മുനമ്പത്തെ ഭൂമി വഖഫല്ല; നിര്‍ണായക നിലപാട് മാറ്റവുമായി സിദ്ധിഖ് സേഠിന്റെ മകളുടെ മക്കള്‍; വഖഫ് ട്രിബ്യൂണലിന് മുമ്പാകെ മലക്കം മറിഞ്ഞത് സുബൈദയുടെ രണ്ടുമക്കള്‍; ഇരുവരും സ്വീകരിച്ചത് ഫറൂഖ് കോളേജിന്റെയും മുനമ്പംവാസികളുടെയും വാദം; സിദ്ധിഖ് സേഠിന്റെ മറ്റുബന്ധുക്കള്‍ സ്വീകരിച്ചത് എതിര്‍നിലപാടും

മുനമ്പത്തെ ഭൂമി വഖഫല്ല; നിര്‍ണായക നിലപാട് മാറ്റവുമായി സിദ്ധിഖ് സേഠിന്റെ മകളുടെ മക്കള്‍

Update: 2025-04-08 16:28 GMT

കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാട് തിരുത്തി സിദ്ധിഖ് സേഠിന്റെ മകളുടെ മക്കള്‍. ഫറൂഖ് കോളേജിന് വേണ്ടി ഭൂമി നല്‍കിയത് സിദ്ധിഖ് സേഠായിരുന്നു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചടയ്ക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്. ഇവരുടെ അഭിഭാഷകന്‍ ഇക്കാര്യം വഖഫ് ട്രിബ്യൂണലില്‍ ബോധിപ്പിച്ചു.

കോഴിക്കോട് ട്രൈബ്യൂണലില്‍ പ്രാഥമിക വാദം ആരംഭിച്ചപ്പോള്‍, വഖഫ് ബോര്‍ഡ്, ഫാറൂഖ് കോളജ്, മുനമ്പം നിവാസികള്‍ എന്നിവര്‍ക്കൊപ്പം സുബൈദയുടെ മക്കളില്‍ രണ്ടുപേരും കക്ഷി ചേര്‍ന്നിരുന്നു. അഡ്വ. സജീദാണ് ഇവര്‍ക്കുവേണ്ടി ഹാജരായത്. ഫാറൂഖ് കോളജ് അധികൃതരുടെയും മുനമ്പം നിവാസികളുടേയും അതേ നിലപാടാണ് ഇതുവരെ വഖഫ് ഭൂമിയാണെന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാടാണ് ഇവര്‍ പറവൂര്‍ കേസിലും ബോര്‍ഡിന്റെ സിറ്റിങ്ങിലുമടക്കം ഇതുവരെയെടുത്തത്. ഭൂമി തിരിച്ചെടുക്കണമെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇപ്പോഴത്തെ ഈ മാറ്റമെന്ന് അഭിഭാഷകനോട് ചോദിച്ചപ്പോള്‍ അനന്തരാവകാശികള്‍ക്ക് അങ്ങനെ നിലപാട് മാറ്റാമെന്നായിരുന്നു മറുപടി.

സിദ്ധീഖ് സേഠിന്റെ മകളുടെ മക്കളുടെ ഈ നിലപാട് മാറ്റം ഫാറൂഖ് കോളജിനും മുനമ്പം നിവാസികള്‍ക്കും സഹായകമാവും. ഇതുവരെയുള്ള നടപടികളില്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാട് സ്വീകരിച്ചവര്‍ അതില്‍നിന്ന് മാറിയതിനെ ട്രൈബ്യൂണല്‍ എങ്ങനെ കാണും എന്നതും പ്രധാനമാണ്. അതേസമയം, കേസില്‍ കക്ഷി ചേര്‍ന്ന സിദ്ദീഖ് സേഠിന്റെ മറ്റു ബന്ധുക്കള്‍ ഭൂമി വഖഫാണെന്ന നിലപാടാണ് എടുത്തത്.

ആധാരത്തില്‍ രണ്ട് തവണ 'വഖഫ്' എന്ന് പരാമര്‍ശിച്ചതും ദൈവനാമത്തില്‍ ആത്മശാന്തിക്കായി സമര്‍പ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയെന്നാണ് ഇന്ന് ട്രൈബ്യൂണലില്‍ ബോര്‍ഡ് വാദിച്ചത്. എന്നാല്‍ ഇതിനെ എതിര്‍ത്ത ഫാറൂഖ് കോളജ്, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവര്‍ത്തിച്ചു. ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാല്‍ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

മുഹമ്മദ് സിദ്ദീഖ് സേഠ് ഫാറൂഖ് കോളജിന് വേണ്ടി ഭൂമി വഖഫായി നല്‍കിയ ആധാരമാണ് ജസ്റ്റിസ് രാജന്‍ തട്ടില്‍ പ്രധാനമായും പരിശോധിച്ചത്. ഫാറൂഖ് കോളജ് ഇസ്ലാമികസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലെന്നും അതിനാല്‍ അവര്‍ക്കായി ഭൂമി നല്‍കിയതിനെ വഖഫായി പരിഗണിക്കാനാവില്ലെന്നുമാണ് മുനമ്പം നിവാസികളുടെ അഭിഭാഷകന്‍ വാദിച്ചത്. വാദം നാളെയും തുടരും. നാളെ പറവൂര്‍ സബ് കോടതിയുടെ വിധിയും ഹൈക്കോടതി വിധികളും പരിശോധിക്കും. തുടര്‍ച്ചയായി വാദം കേട്ട് വിധി പുറപ്പെടുവിക്കാനാണ് ജഡ്ജി തീരുമാനിച്ചിരിക്കുന്നത്.

Tags:    

Similar News