'തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്ക്..; എനിക്ക് അഭിനയം അനായാസമല്ല, ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത് പ്രാര്‍ഥനയോടെ; അനായാസമായി തോന്നുന്നെങ്കില്‍ അത് അജ്ഞാത ശക്തിയുടെ അനുഗ്രഹം'; സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ

തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്ക്..

Update: 2025-10-04 13:29 GMT

തിരുവനന്തപുരം: തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്കുള്ളതാണെന്ന് മോഹന്‍ലാല്‍. ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയതില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായി അദ്ദേഹം. 'മലയാളം വാനോളം, ലാല്‍സലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. കാഴ്ചക്കാരില്ലെങ്കില്‍ കലാകാരന്മാര്‍ ഇല്ലെന്നും, തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്കുള്ളതാണെന്നും മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. ഇത് താന്‍ വളര്‍ന്ന മണ്ണാണെന്നും, വൈകാരിക ഭാരം മറച്ചുവയ്ക്കാന്‍ തന്റെ അഭിനയ ശേഷിക്ക് ആകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് വൈകാരിക ഭാരത്തോടെ, ഇത് ഞാന്‍ വളര്‍ന്ന മണ്ണ്, എന്റെ ആത്മാവിന്റെ ഭാഗം, വൈകാരിക ഭാരം മറച്ചുവയ്ക്കാന്‍ എന്റെ അഭിനയ ശേഷിക്ക് ആകുന്നില്ല, സിനിമ എടുക്കാന്‍ അന്ന് തീരുമാനിച്ചത് ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ഇവിടേക്ക് വരുന്നതിന് തൊട്ട് മുമ്പും ഞാന്‍ ക്യാമറയ്ക്ക് മുന്നിലായിരുന്നു. ഇത് തന്നെയാണോ തൊഴില്‍ എന്നാലോചിക്കുമ്പോള്‍ ലാലേട്ടാ എന്ന വിളി കേള്‍ക്കും, മുങ്ങി പോകുന്നെന്ന് തോന്നുമ്പോള്‍ ആരെങ്കിലും വന്ന് കൈപിടിക്കും. ജീവിതത്തിലും കരിയറിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്.'' മോഹന്‍ലാല്‍ പറഞ്ഞു.

'എനിക്ക് അഭിനയം അനായാസമല്ല, ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത് പ്രാര്‍ഥനയോടെ. കാണുന്നവര്‍ക്ക് അനായാസമായി തോന്നുന്നെങ്കില്‍ അത് അജ്ഞാത ശക്തിയുടെ അനുഗ്രഹം. കാഴ്ചക്കാരില്ലെങ്കില്‍ കലാകാരന്മാര്‍ ഇല്ല, എനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്ക്. ഇത് കേരളത്തിന്റെ സ്വീകരണമായി കണക്കാക്കുന്നു. അച്ഛനെയും അമ്മയെയും ഓര്‍ക്കുന്നു, സുഹൃത്തുക്കളെ ഓര്‍ക്കുന്നു. എല്ലാത്തിനും ഉപരി മലയാളഭാഷയെയും സംസ്‌കാരത്തെയും ഞാന്‍ സ്‌നേഹിക്കുന്നു എന്റെ നാടിന്റെ മണ്ണില്‍ ഗംഭീരമായ സ്വീകരണം ഒരുക്കിയ സര്‍ക്കാരിന് നന്ദി.' സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം ഏറ്റുവാങ്ങികൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.

