'ജോലി ചെയ്ത പണം കിട്ടാനുണ്ട്; മുന്‍ വിദ്യാഭ്യാസ മന്ത്രിയോട് സംസാരിക്കണം'; ടെണ്ടര്‍ തര്‍ക്കം പരിഹരിക്കാന്‍ കുട്ടികളെ ബന്ദികളാക്കി നാടകം; മുംബൈ മുള്‍മുനയിലായ മൂന്ന് മണിക്കൂര്‍; അനുനയ നീക്കം പൊളിഞ്ഞതോടെ കുളിമുറിയുടെ ഗ്രില്‍ തകര്‍ത്ത് അതിവേഗ ഓപ്പറേഷന്‍; അക്രമിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി കുട്ടികളെ സാഹസികമായി രക്ഷിച്ച് മുംബൈ പൊലീസ്

Update: 2025-10-30 14:14 GMT

മുംബൈ: നാഗപൂരില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ഒരു കോടിയുടെ ടെണ്ടര്‍ ജോലികള്‍ ചെയ്തതിന്റെ പണം കിട്ടാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയോട് സംസാരിക്കണമെന്നാവശ്യപെട്ട് 17 കുട്ടികളെ ബന്ദിയാക്കി യുവാവ് നടത്തിയ നീക്കത്തിന് ഒടുവില്‍ സാഹസികമായി കുട്ടികളെ രക്ഷിച്ച് മുംബൈ പൊലീസ്. അഭിനയം പഠിക്കാനെത്തിയ കുട്ടികള്‍ ഉച്ചക്ക് പുറത്തുവരാതിരുന്നതും സ്റ്റുഡിയോയില്‍ നിന്നും എയര് ഗണ്ണിന്റ വെടി പൊട്ടിയതോടെയുമാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ഭീക്ഷണി മുഴക്കി വീഡിയോ പുറത്തുവിട്ട വെബ്സീരിസ് സംവിധായകനെന്ന് അവകാശപ്പെടുന്ന രോഹിത് ആര്യ മുംബൈ പൊലീസ് ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു.

മുംബൈ നഗരം മാത്രമല്ല, രാജ്യംമുഴുവന്‍ മുള്‍മുനയിലായ മണിക്കൂറുകള്‍ക്ക് ഒടുവിലാണ് 17 കുട്ടികളടക്കം 19 പേരെ മുംബൈയിലെ സ്റ്റുഡിയോ കെട്ടിടത്തില്‍നിന്നും സാഹസികമായി രക്ഷിച്ചത്. കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ എന്നയാളാണ് പോലീസ് ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചത്. വെബ്സീരിസ് സംവിധായകനെന്ന് അവകാശപ്പെടുന്ന രോഹിത് ആര്യ മുംബൈ പൊവായിയിലെ 'ആര്‍എ സ്റ്റുഡിയോ'യിലെ ജീവനക്കാരനാണെന്നാണ് വിവരം. ഇയാള്‍ ഒരു യൂട്യൂബ് ചാനലും നടത്തിയിരുന്നു. ഓഡിഷനെന്ന പേരിലാണ് രോഹിത് ആര്യ കുട്ടികളെ 'ആര്‍എ സ്റ്റുഡിയോ' കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നത്. ഏതാനും ദിവസങ്ങളായി ഇവിടെ ഓഡിഷന്‍ നടന്നുവന്നിരുന്നതായാണ് വിവരം.

വ്യാഴാഴ്ച രാവിലെ നൂറോളം കുട്ടികളാണ് സ്റ്റുഡിയോയില്‍ ഓഡിഷനെത്തിയത്. ഓഡിഷന്‍ പൂര്‍ത്തിയാക്കി മിക്കവരെയും പ്രതി പോകാന്‍ അനുവദിച്ചു. എന്നാല്‍, 17 കുട്ടികളടക്കം 19 പേരെ ഇയാള്‍ പിന്നീട് വാതില്‍ പൂട്ടിയിട്ട് ബന്ദികളാക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. ഒരാള്‍ കുട്ടികളെ സ്റ്റുഡിയോ കെട്ടിടത്തില്‍ ബന്ദികളാക്കിയിട്ടുണ്ടെന്നായിരുന്നു ഫോണില്‍വിളിച്ചയറിയിച്ചത്. ഇതോടെ പോലീസുകാര്‍ വിവിധ സംഘങ്ങളായി സംഭവസ്ഥലത്തേക്ക് തിരിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘങ്ങള്‍ ആദ്യം സ്റ്റുഡിയോ കെട്ടിടം വളഞ്ഞു. തുടര്‍ന്ന് രോഹിതിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. കുട്ടികളെ വിട്ടയക്കണമെന്നും കീഴടങ്ങണമെന്നും പോലീസ് ഇയാളോട് അഭ്യര്‍ഥിച്ചു. എന്നാല്‍, ഇയാള്‍ കൂട്ടാക്കിയില്ല. അനുനയശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സ്റ്റുഡിയോക്കുള്ളില്‍ കയറി 'ഓപ്പറേഷന്‍' നടത്താന്‍ പോലീസ് തീരുമാനിച്ചത്. തുടര്‍ന്ന് വളരെ തന്ത്രപൂര്‍വമായിരുന്നു ഓരോനീക്കങ്ങളും.

