നെയ്യാര്‍ റീസര്‍വോയറിലെ കരിമീനും വരാലിനും ഒപ്പം കടല്‍ കടക്കുന്നത് ഒരു തദ്ദേശ ജനതയുടെ വിജയഗാഥ; ആഗോളശ്രദ്ധ നേടി ഡാമിലെ കൂട് മത്സ്യകൃഷി

Update: 2025-10-30 08:07 GMT

തിരുവനന്തപുരം: ഒട്ടേറെ പ്രത്യേകതകളുമായി തുടങ്ങിയ നെയ്യാര്‍ റിസര്‍വോയറിലെ കൂട് മത്സ്യകൃഷി ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നു. റീസര്‍വോയറില്‍ സ്ഥാപിച്ച കൂടുകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കരിമീനും വരാലും യു കെയിലേക്ക് കടല്‍ കടന്നു പോകുമ്പോള്‍ തദ്ദേശീയ ജനതക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഒരു പദ്ധതി കൂടിയാണ് ആഗോളതലത്തില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനിപ്പുറം ഇവിടുത്തെ മത്സ്യകൃഷിയെ കുറിച്ച് വിദേശരാജ്യങ്ങളില്‍ നിന്നടക്കം അന്വേഷണങ്ങള്‍ ഒഴുകിയെത്തുകയാണ് അതിലൂടെ ലോകത്തെ തന്നെ ആദ്യ സംരംഭമെന്ന നിലയില്‍ നേരിട്ട ഒട്ടേറെ വെല്ലുവിളികളെ അതി ജീവിച്ച തദ്ദേശീയ ഗോത്ര വിഭാഗത്തില്‍പെട്ട ജീവനക്കാരുടെ വിജയഗാഥ കൂടി ആയി മാറുകയാണ് നെയ്യാറിലെ ഈ കൂട് മത്സ്യകൃഷി.

നോക്കി നില്‍ക്കുമ്പോള്‍ മഴ പെയ്യുകയും അതിനടുത്ത നിമിഷം വെയില്‍ പാറുകയും ചെയ്യുന്ന സഞ്ചാരികളുടെ പ്രിയ സ്‌പോട്ടുകളിലൊന്നായ അമ്പൂരി പുരവിമലയുടെ താ് വരയില്‍ നെയ്യാര്‍ റിസര്‍വോയറില്‍ നടപ്പിലാക്കിയ കൂട് മത്സ്യകൃഷി ശാസ്ത്രീയ സമീപനം കൊണ്ടും ലക്ഷ്യനേട്ടം കൊണ്ടുമാണ് ശ്രദ്ധിക്കപ്പെടുന്നത്. ശുദ്ധജലാശയങ്ങളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കരിമീന്‍ കൃഷിയും കൂടുകളില്‍ വരാല്‍ കൃഷിയും ആഗോളതലത്തില്‍ തന്നെ ആദ്യമായി നടപ്പിലാക്കിയതെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. റിസര്‍വോയറിലെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെയാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഗോത്രവര്‍ഗ്ഗക്കാരായ തദ്ദേശീയ ജനതയ്ക്ക് ജീവനോപാധി ഉറപ്പുവരുത്തുക, പ്രദേശവാസികളായ ആളുകള്‍ക്ക് കലര്‍പ്പില്ലാത്ത മത്സ്യം പ്രദാനം ചെയ്യുക പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ തദ്ദേശീയ ഇനം മത്സ്യങ്ങളെ മാത്രം ഉല്‍പാദനത്തിനായി തിരഞ്ഞെടുക്കുക തുടങ്ങിയ അടിസ്ഥാനങ്ങളിലൂന്നിയാണ് സര്‍ക്കാര്‍ കൂട് മത്സ്യകൃഷി പദ്ധതി വിഭാവനം ചെയ്തത്.

