അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ല;എരിതീയില്‍ എണ്ണയൊഴിക്കാന്‍ താല്‍പ്പര്യമില്ല;അഭിമുഖങ്ങള്‍ നല്‍കാത്തതിന് കാരണം ഇത്; വിവാദങ്ങള്‍ക്കിടെ ഗിറ്റാറിസ്റ്റ് മോഹിനി ഡെ മൗനം വെടിയുമ്പോള്‍
വിവാദങ്ങള്‍ക്കിടെ ഗിറ്റാറിസ്റ്റ് മോഹിനി ഡെ മൗനം വെടിയുമ്പോള്‍
ചെന്നൈ: എ ആര്‍ റഹ്‌മാന്‍ ആരാധകരെയും ലോക സംഗീതാസ്വാദകരെയും ഒരുപോലെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു എ ആര്‍ റഹ്‌മാന്റെയും ഭാര്യ സൈറ ബാനുവും തമ്മിലുള്ള വിവാഹമോചനം.ആദ്യം ഈ വെളിപ്പെടുത്തല്‍ എല്ലാവര്‍ക്കും ഒരു നൊമ്പരവും ഷോക്കുമായിരുന്നെങ്കില്‍ ഏതാനും മണിക്കൂറപകള്‍ക്കുള്ളില്‍ തന്നെ റഹ്‌മാന്റെ ബാന്‍ഡിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡെയും വിവാഹമോചന വിവരം പുറത്തുവിട്ടപ്പോള്‍ ചര്‍ച്ചകള്‍ വേറെ വഴിക്കായി.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു.റഹ്‌മാന്റെ വിവാഹമോചത്തില്‍ മോഹിനിയ്ക്ക് പങ്കുണ്ടെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.പിന്നാലെ മോഹിനി ഡെ യുടെ അഭിഭാഷകന്‍ രണ്ട് വിഷയത്തെയും കൂട്ടി വായിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി.ആക്ഷേപം കടുത്തതോടെ വിഷയത്തില്‍ പ്രതികരണവുമായി റഹ്‌മാന്റെ മകനും രംഗത്ത് വന്നു.ഇത്തരം ഗോസിപ്പുകള്‍ യാതൊരു അടിസ്ഥാനമില്ലാത്തവയാണെന്നുപറഞ്ഞാണ് എ.ആര്‍. റഹ്‌മാന്റെ മകന്‍ അമീന്‍ രംഗത്തെത്തിയത്.'എആര്‍ റഹ്‌മാന്‍ ഒരു ഇതിഹാസ കലാകാരന്‍മാത്രമല്ല.ഏറ്റവും നല്ല സ്വഭാവത്തിനുടമയും ലോകസംഗീതത്തിനും കലയ്ക്ക് അമൂല്യ സംഭാവനകള്‍ ചെയ്ത വ്യക്തി കൂടിയാണ്. അങ്ങനെയുള്ള വ്യക്തിക്കെതിരേ നടത്തുന്ന അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ മനസ്സ് മടുപ്പിക്കുന്നു എന്നാണ് അമീന്‍ പറഞ്ഞത്.
പിന്നാലെ അമീന് പിന്തുണയുമായി സഹോദരിമാരും രംഗത്ത് വന്നു.അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുന്നത് ശത്രുക്കളാണെന്നും വിഡ്ഢികള്‍ അത് പ്രചരിപ്പിക്കുമെന്നും അല്പന്മാര്‍ അത് സ്വീകരിക്കുകയും ചെയ്യും എന്നായിരുന്നു റഹ്‌മാന്റെ മക്കളായ കദീജയും റഹീമയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.ഇതിലും അവസാനിക്കാതെ രണ്ട് വിവാഹമോചന വാര്‍ത്തകളെയും ചേര്‍ത്ത് കിംവന്തികള്‍ കൂടിയതോടെയാണ് മോഹിനി ഡേ തന്നെ പ്രതികരണവമായി ഇപ്പോള്‍ രംഗത്ത് വന്നത്.എല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് മോഹിനി ഡേ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അവര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. അടിസ്ഥാനരഹിതമായ കിംവദന്തികളോട് പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു.
