പിണറായിയുടെ അതിവിശ്വസ്തനും സ്വര്‍ണ്ണ കൊള്ളയില്‍ പ്രതി; ശബരിമലയെ അക്ഷരാര്‍ത്ഥത്തില്‍ ഭരിച്ച അത്യുന്നതനെ അറസ്റ്റു ചെയ്യാന്‍ മടിക്കുന്നത് വിവാദത്തില്‍; ചോദ്യം ചെയ്ത് വിട്ടയച്ചത് ഹൈക്കോടതിയെ കാര്യങ്ങള്‍ ബോധിപ്പിച്ച് കൈവിലങ്ങ് വയ്ക്കാനെന്ന് സൂചന; വാസുവിനെ കൈവിലങ്ങ് വയ്ക്കുമോ?

Update: 2025-11-05 01:07 GMT

തിരുവനന്തപുരം: ഒടുവില്‍ സ്വര്‍ണ്ണ കൊള്ള അന്വേഷണം ഉന്നതരിലേക്ക്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതിപ്പട്ടികയില്‍. മൂന്നാം പ്രതി സ്ഥാനത്താണ് വാസുവിന്റെ പേരുള്ളത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കുന്നത്. ഇതോടെ വാസുവിനെ അറസ്റ്റു ചെയ്യേണ്ട ആവശ്യം വരികയാണ്. കേസില്‍ മൂന്ന് പേരാണ് അറസ്റ്റിലായത്. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പുറമേ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായ സുധീഷ് കുമാറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവും. സുധീഷന്റെ മൊഴിയാണ് വാസുവിന് നിര്‍ണ്ണായകമായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വാസു പ്രസിഡന്റായിരിക്കുമ്പോള്‍ സുധീഷ് കുമാര്‍ പിഎ ആയിരുന്നു. അതായത് പ്രതിപട്ടികയില്‍ വാസു എത്തുമ്പോള്‍ ഞെട്ടുന്നത് സിപിഎമ്മാണ്. കുളനട പഞ്ചായത്തില്‍ പ്രസിഡന്റായ സിപിഎമ്മുകാരനാണ് വാസു. അതിന് ശേഷമാണ് വാസു ജ്യുഡീഷ്യല്‍ ഓഫീസറായതും ഔദ്യോഗിക പദവിയിലേക്ക് പോകുന്നതും.

കേസില്‍ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ബുധനാഴ്ച്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഹൈക്കോടതി അനുമതിയോടെ വാസുവിനേയും അറസ്റ്റു ചെയ്യാനാണ് സാധ്യത. നേരത്തെ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വാസു രണ്ടുതവണ ദേവസ്വം കമ്മീഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കുശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായിട്ടാണ് വാസു അറിയപ്പെട്ടിരുന്നത്. ഇതു കാരണമാണ് കമ്മീഷണര്‍ പദവിയില്‍ നിന്നും വാസു പ്രസിഡന്റായി ഉയര്‍ത്തപ്പെട്ടത്. സ്ത്രീ പ്രവേശന വിധി സമയത്ത് സര്‍ക്കാരിന് വേണ്ടി നിയമ കാര്യങ്ങളില്‍ ഇടപെട്ടതും വാസുവായിരുന്നു.

ദ്വാരപാലക ശില്‍പങ്ങളുടേയും ശ്രീകോവിലിന്റേയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വാസുവിന് ഇമെയില്‍ അയച്ചിരുന്നു. 2019 ഡിസംബര്‍ ഒമ്പതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ തനിക്ക് വന്നിരുന്നു എന്ന് വാസുവും പിന്നീട് സമ്മതിച്ചിരുന്നു. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളിയെ രേഖകളില്‍ ചെമ്പാക്കിയത് അന്നു ദേവസ്വം കമ്മിഷണറായിരുന്ന എന്‍.വാസുവാണെന്നു കണ്ടെത്തിയിട്ടും മുന്നോട്ടു പോകാതെ പ്രത്യേക അന്വേഷണ സംഘം മടിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഓരോ പ്രതിയുടെയും കസ്റ്റഡി അപേക്ഷയില്‍ ഇവര്‍ സ്വാധീനമുള്ളവരാണെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും കേസ് അട്ടിമറിക്കുമെന്നും പറയുന്ന എസ്‌ഐടി, പ്രതിപ്പട്ടികയിലെഏറ്റവും സ്വാധീനമുള്ള വ്യക്തിയുടെ കാര്യത്തില്‍ വലിയ ഇളവുകളാണു നല്‍കുന്നത്. ഇതിന് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദമാണ്. ഹൈക്കോടതിയില്‍ നിന്നും ശുപാര്‍ശ കിട്ടിയാല്‍ അറസ്റ്റ് എന്നതാണ് എസ് എ ടി നിലപാട്.

2 തവണ ദേവസ്വം കമ്മിഷണറും സ്വര്‍ണക്കൊള്ള നടന്നു മാസങ്ങള്‍ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ആയ എന്‍.വാസുവിനു ദേവസ്വംബോര്‍ഡില്‍ മറ്റാരേക്കാള്‍ സ്വാധീനമുണ്ട്. വാസുവിന്റെ ഇടപാടുകള്‍ പുറത്തു വന്നാല്‍ അതു കൂടുതല്‍ ബാധിക്കുക സംസ്ഥാന സര്‍ക്കാരിനെയാകും. യുവതിപ്രവേശമടക്കമുള്ള സംഭവങ്ങള്‍ വാസു കമ്മിഷണറായിരുന്ന സമയത്താണുണ്ടായത്. കമ്മിഷണര്‍ സ്ഥാനത്തു നിന്നു പടിയിറങ്ങി 7 മാസത്തിനുള്ളില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി വാസു മടങ്ങിയെത്തി. സിപിഎം കേന്ദ്രങ്ങളെപോലും അമ്പരപ്പിച്ച നിയമനമായിരുന്നു അത്.

Tags:    

Similar News