നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ സാധ്യത; മന്ത്രിതല ചര്‍ച്ച വിളിച്ച് മുഖ്യമന്ത്രി തേടുന്നത് സമവായ സാധ്യത; നിയമ ഭേദഗതി അടക്കം പരിഗണനയില്‍; വിവാദം കടുക്കുമ്പോള്‍ പരിഹാരം ചിന്തിച്ച് പിണറായി സര്‍ക്കാര്‍

Update: 2024-11-04 03:57 GMT

തിരുവനന്തപുരം: മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ മന്ത്രിതല ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ നടത്തുന്നത് പ്രതിഷേധത്തിന്റെ ശക്തി തിരിച്ചറിഞ്ഞ്. ഉപതെരഞ്ഞെടുപ്പിനു ശേഷം 16ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല ചര്‍ച്ച നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയെ കൂടാതെ റവന്യു മന്ത്രി കെ. രാജന്‍, നിയമമന്ത്രി പി. രാജീവ്, വഖഫിന്റെ ചുമതലയുള്ള മന്ത്രി പി. അബ്ദുറഹ്‌മാന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. മുനമ്പം ഭൂമി അര്‍ഹതയുള്ളവര്‍ക്ക് തന്നെ നല്‍കുമെന്നാണ് സൂചന. മുസ്ലീം ലീഗ് അടക്കം ഇതിന് അനുകൂലമാണെന്ന വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.

മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട് 10 കേസുകള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ടെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. കേസുകള്‍ തീര്‍പ്പാക്കുകയാണു പ്രധാനമായും മന്ത്രിതല യോഗത്തില്‍ ചര്‍ച്ച ചെയ്യുക. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തു നിയോഗിച്ച നിസാര്‍ കമ്മീഷന്‍ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മുനന്പം ഭൂമിയില്‍ വഖഫുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഇതിനെ തരണം ചെയ്യാന്‍ നിയമഭേദഗതി അടക്കമുള്ളവയും ചര്‍ച്ചയ്‌ക്കെത്തും. മുനമ്പത്തെ ഭൂമിക്ക് പകരം സര്‍ക്കാര്‍ ഭൂമി കൊടുക്കണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്. എന്നാല്‍, ഇത്രത്തോളം ഭൂമി നല്‍കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എന്തായാലും മന്ത്രിതല ചര്‍ച്ചയ്ക്കു ശേഷമാകും തുടര്‍ നടപടികള്‍ ആലോചിക്കുക.

നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിലാകും ചര്‍ച്ച. കോടതിയില്‍ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്യും. വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങള്‍ നഷ്ടമായത്. മുനമ്പം പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ജനപ്രതിനിധികളെ പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യണം. ജനങ്ങളുടെ വിഷയത്തില്‍ ഇടപെടാത്തവരോട് രാജി വെച്ച് പോകാന്‍ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെടുന്നത്. മന്ത്രിതല ചര്‍ച്ചയിലൂടെ മാത്രം മുനമ്പത്തെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന വാദവുമുണ്ട്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ മന്ത്രിതല ചര്‍ച്ചയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ പത്തു മിനിറ്റുകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതാണ് മുനമ്പം ഭൂമി തര്‍ക്കമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നു. വഖഫ് ബോര്‍ഡിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയുന്നതാണ് തര്‍ക്കവിഷയം. പക്ഷേ സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞ ഭാവം കാട്ടുന്നില്ല.

മുനമ്പം സമരം 23 ദിവസം പിന്നിട്ടിട്ടും ശാശ്വത പരിഹാരത്തിനായി ഇടപെടാത്ത സര്‍ക്കാര്‍നിലപാട് വര്‍ഗീയശക്തികള്‍ക്ക് നിലമൊരുക്കലാണ്. ജനങ്ങളുടെ ജീവല്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ അഴകൊഴമ്പന്‍ നിലപാടു സ്വീകരിച്ച് കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനുള്ള നീക്കങ്ങളെ യുഡിഎഫ് ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു. മുനമ്പം ഭൂമിപ്രശ്നം പരിഹരിക്കാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദം ചെലുത്തും. വഖഫ് ഭൂമിയെന്ന തര്‍ക്കത്തിന്റെ പേരില്‍ 600ഓളം കുടുംബങ്ങളെ പെരുവഴിയിലാക്കാന്‍ അനുവദിക്കില്ല. മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായി സര്‍വകകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതിനിടെ മുനമ്പം വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News