കുളിമുറിയിലെ ഗ്രില്‍ തകര്‍ത്താണ് പോലീസ് സംഘം സ്റ്റുഡിയോക്കുള്ളിലേക്ക് പ്രവേശിച്ചത്. ഇതിനുപിന്നാലെ തന്നെ കെട്ടിടത്തില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടു. ഏതാനുംനിമിഷങ്ങള്‍ക്കുള്ളില്‍ സ്റ്റുഡിയോ കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ അഞ്ചുപോലീസുകാര്‍ പുറത്തേക്കെത്തി. ഇവര്‍ക്കൊപ്പം കറുത്ത ടീഷര്‍ട്ട് ധരിച്ച് പ്രതി രോഹിത് ആര്യയുമുണ്ടായിരുന്നു. വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.

പോലീസ് ഓപ്പറേഷന് മുന്‍പ് രോഹിത് ആര്യ ഒരുവീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. തനിക്ക് ചില ഡിമാന്‍ഡുകളുണ്ടെന്നും അത് വളരെ ചെറിയ ആവശ്യങ്ങളാണെന്നുമാണ് ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്. തനിക്ക് ചില ആളുകളോട് സംസാരിക്കണം. അവരോട് ചോദ്യങ്ങള്‍ ചോദിക്കണം. തനിക്ക് ഉത്തരങ്ങള്‍ വേണം. വേറെയൊന്നും വേണ്ട. 'ഞാനോരു തീവ്രവാദിയല്ല പണത്തിനുള്ള ഡിമാന്റുമില്ല ചില ന്യായമായ കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. അതിന് അവസരമോരുക്കിയില്ലെങ്കില്‍ കുട്ടികളും താനും മരിക്കും'. ഇതായിരുന്നു കുട്ടികളെ ബന്ദിയാക്കിയ ഉടന്‍ രോഹിത് പുറത്തുവിട്ട വീഡിയോയുടെ സാരം. രോഹിതിന് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നാഗപൂരില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ഒരു കോടിയുടെ ടെണ്ടര്‍ ജോലികള്‍ രോഹിത് എറ്റെടുത്ത് നടത്തിയിരുന്നു. അതില്‍ 80 ലക്ഷത്തോളം ലഭിക്കാനുണ്ട്. ഇതിനായി മുന്‍ വിദ്യാഭ്യാസ മന്ത്രിയോട് സംസാരിക്കണം എന്നായിരുന്നു ആവശ്യം. ടെണ്ടര്‍ ഉണ്ടായിരുന്നുവെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും സമ്മതിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ പ്രതി രോഹിത് ആര്യയെ ഉടനെ തന്നെ ആശുത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം, രോഹിത് ആര്യയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസിന്റെ നിലവിലെ നിഗമനം. ഇയാള്‍ക്ക് മറ്റുക്രിമിനല്‍ പശ്ചാത്തലങ്ങളില്ലെന്നും പ്രാഥമികാന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പ്രതിയെ സംബന്ധിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. പ്രതി വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ എന്താണെന്നും അന്വേഷിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത വസ്തുക്കളും മറ്റും വിശദമായ പരിശോധനയ്ക്കും വിധേയമാക്കും.

എല്ലാവരും സുരക്ഷിതര്‍...

ബന്ദികളാക്കിയ 17 കുട്ടികളടക്കം 19 പേരെയും വൈകീട്ട് 4.45-ഓടെ പോലീസ് സംഘം സുരക്ഷിതരായി മോചിപ്പിച്ചു. കുട്ടികളെല്ലാം 13 വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും ഇവരെയെല്ലാം പ്രത്യേകം ബസുകള്‍ ഏര്‍പ്പാടാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതായും പോലീസ് അറിയിച്ചു. അതേസമയം, സ്റ്റുഡിയോക്കുള്ളില്‍നിന്ന് ഒരു എയര്‍ഗണ്ണും ചില രാസവസ്തുക്കളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പോലീസ് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ രോഹിത് ആര്യ എയര്‍ഗണ്‍ കൊണ്ട് പോലീസിന് നേരേ വെടിയുതിര്‍ത്തെന്നും ഇതോടെയാണ് പോലീസ് തിരിച്ചടിച്ചതെന്നും ചില പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട്ചെയ്തു.

Similar News