കാമുകന് വേണ്ടി അമ്മയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച 45കാരിയായ കാമുകി; തലയിടിച്ചു വീണ അമ്മ മരിച്ചെന്ന് ഉറപ്പാക്കി ജിമ്മില്‍ പോയി; സ്വര്‍ണ്ണമാല കാണാനില്ലെന്ന സംശയം പോസ്റ്റുമോര്‍ട്ടമായി; സന്ധ്യയേയും നിധിനേയും കുടുക്കിയത് അതിബുദ്ധി; മുണ്ടൂരില്‍ കൊല നടത്തിയത് സന്ധ്യ ഒറ്റയ്ക്ക്

Update: 2025-11-26 01:30 GMT

തൃശൂര്‍: ശങ്കരകണ്ടം പഞ്ഞമൂലയില്‍ വയോധികയുടെ മരണത്തില്‍ മകളും കാമുകനും അറസ്റ്റിലായാത് മാല കണാനില്ലെന്ന സംശയത്തില്‍. മകള്‍ സന്ധ്യ (45), അയല്‍വാസിയായ ചിറ്റിലപ്പിള്ളി വിട്ടില്‍ നിധിന്‍ (29) എന്നിവരെയാണ് പേരാമംഗലം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സി. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തങ്കമണിയുടെ മാല വലിച്ചുപൊട്ടിക്കുന്നതിനിടെ കഴുത്തില്‍ പിടിച്ചുതള്ളിയപ്പോള്‍ ഉണ്ടായ വീഴ്ചയാണു മരണകാരണമായത്. കഴുത്തില്‍നിന്നു സ്വര്‍ണമാല നഷ്ടപ്പെട്ടതു ശ്രദ്ധയില്‍ പെട്ടതോടെ സംശയം തോന്നിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. തങ്കമണിയുടെ കഴുത്തിലെ രണ്ട് എല്ലുകള്‍ക്കു പൊട്ടല്‍ സംഭവിച്ചിട്ടുള്ളതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെയാണു കൊലപാതകം തെളിഞ്ഞത്.

വീടിനരികിലെ വഴിയോരത്തു ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അയിനിക്കുന്നത്ത് തങ്കമണിയെ (75) മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതോടെയാണ് അറസ്റ്റ്. ഞായറാഴ്ച രാവിലെ തങ്കമണി ചലനമറ്റു കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചതു നിധിന്‍ തന്നെയാണ്. തങ്കമണിയുടെ ഏകമകളാണു സന്ധ്യ. നിധിന്‍ അവിവാഹിതനാണ്. പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ ഉച്ചയോടെ ഇരുവരെയും സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. ശനിയാഴ്ച വൈകിട്ട് 4.30ന് വീട്ടില്‍ തങ്കമണിയും സന്ധ്യയും തമ്മില്‍ വഴക്കിട്ടതിനെത്തുടര്‍ന്ന് സന്ധ്യ അമ്മയെ കഴുത്തില്‍ കുത്തിപ്പിടിച്ച് തള്ളിയിട്ടുവെന്നും തലയിടിച്ചു വീണാണ് തങ്കമണി മരിച്ചതെന്നും പൊലീസ് പറഞ്ഞു.

