പ്രതികള്‍ക്കെതിരെ 41 സ്പിറ്റ് ചാര്‍ജുകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഇനിയും 10 അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാനുണ്ട്; അന്വേഷണം തീര്‍ന്നിട്ടും വിചാരണ അട്ടിമറിക്കാന്‍ അണിയറ നീക്കം സജീവം; മുട്ടില്‍ മരം മുറിയില്‍ റിപ്പോര്‍ട്ട് ചാനല്‍ ഉടമകള്‍ക്ക് വേണ്ടിയുള്ള കളികള്‍ സജീവം; നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചതിലുണ്ട് അട്ടിമറി തെളിവ്

Update: 2025-09-27 07:00 GMT

കൊച്ചി: കോടികളുടെ മരം മുറിച്ചു കടത്തിയ വയനാട് മുട്ടില്‍ മരം മുറി കേസുകളിലെ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ പ്രതികളായ മരംമുറി കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നും എന്നാല്‍ പത്ത് അനുബന്ധ കുറ്റപത്രങ്ങള്‍ ഇതുവരെയും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും നിയമസഭയെ മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം അറിയിച്ചു. വിചാരണ അട്ടിമറിയിലേക്ക് ഇത് കാര്യങ്ങളെത്തിക്കുമെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ടര്‍ ടിവി ഉടമകളായ റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 12 പ്രതികള്‍ക്കെതിരെയാണ് പ്രധാന കേസില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ 281/21 ക്രൈം നമ്പറായി ഒരു കേസും, സംസ്ഥാനത്തുടനീളം എട്ട് അനുബന്ധ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഗസ്റ്റിന്‍ സഹോദരന്മാരെ കൂടാതെ അന്നത്തെ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറും സ്പെഷ്യല്‍ ഓഫീസറും മരംമുറി സംഘത്തെ സഹായിച്ചവരുമുള്‍പ്പടെ കേസില്‍ ആകെ 12 പ്രതികളാണുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (IPC) വഞ്ചന (420), വിശ്വാസവഞ്ചന (406, 409), വ്യാജരേഖ ചമയ്ക്കല്‍ (468), വ്യാജരേഖ ഉപയോഗിക്കല്‍ (471), ക്രിമിനല്‍ ഗൂഢാലോചന (120B) എന്നീ വകുപ്പുകളും, പൊതുമുതല്‍ നശിപ്പിക്കല്‍ നിയമത്തിലെ (PDPP Act) സെക്ഷന്‍ 3(1) എന്നിവയും ചുമത്തിയിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ 41 സ്പിറ്റ് ചാര്‍ജുകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഇനിയും 10 അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാനുണ്ടെന്നാണ് കോണ്‍ഗ്രസ് അംഗമായ അന്‍വര്‍ സാദത്തിന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. ആദ്യ കുറ്റപത്രവും 30 അനുബന്ധ കുറ്റപത്രങ്ങളും സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യ കുറ്റപത്രം 2023 ഡിസംബര്‍ 2-നാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (JFCM-1 ) കോടതിയില്‍ സമര്‍പ്പിച്ചത്. 2024 ജനുവരി 29-ന് 30 അനുബന്ധ കുറ്റപത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഇതുകഴിഞ്ഞ് 20 മാസങ്ങള്‍ പിന്നിട്ടിട്ടും 10 അനുബന്ധ കുറ്റപത്രങ്ങള്‍ കൂടി സമര്‍പ്പിക്കാനുണ്ടെന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാന്‍ നിര്‍വാഹമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

1964ന് ശേഷം പട്ടയം ലഭിച്ച ഭൂമിയില്‍ സ്വയം കിളിര്‍ത്തതോ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതോ ആയ മരങ്ങള്‍ മുറിക്കാമെന്ന, 2020ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ മറവില്‍ പ്രതികള്‍ കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. 500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കൂടാതെ, ഭൂവുടമകളുടെ പേരില്‍ പ്രതികള്‍ വില്ലേജ് ഓഫിസില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് തിരുവനന്തപുരത്ത് നടത്തിയ ഫോറന്‍സിക് പരിശോധനയിലും വ്യക്തമായി. പൊലീസിനും റവന്യു വകുപ്പിനുമൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

ജില്ലയിലുള്ള മുട്ടില്‍ വില്ലേജിലെ ലാന്റ് അസൈന്‍മെന്റ് പട്ടയ ഭൂമിയില്‍ നിന്നും അനധികൃതമായി മരങ്ങള്‍ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസാണ് മുട്ടില്‍ മരം മുറി കേസ്. 2020-21 വര്‍ഷത്തിലാണ് വയനാട് മുട്ടിലില്‍ കോടികളുടെ അനധികൃത മരംമുറി നടന്നത്. ലാന്റ് അസൈന്‍മെന്റ് പട്ടയം അനുവദിച്ച ഭൂമിയിലെ ചന്ദനം, തേക്ക്, വീട്ടി, എബണി എന്നീ നാല് തരം മരങ്ങളുടെ ഉടമസ്ഥത സര്‍ക്കാരിനാണുള്ളത്. വൃക്ഷവില സര്‍ക്കാരിലേക്ക് അടച്ചാല്‍ പോലും ലാന്റ് അസൈന്‍മെന്റ് പട്ടയത്തിന്റെ കൈവശക്കാരന് ഈ മരങ്ങളുടെ ഉടമസ്ഥത ലഭിക്കില്ല. 2020 ഒക്ടോബര്‍ 24 ന് ഇന്നത്തെ ചീഫ് സെക്രട്ടറിയും അന്നത്തെ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എ ജയതിലക് ഐ എ എസ് പുറത്തിറക്കിയ വിവാദ ഉത്തരവാണ് മുട്ടില്‍ മരം മുറിയുടെ ആധാരം.