നദികളിലെ ഡാമുകളുടെ നിര്‍മ്മാണം, അശാസ്ത്രീയ മത്സ്യബന്ധനം തുടങ്ങി പല കാരണങ്ങളാല്‍ ഡാമുകളുടെ വൃഷ്ടി പ്രദേശത്തെ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും,മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമായി അവലംബിച്ചിരുന്ന ഗോത്ര വിഭാഗങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്യുന്നത് കണ്ടെത്തുകയും ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണത്തിന്റെ രൂക്ഷമായ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് റിസര്‍വ്വോയറുകളില്‍ കൂട് മത്സ്യക്കൃഷി പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാര്‍ട്ടിസിപ്പേറ്ററി ഇന്റഗ്രേറ്റഡ് ഫിഷറീസ് ഡെവലപ്‌മെന്റ് ഇന്‍ സെലക്റ്റഡ് റിസര്‍വ്വോയേഴ്സ് ഓഫ് കേരള എന്ന പദ്ധതി നെയ്യാര്‍, പീച്ചി, ഇടുക്കി റിസര്‍വ്വോയറുകളില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. പി.എം.എം.എസ് വൈയില്‍ ഉള്‍പ്പെടുത്തി 10.81 കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിച്ചത്.

നെയ്യാര്‍ റിസര്‍വ്വോയറില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍് തദ്ദേശീയമായി കാണപ്പെടുന്ന കരിമീന്‍, വരാല്‍ മുതലായ മത്സ്യ ഇനങ്ങളെ മറ്റു ജലആവാസ സമൂഹത്തെ ബാധിക്കാത്ത തരത്തില്‍ പ്രത്യേക കേജുകളില്‍ വളര്‍ത്തുന്നതിനായി തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പദ്ധതി നിര്‍വ്വഹണത്തിലെ ഓരോ ഘട്ടവും ആദ്യം ആരംഭിച്ച യൂണിറ്റ് എന്ന നിലയില്‍ നെയ്യാറില്‍ പരീക്ഷണ വിധേയമാക്കി വിജയിപ്പിച്ചതിന് ശേഷമാണ് പിന്നീട്് ഇടുക്കി, പീച്ചി റിസര്‍വ്വോയറുകളില്‍ നടപ്പിലാക്കിയത്. മത്സ്യബന്ധന വകുപ്പിന് കീഴിലുളള ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള (എ.ഡി.എ.കെ) എന്ന സ്ഥാപനം മുഖേന 2024 ല്‍ നെയ്യാറില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ പുരവിമല സെറ്റില്‍മെന്റിലെ 14 പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. വിവിധ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ള ഇവര്‍ക്ക് പെരുവണ്ണാമൂഴി റിസര്‍വ്വോയറില്‍ കേജ് മാനേജ്‌മെന്റില്‍ പ്രാഥമിക പരിശീലനം നല്‍കി. കരിമീന്‍ വരാല്‍ എന്നീ മത്സ്യങ്ങളുടെ കൃഷിരീതിയെ സംബന്ധിച്ച് നെയ്യാര്‍ റിസര്‍വ്വോയറില്‍ വച്ചു തന്നെ നിരന്തരമായ തുടര്‍ പരിശീലനങ്ങളും നല്‍കിയതിനുശേഷമാണ് ജോലിയില്‍ പ്രവേശിപ്പിച്ചത്.