'അഭിമുഖമെടുക്കാനെന്നു പറഞ്ഞ് വലിയതോതിലുള്ള അഭ്യര്‍ഥനകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്.എന്നാല്‍ അതിന്റെ യഥാര്‍ഥ ഉദ്ദേശ്യമെന്താണെന്ന് എനിക്ക് നന്നായി അറിയാം.അതുകൊണ്ട് അഭിമുഖങ്ങള്‍ തരില്ലെന്ന് എല്ലാവരോടും വളരെ ബഹുമാനപൂര്‍വം പറഞ്ഞ് ഒഴിഞ്ഞു. ഇത്തരം കിംവദന്തികളുടെ എരിതീയില്‍ എണ്ണയൊഴിക്കാന്‍ എനിക്ക് തീരെ താത്പര്യമില്ല. എന്റെ ഊര്‍ജം അഭ്യൂഹങ്ങളില്‍ ചെലവിടാനുള്ളതല്ലെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കൂ'.എന്നാണ് മോഹനി ഡെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി കുറിച്ചത്.
എ ആര്‍ റഹ്‌മാനും സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന് അഭിഭാഷക വന്ദനാ ഷാ ആണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്.1995ലാണ് എ.ആര്‍.റഹ്‌മാനും സൈറ ഭാനുവും വിവാഹിതരായത്. 29 വര്‍ഷം നീണ്ട ദാമ്പത്യബന്ധമാണ് ഇപ്പോള്‍ ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്.
വേദികളെ തീപിടിപ്പിക്കുന്ന അതുല്യ പ്രതിഭ..ആരാണ് മോഹിനി ഡെ
റഹ്‌മാന്റെ വിവാഹമോചനത്തിനൊപ്പം കൂട്ടിവായിക്കുന്നത് കൂടാതെ ആരാണ് മോഹിനയെന്നും പലരും സമൂവമാധ്യമങ്ങളില്‍ തിരയുന്നുണ്ട്.യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു ആക്ഷേപത്തിലൂടെ ചര്‍ച്ചയാകേണ്ട പേരല്ല മോഹനിയുടെത്.ബേസ് ഗിറ്റാറുമായെത്തി വേദികളില്‍ തീപിടിപ്പിക്കുന്ന,28 വയസ്സിനുള്ളില്‍ അനേകം ബഹുമതികള്‍ വാരിക്കൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹിനി ഡേ.ജാസ് ഫ്യൂഷന്‍- സെഷന്‍ ബേസിസ്റ്റ് സുജോയിയുടെയും ഡേയുടയും റോമിയ ഡേയുടെയും മകളായി 1996 ജൂലൈയില്‍ മുംബൈയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് മോഹിനിയുടെ ജനനം.
മൂന്നാം വയസ്സില്‍ മോഹിനിക്ക് സംഗീത്തോടുള്ള ഇഷ്ടം മനസ്സിലാക്കിയ പിതാവ്, അവളിലെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു തുടങ്ങി.9ാം വയസ്സിലാണ് പിതാവ് തന്റെ മകള്‍ക്ക് ആദ്യ ബേസ് ഗിറ്റാര്‍ സമ്മാനമായി നല്‍കുന്നത്.ആ ഗിറ്റാര്‍ പിന്നീട് മോഹിനിയുടെ ജീവശ്വാസമായി മാറി.28 വയസ്സിനുള്ളില്‍ ലോകപ്രശസ്ത വേദികളടക്കം എത്തിപ്പിടിക്കാന്‍ പറ്റുന്നതിലുമേറെ ഉയരങ്ങള്‍ മോഹിനി കീഴടക്കി.തന്റെ കളിപ്പാട്ടമാണ് ഗിറ്റാറെന്നാണ് മോഹിനി എപ്പോഴും പറയുക.അതിനാല്‍ തന്നെ മണിക്കൂറുകള്‍ നീളുന്ന പരിശീലനം ഒരിക്കലും തനിക്ക് മടുപ്പായിരുന്നില്ലെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.ചിട്ടയായ ഈ പരിശീലനം തന്നെയാണ് ഇവരുടെ കൈമുതല്‍.