ചന്ദനമൊഴികെയുള്ള മറ്റെല്ലാ മരങ്ങളും ഈ ഭൂമികളില്‍ നിന്ന് മുറിക്കാം എന്നായിരുന്നു വിവാദ ഉത്തരവില്‍ ഉണ്ടായിരുന്നത് . അതായത് മേല്‍പ്പറഞ്ഞ പ്രത്യേക മരങ്ങളുടെ പട്ടികയില്‍ ചന്ദനം ഒഴികെ ബാക്കിയുള്ള വീട്ടി, തേക്ക്, എബണി ഒക്കെ ഭൂവുടമകള്‍ക്ക് മുറിക്കാം എന്നായി. മരം മുറിക്കുന്നതിനെതിരെ പോലീസ് , ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കാന്‍ പാടില്ലെന്നും അങ്ങിനെ ആരെങ്കിലും നിന്നാല്‍ അവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നുള്ള അസാധാരണ വ്യവസ്ഥയും ആ ഉത്തരവിലുണ്ടായിരുന്നു. ആ ഉത്തരവോടെ വൃക്ഷവില സര്‍ക്കാരിലേക്ക് അടച്ചാല്‍ പോലും ഉടമസ്ഥത ലഭിക്കില്ലാത്ത ഈ വന്‍ മരങ്ങളൊക്കെ ഉടമസ്ഥരുടെ സ്വന്തമായി മാറി.

കേവലം മൂന്ന് മാസം മാത്രമായിരുന്നു ആ ഉത്തരവിനുണ്ടായിരുന്ന അയുസ്സ്. ആ ചുരുങ്ങിയ കാലം കൊണ്ട് വന്‍ തോതില്‍ മരം മുറി നടന്നു. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ട് എറണാകുളത്തും തൃശൂരും ഇടുക്കിയിലും ഒക്കെ കോടികളുടെ വനംകൊള്ളയാണ് ഉണ്ടായത്. യനാട് ജില്ലയിലെ മുട്ടില്‍ ഗ്രാമത്തില്‍ നടന്നത് സമാനതകളില്ലാത്ത മരം മുറിയായിരുന്നു. 1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയില്‍ സ്വയം കിളിര്‍ത്തതോ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതോ ആയ മരങ്ങള്‍ മുറിക്കാമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇതിന്റെ മറവില്‍ പ്രതികള്‍ കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മുട്ടില്‍ വില്ലേജില്‍ നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചിട്ടുള്ളത് എന്നാണ് കണക്ക്.


മുട്ടില്‍ നടന്ന വ്യാപക മരംമുറിയില്‍ പ്രധാന പ്രതികളായത് സഹോദരങ്ങളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും ആയിരുന്നു. മാംഗോ ഫോണ്‍ തട്ടിപ്പിലൂടെ കുപ്രസിദ്ധരായ വ്യവസായികളാണ് അഗസ്റ്റിന്‍ ബ്രദേഴ്‌സ്. വ്യാജരേഖ ചമയ്ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ കൂടാതെ സര്‍ക്കാറിലേക്ക് നിക്ഷിപ്തമായ മരങ്ങള്‍ മുറിച്ചതിന് ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ടും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്നത്തെ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറും സ്‌പെഷ്യല്‍ ഓഫീസറും മരംമുറിസംഘത്തെ സഹായിച്ചവരുമുള്‍പ്പടെ കേസില്‍ പ്രതികളായി. വയനാട് വാഴവറ്റ സ്വദേശികളും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമകളുമാണ് റോജിഅഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവര്‍.

ആദിവാസികളായ കര്‍ഷകരുള്‍പ്പെടെ ഭൂവുടമകള്‍ മരം മുറിക്കാന്‍ സമ്മതിച്ചുകൊണ്ട് എഴുതി നല്‍കിയതെന്നനിലയില്‍ പ്രതികള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ച കത്തുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. മുഖ്യപ്രതി റോജി അഗസ്റ്റിന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ അപേക്ഷയാണ് ഇതെന്ന് ഫൊറന്‍സിക്ക് പരിശോധനയില്‍ കണ്ടെത്തി. ഇത്തരത്തില്‍ ഏഴ് കത്തുകളാണ് റോജി ഹാജരാക്കിയിരുന്നത്. 104 മരങ്ങളാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ മുട്ടിലില്‍ നിന്ന് മുറിച്ചെടുത്തത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പൊലീസിനും റവന്യു വകുപ്പിനുമൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നു.

Tags:    

Similar News