നേരത്തെ അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടങ്ങള്‍ ഉണ്ടാക്കിത്തരുന്ന മലയാളത്തിന്റെ ഇതിഹാസ താരമാണ് മോഹന്‍ലാല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ അദ്ദേഹത്തിനു കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോഹന്‍ലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ്. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ആദരവാണ് ഈ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നല്‍കുന്നു. ഈ പുരസ്‌കാരത്തിലൂടെ ദേശീയതലത്തില്‍ നമ്മുടെ സിനിമയുടെ കലാമൂല്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു സുവര്‍ണ നേട്ടമാണ് ഈ പുരസ്‌കാരം. മൂന്നു വര്‍ഷം കൂടി പിന്നിടുമ്പോള്‍ മലയാള സിനിമയ്ക്ക് 100 വയസ്സു തികയുകയാണ്. ശതാബ്ദിയോടടുത്ത മലയാള സിനിമയില്‍ അരനൂറ്റാണ്ടുകാലമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. 1978ലെ 'തിരനോട്ടം' എന്ന സിനിമ മുതല്‍ കഴിഞ്ഞ 48 വര്‍ഷക്കാലമായി മോഹന്‍ലാല്‍ നമ്മോടൊപ്പമുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലെ മലയാളിയുടെ സിനിമാനുഭവത്തില്‍ ഏറ്റവും സൂക്ഷ്മമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു മോഹന്‍ലാല്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ നല്‍കിയ ഭാവാനുഭവങ്ങള്‍.

പ്രണയവും പകയും പ്രതികാരവും നൃത്തവും സംഗീതവും ലഹരിയും ഉന്മാദവും തിളച്ചു മറിയുന്ന വേഷപ്പകര്‍ച്ചകളായിരുന്നു അതെല്ലാം. അതുകൊണ്ട് നിത്യജീവിതത്തില്‍ ഇടയ്‌ക്കെല്ലാം മോഹന്‍ലാലായിപ്പോവുക എന്നതുപോലും ചില മലയാളികളുടെ ശീലമായി. നടപ്പിലും ഇരിപ്പിലും നോട്ടത്തിലും ശരീരഭാഷയിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങളില്ല. മലയാളിയുടെ അപരവ്യക്തിത്വം അഥവാ ആള്‍ട്ടര്‍ ഈഗോയാണ് മോഹന്‍ലാല്‍ എന്ന് ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരായ ഫിലിപ്പോ ഒസെല്ലയും കരോളിന്‍ ഒസെല്ലയും എഴുതിയത് അതുകൊണ്ടാവണം. പ്രായഭേദമന്യെ മലയാളികള്‍ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. നമ്മുടെ വീട്ടിലെ ഒരംഗമായി, അല്ലെങ്കില്‍ തൊട്ടയല്‍പക്കത്തെ പ്രിയപ്പെട്ട ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. സ്‌ക്രീനിലും സ്‌ക്രീനിനു പുറത്തും ആ സ്‌നേഹവും ആദരവും മലയാളികള്‍ മോഹന്‍ലാലിന് നല്‍കിപ്പോരുന്നു.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വഴക്കമേറിയ നടനശരീരമാണ് മോഹന്‍ലാലിന്റേത്. എത്രയോ തവണ ആയാസരഹിതമായ ആ അഭിനയശൈലി മലയാളികള്‍ കണ്ടു. ചിത്രവും കിലുക്കവും വന്ദനവും തേന്മാവിന്‍ കൊമ്പത്തുമെല്ലാം അസാമാന്യമായ ആ മെയ്വഴക്കത്തിനുള്ള ഉദാഹരണങ്ങളാണ്. ജീവിതത്തിന്റെ സമരമുഖങ്ങളിലെല്ലാം തോറ്റുപോവുന്ന, നിരായുധരായ പോരാളികളായ ചില കഥാപാത്രങ്ങള്‍ക്ക് നെഞ്ചുലയ്ക്കുംവിധം ലാല്‍ ജീവന്‍ പകര്‍ന്നപ്പോള്‍ പല മലയാളികളും ആ കഥാപാത്രങ്ങള്‍ക്കൊപ്പം നിശ്ശബ്ദമായി കരഞ്ഞു.