വൈവിധ്യങ്ങള്‍ നിറഞ്ഞ കലാകാരി എന്നാണ് മോഹിനിയെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഴ്ത്തുന്നത്.ബാസിസ്റ്റ്, അറേഞ്ചര്‍, പ്രൊഡ്യൂസര്‍, വോക്കലിസ്റ്റ് തുടങ്ങി 28 വയസ്സുകൊണ്ട് മോഹിനി നേടിയെടുത്തത് ചെറിയ കാര്യങ്ങളല്ല.ഫോബ്സ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 30 വയസ്സില്‍ താഴെയുള്ള ഏറ്റവും 'സക്സസ്ഫുള്‍ മ്യുസിഷന്‍' എന്ന ഖ്യാതിയും മോഹിനി സ്വന്തമാക്കി. എ.ആര്‍.റഹ്‌മാനെക്കൂടാതെ വില്ലോ സ്മിത്ത്, സാക്കിര്‍ ഹുസൈന്‍, ഈ വര്‍ഷം അന്തരിച്ച ക്വിന്‍സി ജോണ്‍സ് തുടങ്ങി പല പ്രമുഖര്‍ക്കുമൊപ്പം മോഹിനി പ്രവര്‍ത്തിച്ചിട്ടുണ്ട്.കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മോഹിനി ഡേ സ്വതന്ത്രസംഗീത ആല്‍ബവും പുറത്തിറക്കിയിരുന്നു.അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
സംഗീതത്തിനുപുറമെ മോഡലിങ്ങ് രംഗത്തും സജീവമാണ് മോഹനി.സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ മോഹിനിക്ക് നിരവധി ആരാധകരുമുണ്ട്.മുടിയിലും വസ്ത്രധാരണത്തിലും പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന മോഹിനിയുടെ ഗ്ലാമര്‍ ചിത്രങ്ങളും വിഡിയോയും ചുരുങ്ങിയ സമയത്തിനകം ആരാധകശ്രദ്ധ നേടുന്നതും പതിവാണ്.മിക്കവാറും ഹെവി മേക്കപ് ചെയ്ത്, ഷോര്‍ട് ഡ്രെസ്സിലാണ് മോഹിനി വേദിയിലെത്താറുള്ളത്.പങ്കുവയ്ക്കുന്ന ഓരോ ചിത്രത്തിലും മോഹിനി ഗിറ്റാറും ചേര്‍ത്തുപിടിച്ചിട്ടുണ്ടാകും, മോഹിനി ഡേ എത്രത്തേളം അര്‍പ്പണബോധമുള്ള കലാകാരിയാണെന്ന് ഓരോ പോസ്റ്റിലൂടെയും മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ആരെന്നറിയാതെ റഹ്‌മാനൊപ്പം വേദിയില്‍ പിന്നാലെ ബാന്‍ഡിലെ സജീവ സാന്നിദ്ധ്യം
റഹ്‌മാന്റെ വിവാഹമോചനത്തിനൊപ്പം ചേര്‍ത്തുവായിക്കുന്ന മോഹിനി റഹ്‌മാനെ പരിചയപ്പെട്ടതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.സത്യത്തില്‍ ആദ്യമായി വേദി പങ്കിടുമ്പോള്‍ അവര്‍ക്ക് റഹ്‌മാനെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നുവെന്നതാണ് സത്യം.പിന്നീട് തന്റെ പിതാവിന്റെ വാക്കുകളില്‍ നിന്നാണ് റഹ്‌മാന്‍ എന്ന അതുല്യപ്രതിഭയെക്കുറിച്ച് അവര്‍ കൂടുതലറിയുന്നത്.