ഹൃദയാഘാതത്തെ അതിജീവിക്കാനുള്ള കഠിന പ്രയത്‌നത്തില്‍ ഇതിഹാസ സാഹിത്യകാരന്‍; രോഗാവസ്ഥ അതീവ ഗുരുതരമെന്ന് ആശുപത്രി; മെഡിക്കല്‍ ബുള്ളറ്റിന് രാവിലെ ഇറക്കും; മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; തീവ്രപരിചരണ വിഭാഗത്തില്‍ പ്രത്യേക ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ ചികില്‍സ; എംടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥന തുടരുമ്പോള്‍
കോഴിക്കോട് : ഇതിഹാസ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. മാസ്‌ക് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഈ മാസം 15നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ ആരോഗ്യ നില വീണ്ടും മോശമായി. വിദഗ്ധ ഡോക്ടര്മാരുടെ നിരീക്ഷണത്തിലാണ് എം. ടി ഇപ്പോള്‍. എംടിയെ വിദഗ്ധ സംഘം നിരീക്ഷിച്ച് വരികയാണ്. എല്ലാവിധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവില്‍ എം.ടി. ഇന്നലെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞു. പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍ രാവിലെ പുറത്തിറങ്ങിയേക്കും.
ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍, ജെ.ചിഞ്ചുറാണി, എംഎല്‍എമാര്‍, രാഷ്ട്രീയ നേതാക്കള്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി. എം.എന്‍.കാരശ്ശേരി ഉള്‍പ്പെടെയുള്ള എഴുത്തുകാരും രാവിലെ മുതല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എംടി ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്നാണ് ന്യൂമോണിയ മാറി ആശുപത്രി വിട്ടത്. തുടര്‍ന്ന് എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതും. എം.ടി.യുടെ ആരോഗ്യനില അതിഗുരുതരമാണെന്ന് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അറിയിച്ചത്.
വിദഗ്ധഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നതായും വൈകീട്ടും ആരോഗ്യനില ഗുരുതരമായി തുടരുന്നതായും ബേബി മെമ്മോറിയല്‍ ആശുപത്രി ചെയര്‍മാന്‍ ഡോ. കെ.ജി. അലക്‌സാണ്ടര്‍ പറഞ്ഞു. ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി ശ്രീകാന്ത്, മരുമകന്‍ ശ്രീകാന്ത് എന്നിവരുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഒപ്പമുണ്ട്. രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ-ചലച്ചിത്ര മേഖലകളിലെ ഒട്ടേറെപ്പേര്‍ എം.ടി.യുടെ കുടുംബത്തിന് ആശ്വാസമേകി ആശുപത്രിയിലെത്തി. എംടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഐസിയുവിലാണ്. ഓര്‍മ്മയുണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി ഇല്ലെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.
'എം ടി ഐസിയുവിലാണ്. രണ്ടുദിവസം മുന്‍പ് അഡ്മിറ്റ് ചെയ്തത് ശ്വാസതടസ്സത്തെ തുടര്‍ന്നാണ്. ശ്വാസതടസ്സം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പറയാവുന്ന കാര്യം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നു തന്നെയാണ്. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് വച്ച് കണ്ണടച്ച് കിടക്കുകയാണ്. നഴ്‌സിനോട് ചോദിച്ചു ഉറങ്ങുകയാണോ എന്ന്. നഴ്‌സ് പറഞ്ഞു ഉറങ്ങുകയല്ല, വിളിച്ചോളൂ എന്ന്. തോളത്ത് തട്ടി ഞാന്‍ വിളിച്ചു. ഇന്ന ആളാണ് ഞാന്‍ എന്ന് പറഞ്ഞു. ഒരു പ്രതികരണവുമില്ല. നഴ്‌സ് വന്ന് വിളിച്ച് ഇന്ന ആള് കാണാന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രതികരണമില്ല. അദ്ദേഹത്തിന്റെ ശരീരത്തില്‍ ഓക്‌സിജന്‍ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്', എം എന്‍ കാരശ്ശേരി പറഞ്ഞു.