കിരീ'വും ഭരതവും 'കമലദളവും ദശരഥവുമെല്ലാം നാം അങ്ങനെ നെഞ്ചിലേറ്റിയ സിനിമകളാണ്. ഹിസ് ഹൈനസ് അബ്ദുള്ള പോലുള്ള സംഗീതപ്രധാനമായ സിനിമകളില്‍ സെമിക്‌ളാസിക്കല്‍ ഗാനങ്ങള്‍ക്കനുസരിച്ച് സ്വരസ്ഥാനം തെറ്റാതെ ദ്രുതഗതിയില്‍ ചുണ്ട് ചലിപ്പിച്ചും ചടുലമായ ചുവടുകള്‍ വെച്ചും ലാല്‍ ആസ്വാദകരെ വിസ്മയിപ്പിച്ചു. 18-ാം വയസ്സില്‍ തിരനോട്ടം എന്ന പടത്തില്‍ തുടങ്ങി ഈ 65-ാം വയസ്സിലും അദ്ദേഹം തന്റെ അഭിനയസപര്യ അനുസ്യൂതം തുടരുന്നു. കഴിഞ്ഞ 48 വര്‍ഷങ്ങളില്‍ 360ല്‍പ്പരം സിനിമകളില്‍ മോഹന്‍ലാല്‍ വേഷമിട്ടിട്ടുണ്ട്.

1986ല്‍ 34 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. ഇന്നത്തെ യുവനടന്മാര്‍ പലരും പ്രതിവര്‍ഷം മൂന്നോ നാലോ സിനിമകള്‍ മാത്രമേ ചെയ്യുന്നുള്ളൂ. അത് അറിയുമ്പോഴാണ്, വൈവിധ്യമാര്‍ന്ന ശൈലികളുള്ള നിരവധി സംവിധായകര്‍ക്കും വ്യത്യസ്ത പ്രമേയങ്ങളുമായി വന്ന നിരവധി തിരക്കഥാകൃത്തുക്കള്‍ക്കുമായി അദ്ദേഹം തന്റെ കഴിവും സമയവും ഊര്‍ജ്ജവും ഒരുവര്‍ഷം 34 സിനിമകളില്‍ സമര്‍പ്പിച്ചത്. അതോര്‍ത്ത് നാം അദ്ഭുതംകൊള്ളുക!. അങ്ങനെ അനവധി അഭിനയ പരീക്ഷണങ്ങളാലും നിരന്തര പരിശീലനത്താലും കടഞ്ഞെടുത്ത അസാമാന്യ വഴക്കമുള്ള താരസാന്നിധ്യമായി മോഹന്‍ലാല്‍ മാറി. അതുകൊണ്ടുതന്നെ അപാരമായ വൈവിധ്യം നിറഞ്ഞ വേഷപ്പകര്‍ച്ചകളാണ് കഴിഞ്ഞ നാലരപ്പതിറ്റാണ്ടു കാലമായി നാം കണ്ടുവരുന്നത്.

1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തില്‍ നായകന്റെ പ്രതിയോഗിയായാണ് മോഹന്‍ലാല്‍ രംഗപ്രവേശം ചെയ്തത്. പിന്നീട് എണ്‍പതുകളില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെയും മധ്യവര്‍ഗ മലയാളിയുവാവിന്റെ ജീവിതപ്രശ്‌നങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നവയായിരുന്നു. നാടോടിക്കാറ്റ്, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം, ടി പി ബാലഗോപാലന്‍ എംഎ തുടങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലൂടെ അയല്‍പക്കത്തെ പയ്യന്‍ എന്ന പ്രതിച്ഛായ മോഹന്‍ലാല്‍ സ്വന്തമാക്കി. പ്രാരാബ്ധങ്ങളുമായി മല്ലിടുന്ന മലയാളി ചെറുപ്പക്കാരുടെ മനസ്സ് കവരുകയും നമ്മുടെ കുടുംബങ്ങളുടെ കണ്ണിലുണ്ണിയായി മാറുകയും ചെയ്തു മോഹന്‍ലാല്‍. എം ടിയുടെയും പത്മരാജന്റെയും ലോഹിതദാസിന്റെയും ശ്രീനിവാസന്റെയും തിരക്കഥയില്‍ എഴുതപ്പെട്ട കഥാപാത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ ജീവന്‍ പകരുമ്പോള്‍ അവയില്‍ നാം കണ്ടത് നമ്മുടെ സ്വന്തം ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്.

