രാത്രി 9 മണിയോടെ സ്‌കൂട്ടര്‍ അബദ്ധത്തില്‍ മനോജിന്റെ കാറിന്റെ റിയര്‍ വ്യൂ മിററില്‍ തട്ടി; ക്ഷമ ചോദിച്ച് ഡെലിവറി ബോയി മുന്നോട്ട് പോയെങ്കിലും രോഷാകുലനായ കളരിയാശാന്‍ വെറുതെ വിട്ടില്ല; സ്‌കൂട്ടറിനെ ചെയ്‌സ് ചെയ്ത് കാറിടിപ്പിച്ച് കൊല; മുഖമുടി ധരിച്ച് സ്ഥലത്തെത്തി കാറിന്റെ അവശിഷ്ടവും മാറ്റി; മലയാളിയായ മനോജും കാശ്മീരിയായ ഭാര്യ ആരതി ശര്‍മ്മയും അഴിക്കുള്ളില്‍; കളരിപ്പയറ്റ് പരീശീലകന്‍ ബംഗ്ലൂരുവിലെ വില്ലനായപ്പോള്‍

Update: 2025-10-30 07:03 GMT

ബംഗളൂരു: ബൈക്ക് യാത്രക്കാരനായ ഭക്ഷണവിതരണ ജീവനക്കാരന്‍ കാറിടിച്ച് മരിച്ചതിന് പിന്നിലെ ഗൂഡാലോചന പുറത്ത്. കൊലക്കേസില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു. ദര്‍ശനെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍, മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാര്‍ (32), ഭാര്യ ആരതി ശര്‍മ (30) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 25നായിരുന്നു സംഭവം. റോഡപകടം എന്നു കരുതിയ സംഭവം സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്തിയത്. നിസ്സാരമായ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയായത്.

പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടിലാണ് സംഭവം നടന്നത്. ബൈക്ക് കാറിന്റെ കണ്ണാടിയില്‍ തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനൊടുവില്‍, ക്ഷമാപണം നടത്തിയ ദര്‍ശന്‍ ഭക്ഷണ വിതരണത്തിനായി പോയി. എന്നാല്‍ മനോജ് കുമാര്‍ ബൈക്കിനെ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ കാര്‍ ബൈക്കിന്റെ പിന്നില്‍ ഇടിച്ചു. നാട്ടുകാര്‍ ദര്‍ശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദര്‍ശന്റെ സഹോദരി ജെപി നഗര്‍ ട്രാഫിക് പൊലീസില്‍ പരാതി നല്‍കി. സംഭവസ്ഥലത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് അപകടത്തിന് മിനിട്ടുകള്‍ക്കു മുന്‍പ് ബൈക്ക് യാത്രക്കാരനുമായി ദമ്പതികള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ബൈക്കില്‍ ഇടിച്ചപ്പോള്‍ ഇളകി വീണ കാറിന്റെ ചില ഭാഗങ്ങള്‍ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതും സിസിടിവിയില്‍ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ഒക്ടോബര്‍ 25-ന് രാത്രി പുട്ടേനഹള്ളി പ്രദേശത്താണ് സംഭവം. ഡെലിവറി ബോയിയായ ദര്‍ശന്‍ സുഹൃത്ത് വരുണിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ദമ്പതികളുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ കണ്ണാടിക്ക് നിസ്സാരമായ കേടുപാടുകള്‍ സംഭവിച്ച ഈ അപകടത്തിന് ശേഷം ദര്‍ശന്‍ ക്ഷമാപണം നടത്തുകയും ബൈക്കോടിച്ച് മുന്നോട്ട് പോകുകയും ചെയ്തു. എന്നാല്‍ മനോജ് കുമാറും ഭാര്യ ആരതി ശര്‍മ്മയും കാറില്‍ ബൈക്കിനെ പിന്തുടര്‍ന്നു. രണ്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം, മനോജ് കുമാര്‍ മനഃപൂര്‍വം കാര്‍ ദര്‍ശന്റെ ബൈക്കില്‍ ഇടിപ്പിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. അപകടത്തില്‍ ദര്‍ശന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന വരുണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയുമാണ്.

ആദ്യം ജെ.പി. നഗര്‍ ട്രാഫിക് പോലീസ് വാഹനാപകട മരണമായി കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ലോകേഷ് ജഗലസര്‍ ഇത് മനഃപൂര്‍വമുള്ള കൊലയാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ദമ്പതികള്‍, തെളിവുകള്‍ നശിപ്പിക്കാനായി മുഖംമൂടി ധരിച്ച് കാറിന്റെ തകര്‍ന്ന ഭാഗങ്ങള്‍ ശേഖരിക്കാന്‍ പിന്നീട് സ്ഥലത്ത് തിരിച്ചെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പുട്ടേനഹള്ളി പോലീസ് സ്റ്റേഷനില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

മനോജ് കുമാര്‍ കളരിപ്പയറ്റ് അധ്യാപകനാണ്. ജമ്മു കശ്മീര്‍ സ്വദേശിനിയാണ് ഭാര്യ ആരതി ശര്‍മ്മ. അഞ്ചു വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം. രാത്രി ഏകദേശം 9 മണിയോടെ ദര്‍ശന്റെ സ്‌കൂട്ടര്‍ അബദ്ധത്തില്‍ മനോജിന്റെ കാറിന്റെ റിയര്‍ വ്യൂ മിററില്‍ തട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. ദര്‍ശന്‍ ക്ഷമ ചോദിച്ച് മുന്നോട്ട് പോയെങ്കിലും, രോഷാകുലനായ മനോജ് കാര്‍ യു-ടേണ്‍ എടുത്ത് സ്‌കൂട്ടറിനെ പിന്തുടര്‍ന്നു. ഇയാള്‍ ദര്‍ശന്റെ സ്‌കൂട്ടറിന് പിന്നില്‍ മനഃപൂര്‍വം കാറിടിപ്പിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

Similar News