മത്സ്യകൃഷി, മത്സ്യബന്ധനം, മത്സ്യവിപണനം എന്നീ വിവിധ മേഖലകളെ സംയോജിപ്പിച്ചാണ് നിര്‍വഹണ ഏജന്‍സി ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. പദ്ധതി പ്രദേശം വന്യജീവിസംരക്ഷണ നിയമ പ്രകാരമുളള സംരക്ഷിതമേഖല ആയതിനാല്‍ വനം വകുപ്പിന്റെ അനുമതി പദ്ധതി നിര്‍വ്വഹണത്തിന് ആവശ്യമായിരുന്നു. പദ്ധതിയുടെ ഗുണഭോക്താക്കള്‍ വനം വകുപ്പിന് കീഴിലുളള ഇക്കോ ഡെവല്പമെന്റ് കമ്മിറ്റികളിലെ ഗോത്ര വിഭാഗക്കാരാകണമെന്നും വളര്‍ത്തുന്ന മത്സ്യങ്ങള്‍ അതാത് പ്രദേശത്തെ തദ്ദേശമത്സ്യങ്ങളായിരിക്കണമെന്നുമുളള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭ്യമാക്കികൊണ്ടാണ് പദ്ധതിക്കായി നെയ്യാര്‍ റിസര്‍വ്വോയറിലേയ്ക്ക് അനുവദിച്ചിട്ടുള്ള യൂണിറ്റ് പുരവിമല കടവിന് സമീപത്തായി സ്ഥാപിക്കുന്നത്. ആറ് മീറ്റര്‍ നീളവും നാല് മീറ്റര്‍ ഉയരവും നാല് മീറ്റര്‍ വീതിയുമുള്ള 100 ഹൈ ഡെന്‍സിറ്റി പോളി എത്തിലീന്‍ (എച്.ഡി.പി.ഇ) ഫ്‌ളോട്ടിംഗ് കേജുകളാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ ഇതിന്റെ ഭാഗമായി നെയ്യാറില്‍ സ്ഥാപിച്ചത്. ഇതില്‍ സോളാര്‍ വിളക്കുകളും 16 സിസിടിവി ക്യാമറകളും സംഭരണമുറി, വിശ്രമമുറി, സ്റ്റോര്‍മുറികള്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ബോട്ടും, വളളങ്ങളും, മത്സ്യബന്ധന വലകളും ഗുണഭോക്താക്കള്‍ക്ക് നല്‍കിയിട്ടുമുണ്ട്. വിളവെടുത്ത മത്സ്യങ്ങളുടെ വിപണനത്തിനായി ഓരോ കാരിയര്‍ വാഹനവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.


എല്ലാ ബുധനാഴ്ചയും ഞായറാഴ്ചയും പൊതുജനങ്ങള്‍ക്ക് ഇവിടെ മത്സ്യവില്‍പന നടത്തിവരുന്നു. ഒരു കിലോ കരിമീനിന് 450 രൂപയും ഒരു കിലോ വരാലിന് 350 രൂപയുമാണ് വില. തദ്ദേശ വാസികള്‍ക്ക് ആവശ്യമുള്ളത് കഴിഞ്ഞുളള മത്സ്യം കയറ്റി അയച്ചാലോ എന്ന് ആശയത്തിന് പിന്നാലെ യു.കെ.യിലേയ്ക്ക് സാമ്പിള്‍ അയക്കുകയും ഗുണനിലവാര പരിശോധനയെ തുടര്‍ന്ന് 500 കിലോഗ്രാം വീതമുള്ള കണ്‍സൈന്‍മെന്റുകളായി കയറ്റുമതി ചെയ്യുന്നതിന് ഓര്‍ഡര്‍ ലഭിക്കുകയും ചെയ്തും. ഇതിനോടകം അഞ്ചു ടണ്ണില്‍ അധികം മത്സ്യം കയറ്റി അയക്കാനും വില്‍ക്കാനുമായി സാധിച്ചു.

ആരംഭത്തില്‍ വളരെയധികം സാങ്കേതിക പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും അവയെല്ലാം ശാസ്ത്രീയമായ മത്സ്യകൃഷിയില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഗോത്ര വിഭാഗത്തില്‍പ്പെട്ടവരെ കൊണ്ടുതന്നെ വിജയകരമായി തരണം ചെയ്യാന്‍ സാധിച്ചു എന്നത് പദ്ധതിയുടെ വലിയ വിജയമാണെന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. നെയ്യാര്‍ റീസര്‍വോയറിലെ കരിമീനും വരാലിനും ഒപ്പം കടല്‍ കടക്കുന്നത് ഒരു തദ്ദേശ ജനതയുടെ വിജയഗാഥ കൂടിയാണ്.

Similar News