എംവിഡി ചതിച്ചാശാനേ..! 'പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല'; കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ തകര്‍ത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന വകുപ്പ്; കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് പരിഹസിച്ചതിന് പിന്നാലെ നടപടി
എംവിഡി ചതിച്ചാശാനേ..! 'പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല'; കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ തകര്‍ത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ തകര്‍ത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന വകുപ്പ്. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് നോട്ടീസ് നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തുവന്നിരുന്നു. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കാണിച്ച് സാമൂഹിക മാധ്യമത്തില്‍ പരിഹസിച്ചതിന് തൊട്ടു പിന്നാലെയാണ് നടപടി.
ഏഴു ദിവസത്തിനകം പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. 'ശബ്ദമലിനീകരണം തടയാന്‍ വായു മലിനീകരണം ആകാമെന്ന'് പരിഹസിച്ചുകൊണ്ടായിരുന്നു ജ്യോതികുമാര്‍ ചാമക്കാലയുടെ പോസ്റ്റ്. പിടിച്ചെടുത്ത എയര്‍ഹോണുകള്‍ ഫൈന്‍ ഈടാക്കിയതിന് പുറമെയാണ് റോഡ്റോളര്‍ കയറ്റി നശിപ്പിച്ചത്. ജില്ലയില്‍നിന്ന് പിടികൂടിയ 500 ഓളം എയര്‍ ഹോണുകള്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിനുസമീപം കമ്മട്ടിപ്പാടത്ത് റോഡില്‍ നിരത്തി മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചശേഷം മണ്ണുമാന്തിയന്ത്രത്തില്‍ ഘടിപ്പിച്ച റോളര്‍ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു.
എയര്‍ഹോണ്‍ പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശാനുസരണമായിരുന്നു എയര്‍ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചത്. നിരോധിത എയര്‍ഹോണ്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനവ്യാപകമായി പരിശോധന തുടങ്ങിയത് ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. ഹൈക്കോടതി ജഡ്ജിയുടെ കാറിനെ ഇത്തരം എയര്‍ഹോണ്‍ അടിച്ച് സ്വകാര്യബസ് ഡ്രൈവര്‍ ശല്യംചെയ്തതിനുപിന്നാലെയാണ് മോട്ടോര്‍വാഹനവകുപ്പ് വാഹനപരിശോധന ശക്തമാക്കിയത്.
ഇവ വീണ്ടും വ്യാപകമായതോടെ ഗതാഗത സെക്രട്ടറിയോടും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറോടും കോടതി വിശദീകരണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഒരാഴ്ചത്തെ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. കോതമംഗലം ബസ്സ്റ്റാന്‍ഡ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഉദ്ഘാടനംചെയ്യുമ്പോള്‍ സമീപത്തുകൂടി അമിതമായി ഹോണ്‍മുഴക്കി സ്വകാര്യബസ് പാഞ്ഞുപോയതും നടപടി കടുപ്പിക്കാന്‍ കാരണമായി.
പരിശോധനയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സൂപ്പര്‍ ചെക്കിങ് സ്‌ക്വാഡിനെയും കമ്മിഷണര്‍ രൂപവത്കരിച്ചിട്ടുണ്ട്. സ്‌ക്വാഡ് നടത്തുന്ന പരിശോധനയില്‍ വാഹനങ്ങളില്‍ എയര്‍ഹോണ്‍ കണ്ടെത്തിയാല്‍ ആ പ്രദേശത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും.
വാഹനങ്ങളില്‍നിന്ന് പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ പൊതുസ്ഥലത്തുവെച്ച് റോഡ്റോളര്‍ കയറ്റി നശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞദിവസം നിര്‍ദേശം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പടികൂടിയ എയര്‍ഹോണുകള്‍ റോഡ് റോളര്‍ കയറ്റി ഉദ്യോഗസ്ഥര്‍ തകര്‍ത്തത്. എയര്‍ഹോണുകള്‍ വീണ്ടും ഉപയോഗിക്കാതിരിക്കാന്‍വേണ്ടിയാണ് പിടിച്ചെടുക്കുന്നത്. സാധാരണ ഇവ ഓഫീസുകളില്‍ സൂക്ഷിക്കാറുണ്ട്. നശിപ്പിക്കാനുള്ള നീക്കത്തിനെതിരേ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാകുമെന്ന ഭയം ഉദ്യോഗസ്ഥര്‍ക്കുണ്ട്.