മുംബൈയിലെ നിര്‍വാണ സ്റ്റുഡിയോയിലെ റെക്കോര്‍ഡിങ്ങിനിടെയാണ് മോഹിനി റഹ്‌മാനുമായി പരിചയത്തിലാകുന്നത്. എ.ആര്‍.റഹ്‌മാന്റെ പേരും പ്രശസ്തിയും സംബന്ധിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല അന്ന് മോഹിനിക്ക്.ഒരു സാധാരണ സംഗീതജ്ഞന്റെ കൂടെ പ്രവര്‍ത്തിച്ച അനുഭവം മാത്രമേ തോന്നിയുള്ളു. വീട്ടിലെത്തി വിശേഷങ്ങള്‍ പങ്കുവച്ചപ്പോള്‍ പിതാവ് സുജോയ് ഡേയാണ് റഹ്‌മാന്‍ എന്ന അദ്ഭുതപ്രതിഭയെക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ മോഹിനിക്കു വിവരിച്ചു കൊടുത്തത്. പിന്നീട് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച പല പാട്ടുകളെയും താന്‍ പരിചയപ്പെട്ടുവെന്ന് മോഹിനി ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
15ാം വയസ്സിലാണ് മോഹിനി റഹ്‌മാന്റെ സംഗീതബാന്‍ഡില്‍ ചേരുന്നത്.ഒരു ദിവസം റഹ്‌മാന്‍ അടുത്തുവിളിച്ച് തന്റെ ബാന്‍ഡിന്റെ ഭാഗമാകാമോയെന്ന് തന്നോട് ചോദിച്ചു.അങ്ങിനെയാണ് ഈ ആത്ഭുതലോകത്തേക്ക് വഴി തുറക്കുന്നതെന്നാണ് മോഹിനി ബാന്‍ഡിന്റെ ഭാഗമായ കഥയെക്കുറിച്ച് പറയുന്നത്.അന്നു തുടങ്ങി ഇന്നുവരെ ബാന്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവം.സമ്മതം പറഞ്ഞ മോഹിനി പിന്നീട് റഹ്‌മാന്റെ ട്രൂപ്പിലെ വിലപിടിപ്പുള്ള ഗിറ്റാറിസ്റ്റായി വളര്‍ന്നു.ഇന്ന് റഹ്‌മാന്റെ ഷോകളിലെല്ലാം സ്ഥിരം സാന്നിധ്യമാണ് മോഹിനി.കൂടാതെ, അദ്ദേഹം സംഗീതമൊരുക്കിയ സിനിമകളുടെ റെക്കോര്‍ഡിങ്ങുകളുടെയും ഭാഗമായി.റഹ്‌മാനൊപ്പം പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമാണെന്നും പൊരുത്തക്കേടുകള്‍ തോന്നിയിട്ടില്ലെന്നും മോഹിനി പറയുന്നു.
തങ്ങള്‍ക്ക് പരസ്പരം മനസ്സു വായിക്കാന്‍ എളുപ്പത്തില്‍ സാധിച്ചുവെന്നും ഒരു സംഗീതസംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന് എന്താണോ വേണ്ടത് അത് തന്റെ ഗിറ്റാറിലൂടെ കൊടുക്കാന്‍ സാധിക്കുമെന്ന് അതിയായ ആത്മവിശ്വാസമുണ്ട്.മോഹിനിയുടെ ജോലികള്‍ എല്ലായ്പ്പോഴും റഹ്‌മാനെ പ്രീതിപ്പെടുത്തി. ഇരുവരുടെയും സംഗീതശൈലികള്‍ തമ്മിലും വലിയ പൊരുത്തമുണ്ട്. തങ്ങള്‍ ഒരു കുടുംബം പോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണെന്ന് മുന്‍പ് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മോഹിനി പറഞ്ഞിരുന്നു.