രാവിലെ പശുവിന് പുല്ല് ചെത്താൻ പോകുന്നത് പതിവ് രീതി; ഏറെ ദൂരം നടന്ന് പണി ചെയ്യുന്നതിനിടെ ഒരു സംഘം 'കുരങ്ങ്' കൂട്ടങ്ങളുടെ ഭ്രാന്തമായ നോട്ടം; നിമിഷനേരം കൊണ്ട് ഇരച്ചെത്തി വയോധികനെ കടിച്ചുപറിച്ചു; ജീവന് വേണ്ടി അലറിവിളിച്ചിട്ടും കുടുങ്ങി; ഒടുവിൽ നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ദാരുണമായ കാഴ്ച; നടുക്കം മാറാതെ ഗ്രാമം
മധുബനി: ബിഹാറിലെ മധുബനി ജില്ലയിൽ കാലിത്തീറ്റ ശേഖരിക്കാൻ വയലിൽ പോയ 67-കാരനായ വിരമിച്ച ക്ലർക്ക് റാംനാഥ് ചൗധരിയെ 20-ഓളം കുരങ്ങുകൾ കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്തി. ഷാഹ്പൂർ ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സഹായത്തിനായി നിലവിളിച്ചിട്ടും സമീപത്ത് ആരും ഉണ്ടായിരുന്നില്ല. രാവിലെ പശുവിന് പുല്ല് ചെത്താൻ പോകുന്നത് ഇയാളുടെ പതിവ് രീതിയാണ്.
അങ്ങനെ ഏറെ ദൂരം നടന്ന് പണി ചെയ്യുന്നതിനിടെ ഒരു സംഘം 'കുരങ്ങ്' കൂട്ടങ്ങളുടെ ഭ്രാന്തമായ നോട്ടം ശ്രദ്ധിച്ചാണ് വയോധികൻ പരിഭ്രാന്തിയിലായത്. നിമിഷനേരം കൊണ്ട് ഇരച്ചെത്തി വയോധികനെ കടിച്ചുപറിക്കുകയായിരുന്നു. ജീവന് വേണ്ടി അലറിവിളിച്ചിട്ടും കുടുങ്ങി. ഒടുവിൽ നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ദാരുണമായ കാഴ്ചകൾ ആയിരിന്നു.
നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ചൗധരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ മധുബനി സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീപ മാസങ്ങളായി ഈ പ്രദേശത്തെ കുരങ്ങുകൾ ജനങ്ങളെ കടിക്കുകയോ സാധനങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ പതിവാണെങ്കിലും, ആദ്യമായാണ് ഒരാൾക്ക് ജീവഹാനിയുണ്ടാകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവത്തെ തുടർന്ന് പോലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരോട് കുരങ്ങുകളെ പിടികൂടി ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ നിന്ന് കുരങ്ങുകളെ ഒഴിവാക്കിയതിനാൽ വനംവകുപ്പിന്റെ അധികാരപരിധിയിൽ വരുന്നില്ലെന്ന് പ്രാദേശിക വനംവകുപ്പ് ഉദ്യോഗസ്ഥൻ ഭാസ്കർ ചന്ദ്ര ഭാരതി അറിയിച്ചു. എങ്കിലും, കുരങ്ങുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ നടപടിയെടുക്കുമെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഈ സംഭവം പ്രദേശത്ത് വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.