്‍മാതാക്കളായ രഞ്ജിത്ത്, ജി. സുരേഷ് കുമാര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.

നടന്‍ എന്നതിനു പുറമെ സംവിധായകന്‍, തിരക്കഥാകൃത്ത് എന്ന നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസന്‍ നര്‍മത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ വെള്ളിത്തിരയിലെത്തിച്ചു. മൂന്നര ദശകത്തോളം ചലച്ചിത്രത്തിന്റെ സര്‍വമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു. തലശേരിക്കടുത്ത് പാട്യത്ത് 1956 ഏപ്രില്‍ ആറിനായിരുന്നു ജനനം. പിതാവ് ഉച്ചംവെള്ളി ഉണ്ണി സ്‌കൂള്‍ അധ്യാപകനും പ്രദേശത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും ആയിരുന്നു. അമ്മ ലക്ഷ്മി. പാട്യത്തെ കോങ്ങാറ്റ പ്രദേശത്ത് പാര്‍ടിക്ക് അടിത്തറപാകുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു പിതാവ് ഉണ്ണി. വായനശാലകള്‍ സജീവമായ പാട്യത്തെ ബാല്യകാലമാണ് ശ്രീനിവാസനില്‍ വായനയിലും നാടകാഭിനയത്തിലും കമ്പമുണര്‍ത്തിയത്.

കതിരൂര്‍ ഗവ. ഹൈസ്‌കൂളിലും മട്ടന്നൂര്‍ എന്‍എസ്എസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് നാടകത്തില്‍ സജീവമായി. ജ്യേഷ്ഠന്‍ രവീന്ദ്രനായിരുന്നു ആദ്യ പ്രചോദനം. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ച് 'ഘരീബി ഖഠാവോ' നാടകം എഴുതി പാട്യം ഗോപാലന്റെ നിര്‍ദേശത്താല്‍ അവതരിപ്പിച്ചു. കതിരൂരിലെ ഭാവന തിയറ്റേഴ്‌സിന്റെ നാടക പ്രവര്‍ത്തനങ്ങളിലും ശ്രീനിവാസന്‍ സജീവമായിരുന്നു. ശേഷം അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1977ല്‍ ഡിപ്ലോമയെടുത്തു. സൂപ്പര്‍ താരം രജനികാന്ത് സീനിയറായിരുന്നു.

Tags:    

Similar News