1980 മുതല്‍ 2025 വരെയുള്ള കേരളത്തിന്റെ നാലരപ്പതിറ്റാണ്ടുകാലത്തെ സാമൂഹികവും സാംസ്‌കാരികവുമായ വികാസപരിണാമങ്ങള്‍, ഈ കാലയളവിലെ മലയാളിയുടെ വൈകാരികജീവിതം, മൂല്യബോധങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവയുടെ ദൃശ്യപരമായ അനുഭവരേഖ തന്നെയാണ് മോഹന്‍ലാല്‍ച്ചിത്രങ്ങള്‍ എന്ന് നിസ്സംശയം പറയാം. അത്രമേല്‍ സ്വാഭാവികമായാണ് മോഹന്‍ലാല്‍ ഈ കാലയളവിലെ മലയാളിയെ തിരശ്ശീലയില്‍ പകര്‍ത്തിവെച്ചത്.

അന്താരാഷ്ട്ര തലത്തില്‍ മലയാളത്തിന്റെ യശസ്സുയര്‍ത്തിയ വാനപ്രസ്ഥം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം അവിസ്മരണീയമാണ്. അരപ്പട്ടിണിക്കാരനായ ഒരു കഥകളിനടന്റെ വേഷം അയത്‌നലളിതമായാണ് അദ്ദേഹം അവതരിപ്പിച്ചത്. വര്‍ഷങ്ങളുടെ നിരന്തര പരിശീലനം ആവശ്യമുള്ള കഥകളിവേഷത്തെ, വിസ്മയിപ്പിക്കുന്ന പൂര്‍ണതയോടെ അദ്ദേഹം തിരശ്ശീലയില്‍ എത്തിച്ചു.

ആവശ്യത്തിന് കഥകളി പരിശീലനമില്ലാതിരുന്നിട്ടും ഇത്തരമൊരു തലത്തിലേക്ക് ആ കഥാപാത്രത്തെ കൊണ്ടുവരാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രതിഭ ഒന്നുകൊണ്ടു മാത്രമാണെന്ന് ചിത്രത്തില്‍ കൂടെ അഭിനയിച്ച കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി പറയുകയുണ്ടായി. 1999ല്‍ കാന്‍ ചലച്ചിത്രമേളയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ച ചിത്രമാണിത്. ലോകത്തിന്റെ തെറ്റായ കോണില്‍ ജനിച്ചുപോയതുകൊണ്ടു മാത്രം ഓസ്‌കര്‍ കിട്ടാതെ പോയ പ്രതിഭയെന്ന് വാനപ്രസ്ഥം കണ്ട ഫ്രഞ്ചുകാര്‍ പറഞ്ഞപ്പോള്‍ ഇവിടെ ജനിച്ചതുകൊണ്ടാണ് ഇത്രയും നല്ല വേഷങ്ങള്‍ കിട്ടിയത് എന്ന് വിനയാന്വിതനായി മറുപടി നല്‍കിയ മോഹന്‍ലാലിനെ മലയാളിക്ക് അഭിമാനത്തോടെയല്ലാതെ കാണാനാവില്ല. ആ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കേരളമെന്ന വികാരം മാതൃകാപരമാണെന്നു പറയട്ടെ.

കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത 'കര്‍ണഭാരം' എന്ന സംസ്‌കൃത നാടകം മോഹന്‍ലാല്‍ ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അവതരിപ്പിക്കുകയുണ്ടായി. മഹാഭാരതകഥയെ ആധാരമാക്കിയുള്ള 'ഛായാമുഖി' എന്ന നാടകത്തിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. അങ്ങനെ തിരശ്ശീലയ്ക്കു പുറമെ അരങ്ങിലും തന്റെ അഭിനയകലയുടെ അപാരത മോഹന്‍ലാല്‍ കാട്ടിത്തന്നു. 'അഭിനയകലയുടെ പാഠപുസ്തകം' എന്നാണ് അദ്ദേഹത്തിനു പിന്നാലെ സിനിമയില്‍ വന്ന പല നടന്മാരും അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. അഭിനയകലയോടും സിനിമ എന്ന മാധ്യമത്തോടുമുള്ള മോഹന്‍ലാലിന്റെ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പുതുതലമുറ മാതൃകയാക്കേണ്ടതാണ്.

കേരളത്തിന്റെ അതിരുകള്‍ കടന്നും ഈ അഭിനയവിസ്മയം സഞ്ചരിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മോഹന്‍ലാല്‍ അഭിനയിച്ചുവരുന്നു. മണിരത്‌നത്തിന്റെ 'ഇരുവര്‍' എന്ന തമിഴ് ചിത്രത്തില്‍ എം ജി ആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിന്റെ അഭിനയം അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത ചിത്രമാണിത്. രാംഗോപാല്‍ വര്‍മ്മയുടെ 'കമ്പനി' എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'വൃഷഭ' ഈ മാസം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. തമിഴ്, കന്നട, ഹിന്ദി, മലയാളം പതിപ്പുകളുള്ള ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണിത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള സൂപ്പര്‍താരം കൂടിയായി മോഹന്‍ലാല്‍ മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. ഒരേസമയം നല്ല നടനും ജനപ്രീതിയുള്ള താരവും ആയിരിക്കുക എന്നത് എളുപ്പമല്ല. പക്ഷേ മോഹന്‍ലാലിന് നൈസര്‍ഗികമായ കഴിവുകള്‍ കൊണ്ട് അത് അനായാസം സാധിക്കുന്നു.

മലയാള ചലച്ചിത്രവ്യവസായത്തിന്റെ നെടുംതൂണായി നില്‍ക്കുന്ന ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. പ്രദര്‍ശന വിജയം നേടിയ നിരവധി സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. കലാമൂല്യവും വാണിജ്യമൂല്യവുമുള്ള സിനിമകളാണ് അദ്ദേഹം നിര്‍മ്മിക്കുന്നത്. 1990കളില്‍ പ്രണവം ആര്‍ട്‌സ് എന്ന പേരില്‍ സിനിമകള്‍ നിര്‍മ്മിച്ചു തുടങ്ങി. ഭരതം, കാലാപാനി, വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലായിരുന്നു തുടക്കം. 2000 മുതല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ വലിയ ബജറ്റിലുള്ള സിനിമകള്‍ ഒരുക്കി തിയേറ്ററുകള്‍ നിറച്ചുകൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ താങ്ങിനിര്‍ത്തുകയും ചെയ്യുന്നു മോഹന്‍ലാല്‍.

1991ല്‍ ഭരതം, 1999ല്‍ വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും ജൂറി പരാമര്‍ശവുമായി നാലു തവണ ദേശീയതലത്തില്‍ ഈ അഭിനയപ്രതിഭ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഒമ്പതു തവണയാണ് മോഹന്‍ലാലിനെ തേടിയത്തെിയത്. പത്മശ്രീ, പത്മഭൂഷണ്‍, രണ്ട് സര്‍വകലാശാലകളുടെ ഡിലിറ്റ് ബിരുദങ്ങള്‍, ലെഫ്റ്റനന്റ് കേണല്‍ പദവി തുടങ്ങി മറ്റ് നിരവധി അംഗീകാരങ്ങള്‍. അക്കൂട്ടത്തിലാണ് ഈ പരമോന്നത ബഹുമതിയുടെ പതക്കവും ചേര്‍ത്തുവെയ്ക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News