നിലത്തുകിടന്ന അമ്മയെ സന്ധ്യ തന്നെയാണ് കട്ടിലിലേക്ക് എടുത്തുകിടത്തിയത്. പിന്നീട് നിധിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്നു തങ്കമണിയെ അവരുടെ മുറിയിലേക്ക് മാറ്റിക്കിടത്തുകയും ചെയ്തു. തങ്കമണിയുടെ മാല പൊട്ടിച്ചെടുത്ത് അതിന്റെ പകുതി സന്ധ്യ നിതിന് പണയം വയ്ക്കാന്‍ നല്‍കി. സംഭവത്തിനു ശേഷം സന്ധ്യ വൈകിട്ട് ജിമ്മില്‍ പോയി രാത്രിയോടെ വീട്ടില്‍ തിരിച്ച് എത്തി. ഇതിനിടയില്‍ നിധിന്‍ മുണ്ടൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണം പണയം വച്ച് തിരിച്ചെത്തി. ഇരുവരും ചേര്‍ന്ന് രാത്രി ഏറെ വൈകി തങ്കമണിയുടെ മൃതദേഹം വീടിനു പിറകിലൂടെ പറമ്പിലേക്കുള്ള വഴിയില്‍ കൊണ്ടുവന്നിടുകയായിരുന്നു. ഞായറാഴ്ച രാവിലെ 6ന് നിധിന്‍ തന്നെ നാട്ടുകാരെ വിളിച്ച് തങ്കമണിയുടെ മൃതദേഹം പറമ്പിലെ വഴിയില്‍ കിടക്കുന്ന വിവരം അറിയിക്കുകയായിരുന്നു.

മുഖത്തു ചെറിയ മുറിപ്പാടുകള്‍ കണ്ടെങ്കിലും വീഴ്ചയില്‍ സംഭവിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. കഴുത്തില്‍നിന്നു സ്വര്‍ണമാല നഷ്ടപ്പെട്ടതു ശ്രദ്ധയില്‍ പെട്ടതോടെ സംശയം തോന്നിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുകയായിരുന്നു. കാമുകന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി അമ്മയുടെ സ്വര്‍ണാഭരണം കവരാനുള്ള ശ്രമത്തിനിടെ ശനിയാഴ്ച വൈകുന്നേരം മകള്‍ സന്ധ്യയാണു കൃത്യം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തങ്കമണിയുടെ മാല വലിച്ചുപൊട്ടിക്കുന്നതിനിടെ കഴുത്തില്‍ പിടിച്ചുതള്ളിയപ്പോള്‍ ഉണ്ടായ വീഴ്ചയാണു മരണകാരണമായത്. തങ്കമണി തലയടിച്ചുവീണ് മരിച്ചുവെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

നിധിന്‍ സന്ധ്യയുടെ അയല്‍ക്കാരനാണ്. ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും നിധിനെ സാമ്പത്തികമായി സഹായിക്കാന്‍ സന്ധ്യ അമ്മയുടെ മാല കൈക്കലാക്കാന്‍ ശ്രമിച്ചത് കൊലപാതകത്തിലെത്തുകയായിരുവെന്നും പോലീസ് പറഞ്ഞു. വിദേശത്തായിരുന്ന നിധിന്‍ കോവിഡ് സമയത്ത് നാട്ടിലെത്തിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തിരുന്നെങ്കിലും ഉപേക്ഷിച്ചു. സന്ധ്യയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. ചോദ്യം ചെയ്യലില്‍ ആദ്യം കുറ്റം ചെയ്ത കാര്യം സന്ധ്യ നിഷേധിച്ചെങ്കിലും പൊലീസ് തെളിവുകള്‍ നിരത്തിയതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. നിധിന് പലതവണ സന്ധ്യ പണം നല്‍കിയ കാര്യം പൊലീസ് ഫോണില്‍ നിന്നും കണ്ടെത്തി. ഇരുവരും തമ്മില്‍ പലതവണ ഫോണ്‍ ചെയ്തതിന്റെ വിവരങ്ങളും കണ്ടെത്തി. ശബരിമല യാത്രയിലായിരുന്നു നിധിന്‍ കഴിഞ്ഞദിവസം നാട്ടിലെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് ഇയാള്‍ അയല്‍വാസികളോട് പലതവണ ഫോണ്‍ ചെയ്ത് അന്വേഷിച്ചിരുന്നു. ഈ വിവരം കൂടി ലഭിച്ചതോടെയാണ് നിതിനും അന്വേഷണത്തിന്റെ പരിധിയില്‍ എത്തിയത്.

Tags:    

Similar News